ശ്രേയസ് അയ്യരുടെ ശക്തമായ പോരാട്ടത്തിൽ കരകയറി ഇന്ത്യ.. 160 റൺസ് പ്രതിരോധിക്കുമോ?

shreyas vs australia

ഓസ്ട്രേലിയക്കെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയുടെ ശക്തമായ ബാറ്റിംഗ് പോരാട്ടം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 160 റൺസാണ് നേടിയത്. ബാറ്റിംഗിന് അത്ര അനുകൂലമല്ലാത്ത പിച്ചിൽ ശ്രേയസ് അയ്യരുടെയും അക്ഷർ പട്ടേലിന്റെയും മികവിലായിരുന്നു ഇന്ത്യ 160 എന്ന സ്കോർ സ്വന്തമാക്കിയത്. ഇന്ത്യയുടെ മറ്റു ബാറ്റർമാരൊക്കെയും വലിയ ഇന്നിംഗ്സുകൾ കാഴ്ചവയ്ക്കാൻ ബുദ്ധിമുട്ടിയപ്പോൾ ശ്രേയസ് അയ്യർ ഇന്ത്യയെ കൈപിടിച്ചു കയറ്റുകയായിരുന്നു. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് തരക്കേടില്ലാത്ത ഒരു ബാറ്റിംഗ് പ്രകടനം തന്നെയാണ് മത്സരത്തിൽ കാഴ്ച വെച്ചിട്ടുള്ളത്.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ പിച്ച് ബാറ്റിംഗിന് അനുകൂലമാണ് എന്ന് തോന്നിച്ചെങ്കിലും പിന്നീട് പിച്ചിന്റെ സ്വഭാവം മാറുന്നതാണ് കണ്ടത്. ഇന്ത്യക്കായി ഓപ്പണർമാരായ ജയസ്വാളും ഋതുരാജും തരക്കേടില്ലാത്ത തുടക്കം തന്നെ മത്സരത്തിൽ നൽകി. എന്നാൽ പവർ പ്ലേഓവറുകളിൽ തന്നെ ഇരുവരെയും പുറത്താക്കി ഓസ്ട്രേലിയ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ജയസ്വാൾ 21 റൺസും ഋതുരാജ് 10 റൺസുമാണ് മത്സരത്തിൽ നേടിയത്. ശേഷമെത്തിയ നായകൻ സൂര്യകുമാർ യാദവും(5) പെട്ടെന്ന് കൂടാരം കയറിയതോടെ ഇന്ത്യ പതറുകയായിരുന്നു.

ഒരുവശത്ത് ശ്രേയസ് അയ്യർ ക്രീസിലുറച്ചെങ്കിലും മറുവശത്ത് വിക്കറ്റുകൾ തുടരെ നഷ്ടമായി കൊണ്ടിരുന്നു. ശേഷം ജിതേഷ് ശർമയാണ് ശ്രേയസ് അയ്യർക്കൊപ്പം അല്പസമയം ക്രീസിലുറച്ചത്. ജിതേഷ് മത്സരത്തിൽ 16 പന്തുകളില്‍ 3 ബൗണ്ടറികളും ഒരു സിക്സറുടക്കം 24 റൺസ് നേടുകയുണ്ടായി. പിന്നീട് അവസാന ഓവറുകളിൽ അക്ഷർ പട്ടേലും ശ്രേയസ് അയ്യരും ചേർന്ന് ഇന്ത്യയെ കൈപിടിച്ചു കയറ്റുന്നതാണ് കണ്ടത്. മത്സരത്തിൽ ഇന്ത്യയ്ക്ക് പൊരുതാൻ സാധിക്കുന്ന ഒരു സ്കോർ കണ്ടെത്തിയത് ശ്രേയസ് അയ്യരും അക്ഷർ പട്ടേലും ചേർന്നായിരുന്നു.

ശ്രേയസ് അയ്യര്‍ മത്സരത്തിൽ 37 പന്തുകളിൽ 53 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 5 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെട്ടു. അക്ഷർ പട്ടേൽ 21 പന്തുകളിൽ 31 റൺസ് നേടി അയ്യർക്ക് മികച്ച പിന്തുണ നൽകി. ഇങ്ങനെയാണ് ഇന്ത്യ മത്സരത്തിൽ 160 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തിയത്. മറുവശത്ത് ഓസ്ട്രേലിക്കായി ബോളർമാരൊക്കെയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. എന്തായാലും ബാറ്റിംഗിന് അത്ര അനുകൂലമല്ലാത്ത പിച്ചിൽ പൊരുതാനാവുന്ന ഒരു സ്കോർ തന്നെയാണ് ഇന്ത്യ നേടിയിരിക്കുന്നത്. മികച്ച ബോളിംഗ് പ്രകടനം കൂടി കാഴ്ചവയ്ക്കാനായാൽ ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയം സ്വന്തമാക്കാം.

Scroll to Top