2023 ലോകകപ്പിനുള്ള ക്വാളിഫയർ റൗണ്ടിൽ വമ്പൻ വിജയവുമായി സിംബാബ്വെ. കരുത്തരായ വെസ്റ്റിൻഡീസ് ടീമിനെ 35 റൺസിനാണ് സിംബാബ്വെ മത്സരത്തിൽ തൂത്തെറിഞ്ഞത്. ബാറ്റിംഗിൽ സിംബാബ്വെയ്ക്കായി സിക്കന്ദർ റാസ നിറഞ്ഞാടിയപ്പോൾ, ബോളിങ്ങിൽ ചതര മികവുപുലർത്തുകയായിരുന്നു. ക്വാളിഫയറിൽ തുടർച്ചയായി മൂന്നാമത്തെ മത്സരത്തിലാണ് സിംബാബ്വെ വിജയം നേടുന്നത്. സിംബാബ്വെ ടീമിന് വളരെയധികം ആത്മവിശ്വാസം നൽകുന്ന വിജയമാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിംഗിനിറങ്ങിയ സിംബാബ്വെയ്ക്ക് മികച്ച തുടക്കം തന്നെയാണ് നായകൻ എർവിൻ നൽകിയത്. 58 പന്തുകളിൽ 47 റൺസായിരുന്നു എർവിൻ നേടിയത്. പിന്നാലെയെത്തിയ ബാറ്റർമാരും ടീമിനായി മികച്ച സംഭാവന നൽകി. സിംബാബ്വെയ്ക്കായി സിക്കന്ദർ റാസ 58 പന്തുകളിൽ 68 റൺസ് നേടുകയുണ്ടായി. റയാൻ ബേള്‍ 57 പന്തുകളിൽ 50 റൺസ് നേടി സ്കോർബോർഡ് ചലിപ്പിച്ചു. ഇങ്ങനെ നിശ്ചിത 50 ഓവറുകളിൽ 268 റൺസായിരുന്നു സിംബാബ്വെ നേടിയത്. വിൻഡിസ് നിരയിൽ കീമോ പോൾ 61 റൺസ് വിട്ടുനൽകി 3 വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിംഗിൽ വെസ്റ്റിൻഡീസിന് കാര്യങ്ങൾ എളുപ്പമാവും എന്നാണ് എല്ലാവരും കരുതിയത്. മികച്ച തുടക്കമായിരുന്നു കൈൽ മേയെഴ്സ് ടീമിന് നൽകിയത്. 72 പന്തുകൾ നേരിട്ട മേയെഴ്സ് 56 റൺസ് നേടി. മധ്യനിരയിലെ ബാറ്റർമാർക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും അതു മുതലെടുക്കാൻ സാധിക്കാതെ വന്നതോടെ മത്സരം കൈവിട്ടു പോവുകയായിരുന്നു. ഷൈ ഹോപ്(30) പൂറൻ(34) റോസ്റ്റൺ ചെയ്‌സ്(44) എന്നിവർ മധ്യനിരയിൽ പോരാട്ടവീര്യം കാട്ടിയെങ്കിലും ഇന്നിംഗ്സുകൾ വലുതാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു. ഒപ്പം സിംബാബ്വൻ ബോളിംഗ് നിര തങ്ങളുടെ കാണികൾക്ക് മുമ്പിൽ വെച്ച് വീര്യം കാട്ടിയതോടെ വിൻഡീസ് മത്സരം കൈവിടുകയായിരുന്നു.
മത്സരത്തിൽ 35 റൺസിന്റെ വിജയമാണ് സിംബാബ്വെ നേടിയത്. ഈ വിജയത്തോടെ ടൂർണമെന്റിൽ വലിയ ആത്മവിശ്വാസം വീണ്ടെടുക്കാൻ സിംബാബ്വെയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ ഗ്രൂപ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിലും സിംബാബ്വെ വിജയം കണ്ടിട്ടുണ്ട്. അതിനാൽ തന്നെ സൂപ്പർ സിക്സിൽ സിംബാബ്വെ ഇടംപിടിച്ചു. മറുവശത്ത് വെസ്റ്റിൻഡീസിനെ സംബന്ധിച്ച് വളരെ നിരാശാജനകമായ പ്രകടനം തന്നെയാണ് മത്സരത്തിൽ കാഴ്ചവച്ചത്.