ടീമിലെത്താൻ ഇതിൽ കൂടുതൽ സഞ്ജു എന്ത് ചെയ്യണം. വീണ്ടും സഞ്ജുവിനായി ശശി തരൂർ രംഗത്ത്.

sanju samson poster

മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ അവഗണന നേരിടുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ സഞ്ജുവിനെ പിന്തുണച്ചുകൊണ്ട് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് ശശി തരൂർ എംപി. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ സൂര്യകുമാറിന്റെ പ്രകടനം വളരെ ദയനീയമായിരുന്നുവെന്നും, സഞ്ജുവിനെ പകരം ഉൾപ്പെടുത്തണമെന്നുമാണ് ശശി തരൂർ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. പല സമയത്തും സഞ്ജുവിനായി മുൻപും രംഗത്ത് വന്ന ചരിത്രം ശശി തരൂറിനുണ്ട്. വീണ്ടും ഒരിക്കൽ കൂടി സഞ്ജുവിനായി വാദിക്കുകയാണ് ശശിതരൂർ എംപി ഇപ്പോൾ.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ തുടർച്ചയായി ഗോൾഡൻ ഡക്കായ സൂര്യകുമാർ യാദവിന്റെ പ്രകടനം അംഗീകരിക്കാനാവില്ല എന്നാണ് ശശി തരൂർ പറയുന്നത്. “തുടർച്ചയായി മൂന്നു മത്സരങ്ങളിൽ ഗോൾഡൻ ഡക്കായി പുറത്തായതോടെ സൂര്യകുമാർ അനാവശ്യമായ ഒരു ലോക റെക്കോർഡ് ആണ് ഇട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ, സുപരിചിതമല്ലാതിരുന്നിട്ടും ആറാം നമ്പരിൽ 66 റൺസ് ശരാശരിയുള്ള സഞ്ജു സാംസനെ ടീമിൽ ഉൾപ്പെടുത്താത്തത് എന്താണ് എന്ന് ചോദിച്ചാൽ തെറ്റുണ്ടോ? ഇന്ത്യയുടെ സ്ക്വാഡിലെത്താൻ സഞ്ജു ഇനിയും എന്താണ് ചെയ്യേണ്ടത്?”- ശശി തരൂർ തന്റെ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

See also  ഇമ്പാക്ട് പ്ലയർ നിയമം ഓൾറൗണ്ടർമാരെ ഇല്ലാതാക്കുന്നു. വിമർശനവുമായി രോഹിത് ശർമ.
Sanju Samson 1

സഞ്ജുവിനെ ഇന്ത്യ തുടർച്ചയായി അവഗണിക്കുന്നതിനെതിരെ വലിയരീതിയിലുള്ള പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. മുൻപും ഇന്ത്യ സഞ്ജുവിനെ ഇത്തരത്തിൽ ടീമിൽ നിന്നും മാറ്റി നിർത്തിയിരുന്നു. ഇന്ത്യക്കായി ഇതുവരെ 11 ഏകദിനങ്ങൾ കളിച്ചിട്ടുള്ള സഞ്ജു സാംസൺ 330 റൺസാണ് നേടിയിട്ടുള്ളത്. 66 റൺസാണ് സഞ്ജുവിന്റെ ആവറേജ്. ഇതുമാത്രമല്ല 17 ട്വന്റി20 മത്സരങ്ങളിൽ നിന്നും 301 റൺസ് നേടാനും സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്.

മറുവശത്ത് 2022ൽ ട്വന്റി20 മത്സരങ്ങളിലുടനീളം മികവാർന്ന പ്രകടനങ്ങളായിരുന്നു സൂര്യകുമാർ യാദവ് കാഴ്ചവെച്ചത്. എന്നാൽ ഏകദിനങ്ങളിൽ തന്നെ പ്രതിഭയ്ക്കൊത്ത പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നതിൽ സൂര്യകുമാർ യാദവ് പരാജയപ്പെടുന്നതാണ് കണ്ടത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ സൂര്യയുടെ ഏറ്റവും മോശം പ്രകടനം തന്നെയായിരുന്നു കാണാൻ സാധിച്ചത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും മിച്ചൽ സ്റ്റാർക്കിന്റെ ആദ്യ പന്തിൽ സൂര്യകുമാർ കൂടാരം കയറിയിരുന്നു. മൂന്നാം മത്സരത്തിൽ ഏഗറായിരുന്നു സൂര്യകുമാറിന്റെ കുറ്റി തെറിപ്പിച്ചത്.

Scroll to Top