ഇന്ത്യ : സൗത്താഫ്രിക്ക ഒന്നാം ടി :20 യിൽ വഴങ്ങിയ കനത്ത തോൽവി രാഹുൽ ദ്രാവിഡിനും ടീമിനും സമ്മാനിച്ചത് നിരാശ മാത്രം.5 മത്സര ടി :20യിൽ ജയിക്കേണ്ടത് ടി :20 ലോകക്കപ്പ് അടക്കം മുന്നിൽ നിൽക്കേ ഇന്ത്യൻ ടീമിന് വളരെ അധികം നിർണായകമാണ്. രോഹിത് ശർമ്മ, വിരാട് കോഹ്ലി, ജസ്‌പ്രീത് ബുംറ എന്നിവരുടെ അഭാവത്തിൽ യുവ താരങ്ങളുമായി എത്തുന്ന ടീം ഇന്ത്യക്ക് ഒന്നാം ടി :20 യിൽ ബാറ്റ്‌സ്മാന്മാരുടെ പ്രകടനം തന്നെയാണ് ഏറ്റവും വലിയ ആശ്വാസമായി മാറുന്നത്. 211 റൺസ് എന്നുള്ള വമ്പൻ സ്കോർ നേടിയിട്ടും ടീം ഇന്ത്യ തോറ്റത് ആരാധകരിൽ അടക്കം ഷോക്കായി മാറിയിരുന്നു.
അതേസമയം ഇന്ത്യൻ തോൽവിക്ക് പിന്നാലെ വളരെ വ്യത്യസ്തമായ ഒരു അഭിപ്രായവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരമായ രോഹൻ ഗവാസ്ക്കർ. ഒന്നാം ടി :20യിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ എല്ലാം ക്രീസിലേക്ക് എത്തിയ ഉടനെ അടിച്ചുകളിക്കാനായി മാത്രം ശ്രമിക്കുന്നത് ചൂണ്ടികാണിക്കുകയാണ് രോഹൻ ഗവാസ്ക്കർ.
വിരാട് കോഹ്ലി, രോഹിത് ശർമ്മ അടക്കം സീനിയർ താരങ്ങൾ പലപ്പോഴും തുടക്കത്തിൽ സാവധാനം കളിക്കുന്ന ശൈലിയെയാണ് രോഹൻ ഗവാസ്ക്കർ കളിയാക്കിയത്. സീനിയർ താരങ്ങൾ അടക്കം ഉൾപ്പെടുന്ന ടോപ് ത്രീക്ക് പോലും അതിവേഗം സ്കോർ ഉയർത്താൻ കഴിയാറില്ല എന്നാണ് മുൻ ഇന്ത്യൻ താരത്തിന്‍റെ നിരീക്ഷണം.
“മത്സരം സൗത്താഫ്രിക്കയാണ് ജയിച്ചതെങ്കിലും ഒന്നാം ടി :20യിലെ ഇന്ത്യൻ ബാറ്റര്‍മാരുടെ ശൈലി എനിക്ക് ഇഷ്ടമായി. അവർ കരുതലോടെ കളിക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി അറ്റാക്കിങ് ശൈലി, എതിർ ടീമിനെ സമ്മർദ്ദത്തിലാക്കി കളിക്കാനാണ് നോക്കിയത്. അതാണ് സീനിയർ താരങ്ങൾക്ക് കഴിയാതെ പോകുന്നത്.
അതിവേഗം സ്കോർ ഉയർത്തുന്നതിൽ അവർക്ക് എത്താനാകുന്നില്ല. ഇന്ന് ടി :20 ക്രിക്കറ്റിൽ 200 പ്ലസ് സ്കോറുകൾ എല്ലാം ഈസിയായി മറികടക്കാൻ കഴിയുന്നുണ്ട്. അതിനാൽ തന്നെ എങ്ങനെ കളിക്കണമെന്ന് യുവ താരങ്ങൾ കാട്ടിതന്നു ” രോഹൻ ഗവാസ്ക്കർ തുറന്ന് പറഞ്ഞു.