അവരാണ് ഈ ലോകകപ്പിലെ കറുത്ത കുതിരകൾ. ഇന്ത്യ ഭയക്കണം. മുന്നറിയിപ്പുമായി സഹീർ ഖാൻ.

Zaheer Khan Net Worth 1024x538 1

2023 ഏകദിന ലോകകപ്പിലെ കറുത്ത കുതിരകളായി മാറാൻ സാധ്യതയുള്ള ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയാവും വലിയ ഭീഷണി ഉയർത്താൻ സാധ്യതയുള്ള ടീം എന്നാണ് സഹീർ പറയുന്നത്. ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ചരിത്രം അത്ര മികച്ചതല്ലെങ്കിലും അവരെ ഭയക്കേണ്ടതുണ്ട് എന്ന സൂചനയാണ് സഹീർ നൽകുന്നത്. എല്ലാവരും മറ്റു ടീമുകളെ പറ്റി പറയുമ്പോൾ ദക്ഷിണാഫ്രിക്കയെ പറ്റി പലരും ചിന്തിക്കുന്നില്ല എന്നാണ് സഹീറിന്റെ അഭിപ്രായം. ഇന്ത്യൻ സാഹചര്യത്തിൽ വലിയ പ്രകടനങ്ങൾ കാഴ്ചവെക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കുമെന്ന് സഹീർ വിശ്വസിക്കുന്നു.

ഒരു വാർത്ത മാധ്യമത്തിനോട് സംസാരിക്കുകയാണ് സഹീർ ഇക്കാര്യം പറഞ്ഞത്. “ഇപ്പോൾ എല്ലാവരും ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാക്കിസ്ഥാൻ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളെയാണ് ഫേവറേറ്റുകളായി തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ പലരും സംസാരിക്കാത്ത ഒരു കാര്യമുണ്ട്. ഇത്തവണത്തെ ലോകകപ്പിൽ ദക്ഷിണാഫ്രിക്ക കറുത്ത കുതിരകളായി മാറും എന്നാണ് ഞാൻ കരുതുന്നത്.”- സഹീർ പറയുന്നു. 1992, 1999, 2007, 2015 എന്നീ ലോകകപ്പുകളിൽ സെമിഫൈനലിൽ സ്ഥാനം പിടിക്കാൻ ദക്ഷിണാഫ്രിക്കൻ ടീമിന് സാധിച്ചിരുന്നു. എന്നാൽ ഇതേവരെ ലോകകപ്പിന്റെ കിരീടം ചൂടാനുള്ള ഭാഗ്യം ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചിട്ടില്ല.

Read Also -  നിതീഷിനും റിങ്കുവിനും മുൻപിൽ അടിതെറ്റി ബംഗ്ലകൾ. പരമ്പര സ്വന്തമാക്കി ഇന്ത്യ.

എന്നാൽ 2023 ഏകദിന ലോകകപ്പിലേക്ക് വരുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് അല്പം മൊമന്റേം കൂടുതലുണ്ട്. തങ്ങളുടെ നാട്ടിൽ ഓസ്ട്രേലിയൻ ടീമിനെതിരെ ശക്തമായ പ്രകടനം കാഴ്ചവച്ച ശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്.

മാത്രമല്ല പല ദക്ഷിണാഫ്രിക്കൻ താരങ്ങൾക്കും ഇന്ത്യൻ മണ്ണിൽ കളിച്ച് ആവശ്യത്തിലധികം പരിചയസമ്പന്നതയുണ്ട്. ഡി കോക്ക്, മില്ലർ, റബാഡാ, ക്ലാസൺ, മാക്രം എന്നിവരൊക്കെയും ഐപിഎല്ലിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളാണ്. ഇവർക്കൊക്കെയും ഇന്ത്യൻ മണ്ണിനെ പറ്റി നല്ല ബോധ്യമുണ്ട്. ഇക്കാര്യം കൂടി കണക്കിലെടുത്താണ് സഹീറിന്റെ വാദം.

“ഐസിസിയുടെ ടൂർണമെന്റുകളിലേക്ക് വരുമ്പോൾ ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ഹിസ്റ്ററി അത്ര മികച്ചതല്ല. പലരും അവരെ പരാജിതരായി തന്നെയാണ് കാണുന്നത്. എന്നാൽ കാര്യങ്ങൾ യഥാർത്ഥത്തിൽ അങ്ങനെയല്ല. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ അവർ നടത്തിയ മികച്ച പ്രകടനങ്ങൾ പരിശോധിക്കണം.

അതുകൊണ്ടു തന്നെയാണ് അവർ ഈ ലോകകപ്പിൽ കറുത്ത കുതിരകളായി മാറും എന്ന് ഞാൻ പറയുന്നത്. അവരുടെ പ്രധാന കളിക്കാർ ഇന്ത്യൻ കണ്ടീഷനിൽ മികച്ച ഫോം കണ്ടെത്തിയാൽ, ഈ ലോകകപ്പിലെ വലിയ ശക്തിയായി മാറാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കും.”- സഹീർ ഖാൻ കൂട്ടിച്ചേർക്കുന്നു.

Scroll to Top