ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വിവാദ പ്ലേയോഫ് മത്സരത്തിനെ സംബന്ധിച്ച് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ചര്‍ച്ച ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് – ബാംഗ്ലൂര്‍ മത്സരത്തില്‍ സുനില്‍ ചേത്രി നേടിയ ഗോള്‍ അനുവദിച്ചു എന്ന കാരണത്താല്‍ കേരള ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്കരിച്ചിരുന്നു. മത്സരത്തില്‍ പിഴവുകള്‍ വരുത്തിയ റഫറിയെ വിലക്കണമെന്നും പ്ലേയോഫ് മത്സരം വീണ്ടും നടത്തണമെന്നുമാണ് ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടത്.
ഇന്നാല്‍ ചര്‍ച്ചയില്‍ ബ്ലാസ്റ്റേഴ്സിന്‍റെ പരാതി തള്ളി. കൂടാതെ അച്ചടക്ക ലംഘനം നടന്നതായും ഫുട്ബോള്‍ ഫെഡറേഷന്‍ കണ്ടെത്തി. കേരള ബ്ലാസ്റ്റേഴ്സിനെതിരെ ചാര്‍ജ് നോട്ടിസ് നല്‍കുകയും ചെയ്തു. കുറഞ്ഞത് 6 ലക്ഷം രൂപ പിഴയും ഗുരുതരമായ കേസുകളിൽ, പുരോഗമിച്ചു കൊണ്ടിരിക്കുന്ന മത്സരത്തിൽ നിന്നുള്ള അയോഗ്യത അല്ലെങ്കിൽ ഭാവിയിലെ മത്സരത്തിൽ നിന്ന് ഒഴിവാക്കല്‍ എന്നിവയാണ് ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്ന ശിക്ഷകള്‍. കൂടുതല്‍ അന്വേഷണത്തിനു ശേഷം ഇത് തീരുമാനിക്കും.
മത്സരം നിയന്ത്രിച്ച ക്രിസ്റ്റല്‍ ജോണും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. തന്‍റെ തീരുമാനം ശരിയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. റഫറിയുടെ ഭാഗത്ത് തെറ്റില്ല എന്നാണ് എ ഐ എഫ് എഫിന്റെ കണ്ടെത്തൽ. അതുകൊണ്ട് തന്നെ റഫറിക്ക് എതിരെ നടപടി ഉണ്ടാകാനും സാധ്യതയില്ല.