ബാംഗ്ലൂർ എഫ് സിയുമായുള്ള മത്സരത്തിനിടെ ഉണ്ടായ വിവാദ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുൻപാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെയും പരിശീലകൻ ഇവാൻ വുകാമനോവിച്ചിനെതിരെയുമുള്ള നടപടി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം ഖേദപ്രകടനം നടത്തിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സും ഇവാനും രംഗത്തെത്തിയിരുന്നു. ആദ്യം മാപ്പ് പറയില്ല എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ക്ഷമാപണം നടത്തുകയായിരുന്നു.
ഇപ്പോൾ ഇതാ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസം പകരുന്ന വാർത്തയാണ് പുറത്തു വരുന്നത്. മാപ്പ് പറഞ്ഞതിന് പിന്നാലെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റ് ഷാജി പ്രഭാകർ നടത്തിയ പ്രതികരണമാണ് ആശ്വാസം നൽകുന്നത്. പിഴ ശിക്ഷയും വിലക്കും മാപ്പ് പറഞ്ഞെങ്കിലും അതുപോലെ തന്നെ നിലനിൽക്കും. ഇക്കാര്യവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രതികരണം നടത്തിയിരിക്കുന്നത്.
സൗഹൃദ മത്സരങ്ങൾ ഒഴിച്ച് ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കീഴിൽ വരുന്ന എല്ലാ ഫുട്ബോൾ മത്സരങ്ങളും വിലക്കിൻ്റെ പരിധിയിൽ വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. അടുത്ത ഐഎസ്എൽ സീസണിന് മുൻപായി സൂപ്പർ കപ്പ്, ഡ്യൂറൻഡ് കപ്പ് നടക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ ടൂർണമെൻ്റുകളിലെ മത്സരങ്ങൾ എല്ലാം വിലക്കിന്റെ പരിധിയിൽ വരും. ഈ വാർത്ത കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് വളരെയധികം ആശ്വാസം നൽകുന്നതാണ്.
സൂപ്പർ കപ്പ് ഈ അടുത്ത ദിവസം തന്നെ തുടങ്ങും. ഈ ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടം കടന്ന് നോക്കൗട്ട് ഘട്ടങ്ങളിൽ മത്സരിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചാൽ വിലക്കിയ മത്സരങ്ങൾ അടുത്ത ഐഎസ്എൽ തുടങ്ങുന്നതിന് മുൻപായി തന്നെ തീർക്കാൻ സാധിക്കും. സൂപ്പർ കപ്പിനുള്ള ടീമിനെ കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരുന്നു. സൂപ്പർ താരം അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സ് ടീമിൻ്റെ കൂടെയില്ല.