ഇന്ത്യൻ സൂപ്പർ ലീഗ് വമ്പൻമാരായ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടിയുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഐഎസ്എൽ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ വിവാദ ഗോളിനെ തുടർന്ന് മത്സരം പൂർത്തിയാക്കാതെ കേരള ബ്ലാസ്റ്റേഴ്സ് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയിരുന്നു. ബാംഗളൂരു നായകൻ സുനിൽ ഛേത്രിയുടെ വിവാദ ഗോളിൽ റഫറിയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു മഞ്ഞപ്പട ഇത്തരം ഒരു കാര്യം ചെയ്തത്.
ഈ വിഷയത്തിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനെതിരെ അഞ്ച് മുതൽ 7 കോടി രൂപ വരെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പിഴ ചുമത്തും എന്ന് അറിയാൻ സാധിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയെടുക്കുന്നത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക കമ്മിറ്റിയാണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത് കേരള ബ്ലാസ്റ്റേഴ്സിന് പിഴ ചുരുങ്ങിയത് അഞ്ചോ കൂടിയാൽ 7 കോടിയോ ആയിരിക്കും എന്നാണ്.
ഈ പിഴ ചുമത്തുകയാണെങ്കിൽ ഇന്ത്യൻ ഫുട്ബോളിൽ ഒരു ക്ലബ്ബിനെതിരെ ചുമത്തുന്ന ഏറ്റവും വലിയ പിഴ ആയിരിക്കും ഇത്. ഈ ശിക്ഷ മാത്രമാണ് ബ്ലാസ്റ്റേഴ്സിനെതിരെ ഉണ്ടാവുകയുള്ളൂ. അടുത്ത സീസണിൽ പോയിൻ്റ് കുറയ്ക്കുകയോ അത്തരത്തിലുള്ള യാതൊരുവിധ നടപടികളോ ഉണ്ടാവുകയില്ല. എന്നാൽ പരിശീലകൻ ഇവാൻ വുകാമനോവിച്ചിനെതിരെ പ്രത്യേക നടപടി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സ്വീകരിക്കും.
പുറത്ത് വരുന്ന സൂചനകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്റെ സെർബിയൻ പരിശീലകനെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി വിലക്കിയേക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സ് പരിശീലകനെ പിന്തുണയുമായി മഞ്ഞപ്പട ആരാധകക്കൂട്ടവും രംഗത്തുണ്ട്. അതേസമയം ബ്ലാസ്റ്റേഴ്സിന്റെ പ്രതിഷേധം ഇന്ത്യൻ ഫുട്ബോളിന് ഗുണകരമായിരിക്കുകയാണ്. അടുത്ത സീസൺ മുതൽ ഐഎസ്എല്ലിൽ വാർ ലൈറ്റ് സംവിധാനം ഉപയോഗിക്കുവാൻ ഒരുങ്ങുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.