ഇന്ത്യൻ ബാറ്റിംഗിൽ നാലാം നമ്പറിൽ യുവരാജ് സിംഗിനു ശേഷം നിരവധി പേരെ പരീക്ഷച്ചെങ്കിലും മികച്ച ഒരു താരത്തെ ഇതുവരെയും ലഭിച്ചിട്ടില്ല. അവസാനം ശ്രേയസ് അയ്യർ ഇന്ത്യയുടെ നാലാം നമ്പർ ബാറ്റ്സ്മാൻ ആയി സ്ഥാനം ഉറപ്പിച്ചെങ്കിലും പരിക്ക് വില്ലനായി എത്തി. വലിയ തലവേദനയാണ് ശ്രേയസ് അയ്യരുടെ പരിക്ക് ഇന്ത്യക്ക് സമ്മാനിച്ചത്. ഈ വർഷം ഇന്ത്യയിൽ വച്ച് നടക്കുന്ന ഏകദിന ലോകകപ്പിൽ താരം കളിക്കുമോ എന്ന കാര്യം സംശയമാണ്.
ഇപ്പോഴിതാ ഇന്ത്യയുടെ നാലാം നമ്പറിൽ ആരെ ഇറക്കണം എന്ന കാര്യത്തിൽ ഒരു കൂടിയാലോചന വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ.”ചില മാറ്റങ്ങൾ ബാറ്റിംഗ് ഓർഡറിൽ ആവശ്യമാണ്. ആരാണ് നാലാം നമ്പർ താരം എന്ന് വീണ്ടും കണ്ടെത്തണം. നാല് വർഷം മുൻപ് നടന്ന 2019 ഏകദിന ലോകകപ്പിലും ഇതേ ചോദ്യം ഉണ്ടായിരുന്നു.
നാലാം നമ്പർ താരമായി കണ്ടെത്തിയിരിക്കുന്നത് ശ്രേയസ് അയ്യരിനെയാണെങ്കിലും അദ്ദേഹത്തിന് പരിക്ക് പറ്റിയിരിക്കുകയാണ്. അതിനാൽ എപ്പോഴാണ് നാലാം നമ്പറിന്റെ കാര്യത്തിൽ നമ്മൾ ഉത്തരം കണ്ടെത്തുക? സഹീർ ഖാൻ ചോദിച്ചു. നാലാം നമ്പറിൽ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ പകരം സൂര്യ കുമാർ യാദവിനെ ഇന്ത്യ പരീക്ഷിച്ചിരുന്നു. എന്നാൽ താൻ നാലാം നമ്പറിൽ കളിക്കുവാൻ യോഗ്യനല്ല എന്ന് ഓസ്ട്രേലിയക്കെതിരായ മൂന്നു മത്സരങ്ങളിലും ഗോൾഡൻ ഡക്കായി സൂര്യ കുമാർ യാദവ് പറയാതെ തന്നെ തെളിയിച്ചു.
ഇതോടെ മലയാളി താരം സഞ്ജുവിനെ നാലാം നമ്പറിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. നിലവിൽ ഇന്ത്യ കളിപ്പിക്കുന്ന സൂര്യകുമാർ യാദവിന് 21 ഏകദിന മത്സരങ്ങളിൽ നിന്നും 24 ബാറ്റിംഗ് ശരാശരിയിൽ വെറും 433 റൺസ് മാത്രമാണ് ഉള്ളത്. രണ്ട് തവണ മാത്രമാണ് ഏകദിനത്തിൽ താരം അർദ്ധ സെഞ്ചുറി നേടിയിട്ടുള്ളത്. രണ്ട് അർദ്ധ സെഞ്ച്വറി തന്നെയാണ് സഞ്ജുവിന്റെ പേരിൽ ഉള്ളതെങ്കിലും വെറും 10 ഏകദിന ഇന്നിങ്സുകളിൽ നിന്നും 66 ശരാശരിയിൽ 330 റൺസ് സഞ്ജു നേടിയിട്ടുണ്ട്.