2023ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതിനാൽ തന്നെ ഐപിഎല്ലിലെ പ്രമുഖ കളിക്കാരൊക്കെയും പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാൻ റോയൽസിനെ ഇത്തവണത്തെ ഐപിഎല്ലിലും നയിക്കുന്നത്. സഞ്ജുവിനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു സീസൺ തന്നെയാണ് വന്നിരിക്കുന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചാൽ മാത്രമേ 2023ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഇടം പിടിക്കാൻ സഞ്ജുവിന് സാധിക്കുകയുള്ളൂ.
ഈ സാഹചര്യത്തിൽ അങ്ങേയറ്റം കഠിനമായ പരിശീലനത്തിലാണ് സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസ് ഇപ്പോൾ പുറത്തുവിട്ട ഒരു വീഡിയോയിൽ നിന്ന് ഇതിനെ സംബന്ധിച്ച് വലിയ സൂചനകളാണ് ലഭിക്കുന്നത്. നെറ്റ്സിൽ സഞ്ജുവിന്റെ ബാറ്റിംഗാണ് പുതിയ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. സഞ്ജുവിന്റെ ഓരോ വമ്പൻ ഷോട്ടിനും മൈതാനത്തുള്ള കുട്ടികളുടെ ആവേശവും വീഡിയോയിലുണ്ട്. കാഴ്ചക്കാരായ കുട്ടികൾ ഓരോ ഷോട്ടിലും സഞ്ജുവിന് അങ്ങേയറ്റം പ്രചോദനം നൽകുകയും, ആഹ്ലാദിക്കുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. റിലീസായി നിമിഷങ്ങൾക്കകം തന്നെ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കുകയും ചെയ്തു.
2022ൽ രാജസ്ഥാൻ റോയൽസ് ടീമിനെ ഫൈനലിലെത്തിച്ച നായകനായിരുന്നു സഞ്ജു. ഒരു നായകൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും രാജസ്ഥാന്റെ കഴിഞ്ഞ കുറച്ചു സീസണുകളിലെ നിർണായ ഘടകമാണ് സഞ്ജു സാംസൺ. അതിനാൽതന്നെ ഇത്തവണ സഞ്ജുവിനും രാജസ്ഥാൻ റോയൽസിനും വളരെ പ്രാധാന്യമേറിയ സീസൺ തന്നെയാണ്. മികച്ച പ്രകടനം നടത്തി ഇന്ത്യൻ ടീമിലെ നാലാം നമ്പർ സ്ഥാനം ഉറപ്പിക്കാൻ തന്നെയാവും സഞ്ജു സാംസൺ ഈ ഐപിഎൽ സീസണിൽ ഇറങ്ങുന്നത്.
ഏപ്രിൽ രണ്ടിന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ ഈ സീസണിലെ ആദ്യ മത്സരം നടക്കുന്നത്. അതിനുമുമ്പുള്ള പരിശീലനത്തിലാണ് താരങ്ങളൊക്കെയും. സഞ്ജു മാത്രമല്ല ജോസ് ബട്ലർ, രവിചന്ദ്രൻ അശ്വിൻ, യൂസുവേന്ദ്ര ചഹൽ, ഹെറ്റ്മേയർ തുടങ്ങി ഒരുപിടി മിന്നും താരങ്ങളും രാജസ്ഥാൻ റോയൽസിന്റെ ഭാഗമായിയുണ്ട്. എന്തായാലും ഇത്തവണത്തെ ഐപിഎല്ലിലും മികവാർന്ന പ്രകടനം നടത്തി സഞ്ജു ഇന്ത്യൻ ടീമിലെ സ്ഥാനം ഉറപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.