രണ്ടക്കം കടന്നത് രണ്ട് പേര്‍ മാത്രം. ശക്തരായ ഓസ്ട്രേലിയയെ അട്ടിമറിച്ച് സിംബാബ്‌വെ

സിംബാബ്‌വെയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയക്ക് ഞെട്ടിക്കുന്ന പരാജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 141 റണ്‍സില്‍ എല്ലാവരും പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ സിംബാബ്‌വെ 39 ഓവറില്‍ വിജയം കണ്ടു.

ചെറിയ വിജയലക്ഷ്യം മുന്നില്‍ കണ്ട് സന്ദര്‍ശകര്‍ നന്നായി തുടങ്ങിയെങ്കിലും തുടര്‍ച്ചയായി വിക്കറ്റ് വീണത് ആശങ്കയാഴ്ത്തി. വിക്കറ്റൊന്നും നഷ്ടപ്പെടാതെ 38 എന്ന നിലയില്‍ നിന്നും 77 ന് 5 എന്ന നിലയിലേക്ക് വീണു. പിന്നീട് ക്യാപ്റ്റന്‍ ചക്കബാവയുടെ(37) ചെറുത്ത് നില്‍പ്പ് നിര്‍ണായകമായി. മറുമാനി (35) ശ്രേദ്ദേയ പ്രകടനം കാഴ്ച്ചവച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 31 ഓവറില്‍ 141 റണ്‍സിന് എല്ലാവരും പുറത്തായി. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ഗ്ലെന്‍ മാക്‌സ്വെലും മാത്രമാണ് രണ്ടക്കം കടന്നത്. ഡേവിഡ് വാര്‍ണര്‍ 94 റണ്‍സ് നേടി പുറത്തായപ്പോള്‍ ഗ്ലെന്‍ മാക്‌സ്വെല്‍, 22 പന്തില്‍ 19 റണ്‍സ് നേടി. വാര്‍ണര്‍ ഒരറ്റത്ത് ശ്രദ്ധിച്ച്‌ ബാറ്റ് ചെയ്തപ്പോള്‍ മറ്റേ അറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു.

345270

മൂന്ന് ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ റയാന്‍ ബേള്‍ ആണ് ഓസീസിനെ ചെറിയ സ്കോറില്‍ പുറത്താക്കിയത്. ബ്രാഡ് ഇവന്‍സ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഓസീസ് ബാറ്റര്‍മാരായ ആരോണ്‍ ഫിഞ്ച് (5), സ്റ്റീവ് സ്മിത്ത് (1), അലക്‌സ് ക്യാരി (4), സ്റ്റോയ്‌നിസ് (3), ഗ്രീന്‍ (3) എന്നിവര്‍ ഒറ്റയക്കത്തിനു പുറത്തായി.

ഏകദിന ക്രിക്കറ്റിൽ എട്ട് വർഷങ്ങൾക്ക് ശേഷമാണ് സിംബാബ്‌വെ ഓസ്ട്രേലിയയെ പരാജയപെടുത്തുന്നത്. ഇതിന് മുൻപ് 2014 ൽ സ്വന്തം നാട്ടിൽ നടന്ന മത്സരത്തിലും 1983 ൽ ഇംഗ്ലണ്ടിൽ വെച്ചുനടന്ന മത്സരത്തിലുമാണ് സിംബാബ്‌വെ ഓസ്ട്രേലിയയെ പരാജയപെടുത്തിയിട്ടുള്ളത്. ഓസ്ട്രേലിയൻ മണ്ണിലെ സിംബാബ്വെയുടെ ആദ്യ വിജയം കൂടിയാണിത്.

Previous articleഇംഗ്ലണ്ട് ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം ബെയര്‍സ്റ്റോ പുറത്ത്
Next articleറെക്കോഡ് ബുക്കില്‍ ഇടം നേടി മിച്ചല്‍ സ്റ്റാര്‍ക്ക് ! മറികടന്നത് പാക്കിസ്ഥാന്‍ ഇതിഹാസത്തെ