2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷം ചെറിയ ഇടവേളയിലാണ് ഇന്ത്യ. നിലവിൽ 2023 50 ഓവർ ലോകകപ്പിന്റെ തയ്യാറെടുപ്പുകളും ഇന്ത്യൻ ടീമിൽ നടക്കുന്നുണ്ട്. ഇന്ത്യയുടെ അടുത്ത പരമ്പര നടക്കുന്നത് വെസ്റ്റിൻഡീസിനെതിരെയാണ്. രോഹിത് ശർമയുടെ നേതൃത്വത്തിൽ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും 5 ട്വന്റി20കളും അടങ്ങുന്ന പര്യടനമാണ് ഇന്ത്യയ്ക്ക് കരീബിയൻ മണ്ണിലുള്ളത്. വിൻഡീസിന് പുറമെ അമേരിക്കയിലും പര്യടനത്തിലെ രണ്ടു മത്സരങ്ങൾ നടക്കുന്നുണ്ട്. പരമ്പരയെ സംബന്ധിച്ചുള്ള ഔദ്യോഗിക വിവരം പുറത്തുവന്നിട്ടില്ലെങ്കിലും ജൂലൈ 12 മുതൽ ഓഗസ്റ്റ് പകുതി വരെയാവും പരമ്പര നടക്കുക എന്നത് ഉറപ്പായിട്ടുണ്ട്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പരാജയം ഇന്ത്യയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ പുതിയ അംഗങ്ങളെ ടീമിൽ ഉൾപ്പെടുത്തി ഉയർത്തിക്കൊണ്ടു വരാൻ തന്നെയാണ് ഇന്ത്യ ശ്രമിക്കുന്നത്. വിൻഡിസിനെതിരായ ടെസ്റ്റ് മത്സരം പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സർക്കിളിലെ ഇന്ത്യയുടെ ആദ്യ മത്സരങ്ങമാണ്. അതിനാൽതന്നെ ഈ മത്സരത്തിൽ തന്നെ യുവതാരങ്ങളെ ഉൾപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. മാത്രമല്ല പൂജാര, ഉമേഷ് യാദവ് എന്നിവരുടെ ഫൈനലിലെ പ്രകടനവും ഇന്ത്യ വിലയിരുത്തുന്നു. ജെയിസ്വാൾ, മുകേഷ് കുമാർ എന്നിവരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ റിസർവ് കളിക്കാരയി ഉൾപ്പെടുത്തിയിരുന്നെങ്കിലും അവർക്ക് മത്സരത്തിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. അതിനാൽ തന്നെ വിൻഡീസ് ടെസ്റ്റ് പരമ്പരയിൽ ഇരുവരും കളിക്കാൻ സാധ്യതകൾ ഏറെയാണ് എന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഇതോടൊപ്പം 2022ലെ ട്വന്റി20 ലോകകപ്പിന് ശേഷം പുതിയ ഒരു ട്വന്റി20 ടീം കെട്ടിപ്പടുക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതേ സംബന്ധിച്ചും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിൻഡീസിനെതിരായ ട്വന്റി20 പരമ്പര യുവതാരങ്ങളെ തന്നെ അണിനിരത്തി കളിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. 2024ൽ ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ യുവതാരങ്ങളെ ഉയർത്തിക്കൊണ്ടു വരാനുള്ള ശ്രമം വിൻഡിസ് പരമ്പരയോടെ ആരംഭിക്കുകയാണ്. ജയ്സ്‌വാൾ, ഋതുരാജ്, റിങ്കു സിംഗ്, ജിതേഷ് ശർമ എന്നിവരെ വിൻഡീസ് പര്യടനത്തിനുള്ള 20-20 പരമ്പരയിൽ ഇന്ത്യ ഉൾപ്പെടുത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇവരുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു തീരുമാനം.
മാത്രമല്ല 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ 27 വിക്കറ്റുകളുമായി മികച്ച പ്രകടനം പുറത്തെടുത്ത മോഹിത് ശർമയും ടീമിലേക്ക് തിരിച്ചു വരുന്നു എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. എന്തായാലും വിൻഡിസിനെതിരായ പരമ്പരയോടുകൂടി വലിയ മാറ്റത്തിനാണ് ഇന്ത്യൻ ടീം ഒരുങ്ങുന്നത്. എന്തുകൊണ്ടും പുതിയ താരങ്ങളെ ട്വന്റി20കളിലും ടെസ്റ്റ് മത്സരങ്ങളിലും ഉൾപ്പെടുത്തി ടീം വിപുലീകരിക്കാൻ സാധിക്കുന്ന ഒരു സാഹചര്യത്തിലാണ് ഇന്ത്യ ഇപ്പോൾ ഉള്ളത്. ഇനിയൊരു നോക്കൗട്ട് മത്സരത്തിലെ പരാജയം ഇന്ത്യയ്ക്ക് താങ്ങാൻ സാധിക്കുന്നതിലും അധികമാണ്.