2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് നേരത്തെ തന്നെ പ്രഖ്യാപിക്കുകയുണ്ടായി. അക്ഷർ പട്ടേലിനെയും രവീന്ദ്ര ജഡേജയെയും കുൽദീവ് യാദവിനെയും സ്പിന്നർമാരായി ഉൾപ്പെടുത്തി കൊണ്ടാണ് ഇന്ത്യ തങ്ങളുടെ സ്ക്വാഡ് പ്രഖ്യാപിച്ചത്. എന്നാൽ ഇതിനുശേഷം അക്ഷർ പട്ടേലിന് പരിക്കേൽക്കുകയും പകരക്കാരനായി രവിചന്ദ്രൻ അശ്വിനെ സ്ക്വാഡിലേക്ക് ഇന്ത്യ ക്ഷണിക്കുകയും ചെയ്തു.
ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ താരം യുവരാജ് സിംഗ്. അക്ഷറിന് പകരം ഇന്ത്യ രവിചന്ദ്രൻ അശ്വിനെ ടീമിൽ ഉൾപ്പെടുത്തേണ്ടിയിരുന്നില്ല എന്നാണ് യുവരാജ് പറയുന്നത്. വാഷിംഗ്ടൺ സുന്ദറെയായിരുന്നു അക്ഷറിന് പകരക്കാരനായി സ്ക്വാഡിൽ എത്തേണ്ടത് എന്നാണ് യുവരാജിന്റെ പക്ഷം.
“ഇന്ത്യ ഇപ്പോൾ മികച്ച ഒരു അവസരമാണ് നഷ്ടമാക്കിയിരിക്കുന്നത്. അക്ഷർ പട്ടേലിന് പകരം വാഷിംഗ്ടൺ സുന്ദറിനെയായിരുന്നു ഇന്ത്യ ടീമിലേക്ക് ക്ഷണിക്കേണ്ടിയിരുന്നത്. എന്നാൽ അശ്വിനെ ഇന്ത്യ തിരഞ്ഞെടുത്തു. സുന്ദറിനെ ഇന്ത്യ ടീമിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിൽ മറ്റൊരു ഇടംകയ്യൻ ബാറ്ററെ കൂടി ഇന്ത്യയ്ക്ക് ലഭിക്കുമായിരുന്നു. അക്ഷറിന്റെ അഭാവത്തിൽ ആരാവും ഇന്ത്യക്കായി ഏഴാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങുക എന്നത് വലിയൊരു ചോദ്യമാണ്. അശ്വിന് പകരം സുന്ദറായിരുന്നുവെങ്കിൽ ഈ പ്രശ്നമുണ്ടാകുമായിരുന്നില്ല. എന്നാൽ നിർഭാഗ്യവശാൽ സുന്ദറിന് ടീമിൽ ഇടം ലഭിച്ചില്ല. ഇതുപോലെ തന്നെയാണ് ചാഹലിന്റെ കാര്യവും. ഇക്കാര്യങ്ങൾ ഒഴിച്ചാൽ ഇന്ത്യൻ ടീം സന്തുലിതം തന്നെയാണ്.”- യുവി പറയുന്നു.
ഇതോടൊപ്പം ഇന്ത്യയുടെ നാലാം നമ്പർ ബാറ്റിംഗിനെ സംബന്ധിച്ചും യുവി സംസാരിക്കുകയുണ്ടായി. നാലാം നമ്പറിൽ കെഎൽ രാഹുലാണ് ഏറ്റവും അനുയോജ്യനായ ബാറ്റർ എന്ന് യുവരാജ് പറയുന്നു. “ഇപ്പോൾ രാഹുലും ശ്രേയസും നാലാം നമ്പരിൽ മാറിമാറി കളിക്കുന്നുണ്ട്. ഇവരിൽ ആരാണ് കൃത്യമായി നാലാം നമ്പറിൽ കളിക്കേണ്ടത് എന്ന് ഇന്ത്യൻ ടീം തീരുമാനിക്കണം. അല്ലാത്തപക്ഷം ഇടയ്ക്കിടയ്ക്ക് ബാറ്റിംഗ് ഓർഡറിൽ അഴിച്ചു പണി നടത്തുന്നത് അത്ര നല്ല കാര്യമല്ല. ആ പ്രവണത ഇന്ത്യയെ ബാധിക്കാനും സാധ്യതയുണ്ട്.”- യുവരാജ് പറയുന്നു. മാത്രമല്ല എതിർ ടീമുകളുടെ ഭീഷണിക്കപ്പുറം സമ്മർദം തന്നെയാവും ഇന്ത്യ ഈ ലോകകപ്പിൽ നേരിടാൻ പോകുന്ന വലിയ വെല്ലുവിളിയെന്നും യുവരാജ് പറഞ്ഞു.
2011 ലോകകപ്പിൽ ഇന്ത്യയുടെ നാലാം നമ്പറിലെ നട്ടെല്ലായിരുന്നു യുവരാജ് സിംഗ്. ഇന്ത്യക്കായി വളരെയധികം കാലം നാലാം നമ്പറിൽ കളിക്കാൻ യുവരാജിന് സാധിച്ചിട്ടുണ്ട്. എന്നാൽ യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം മറ്റൊരു പകരക്കാരനെ കണ്ടെത്തുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. പലരെയും നാലാം നമ്പറിൽ ഇന്ത്യ പരീക്ഷിച്ചെങ്കിലും എല്ലാം വിഫലമായിരുന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമ പോലും ഇതിനെ സംബന്ധിച്ച് മുൻപ് സംസാരിച്ചിട്ടുണ്ട്. എന്തായാലും ഈ ലോകകപ്പോടെ ഇന്ത്യ തങ്ങളുടെ ടീമിലെ മറ്റു പ്രശ്നങ്ങൾ പരിഹരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.