പത്ത് വിക്കറ്റ് വിജയവുമായി ഇന്ത്യന്‍ യുവനിര. ടി20 പരമ്പര സ്വന്തമാക്കി.

jaiswal and gill

സിംബാബ്വെയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. പൂർണ്ണമായും ആധിപത്യം സ്ഥാപിച്ച് 10 വിക്കറ്റുകളുടെ കൂറ്റൻ വിജയമാണ് ഇന്ത്യ മത്സരത്തിൽ നേടിയത്. ഇന്ത്യയ്ക്കായി ഓപ്പണർമാരായ ജയസ്വാളും നായകൻ ഗില്ലും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം മത്സരത്തിൽ പുറത്തെടുത്തു.

ബോളിങ്ങിൽ ഖലീൽ അഹമ്മദ് മികവ് പുലർത്തിയപ്പോൾ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. പരമ്പരയിലെ അവസാന മത്സരം നാളെയാണ് നടക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കമാണ് മത്സരത്തിൽ സിംബാബ്വെയ്ക്ക് ലഭിച്ചത്. ആദ്യ വിക്കറ്റിൽ 63 റൺസ് കൂട്ടിച്ചേർക്കാൻ സിംബാബ്വെയുടെ ഓപ്പണർമാർക്ക് സാധിച്ചു. മറുമാണി 32 റൺസും മദവേരെ 25 റൺസുമാണ് നേടിയത്.

പിന്നീട് നായകൻ സിക്കന്ദർ റാസ കൂടി അടിച്ചു തകർത്തപ്പോൾ സിംബാബ്വെ സ്കോർ കുതിച്ചു. 28 പന്തുകളിൽ 2 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 46 റൺസാണ് റാസ കൂട്ടിച്ചേർത്തത്. പക്ഷേ അവസാന ഓവറുകളിൽ വേണ്ട രീതിയിൽ റൺസ് കണ്ടെത്താൻ സിംബാബ്വെ ബാറ്റർമാർക്ക് സാധിച്ചില്ല.

ഇങ്ങനെ സിംബാബ്വെയുടെ ഇന്നിംഗ്സ് 152 റൺസിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യക്കായി 2 വിക്കറ്റുകൾ സ്വന്തമാക്കിയ ഖലീൽ അഹമ്മദാണ് മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് പക്വതയാർന്ന തുടക്കം തന്നെയാണ് നായകൻ ശുഭമാൻ ഗിൽ നൽകിയത്.

Read Also -  ന്യൂസിലന്‍റ് ആക്രമണം. ആദ്യ ടെസ്റ്റിൽ ഇന്ത്യ ബഹുദൂരം പിന്നിൽ.

ഒപ്പം പവർപ്ലേ ഓവറുകളിൽ യശസ്വി ജയസ്വാൾ അടിച്ചുതകർത്തതോടെ ഇന്ത്യയുടെ സ്കോർ കുതിച്ചു. ആദ്യ ഓവറുകളിൽ തന്നെ കൃത്യമായി മത്സരം തങ്ങളുടെ വരുതിയിൽ എത്തിക്കാൻ ഇന്ത്യയുടെ ഓപ്പണർമാർക്ക് സാധിച്ചു. പവർപ്ലേയിൽ തന്നെ ഒരു വമ്പൻ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്കായി ഗില്ലും ജയസ്വാളും കെട്ടിപ്പടുത്തത്.

മത്സരത്തിൽ 29 പന്തുകളിൽ നിന്നാണ് ജയസ്വാൾ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. ഇതിന് ശേഷവും ഇരുവരും അടിച്ചു തകർത്തതോടെ സിംബാബ്വെ മത്സരത്തിൽ പരാജയത്തിലേക്ക് നീങ്ങുകയായിരുന്നു. മത്സരത്തിൽ 53 പന്തുകൾ നേരിട്ട ജയസ്വാൾ 93 റൺസാണ് നേടിയത്.

ഇന്നിംഗ്സിൽ 13 ബൗണ്ടറികളും 2 സിക്സറും ഉൾപ്പെട്ടു. ഗിൽ 39 പന്തുകളിൽ 58 റൺസ് നേടുകയുണ്ടായി. മത്സരത്തിൽ 10 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ പരമ്പര 3 1 എന്ന നിലയിൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

Scroll to Top