“ഇത്തവണ നിങ്ങൾ മറ്റൊരു ഉമ്രാൻ മാലിക്കിനെ കാണും. 150ന് മുകളിൽ ഏറിയും”.

കഴിഞ്ഞ ഐപിഎൽ സീസണുകളിൽ തന്റെ പേസ് കൊണ്ട് ശ്രദ്ധയാകർഷിച്ച താരമാണ് ഉമ്രാൻ മാലിക്. ഐപിഎല്ലിൽ ഹൈദരാബാദിനായി അരങ്ങേറ്റം കുറിച്ച മാലിക് ഇന്ത്യൻ ദേശീയ ടീമിൽ പോലും കളിച്ചിരുന്നു. എന്നാൽ തന്റെ ലൈനിലും ലെങ്തിലും കൃത്യമായി ശ്രദ്ധിക്കാൻ സാധിക്കാതെ വന്നത് ഉമ്രാൻ മാലിക്കിനെ അല്പം പിന്നിലേക്ക് കൊണ്ടുപോയിരുന്നു.

അതിനാൽ 2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ മാലിക്കിന് അവസരം ലഭിക്കുമോ എന്ന ആശങ്കയും നിലനിന്നിരുന്നു. എന്നാൽ ലേലത്തിന്റെ അവസാന സമയത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 75 ലക്ഷം രൂപയ്ക്ക് ഉമ്രാൻ മാലിക്കിനെ തങ്ങളുടെ ടീമിലേക്ക് എത്തിക്കുകയുണ്ടായി. ഇതിന്റെ സന്തോഷം പങ്കുവെച്ചാണ് മാലിക് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

കൊൽക്കത്ത ടീമിനായി അങ്ങേയറ്റം മികച്ച പ്രകടനം ഈ സീസണിൽ താൻ കാഴ്ചവയ്ക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് മാലിക്. “കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ എത്തിയതിൽ ഞാൻ വളരെ സന്തോഷവാനാണ്. കൊൽക്കത്ത ടീമിന്റെ ജേഴ്സി അണിയാനായി ഞാൻ ആവേശത്തോടെ കാത്തിരിക്കുന്നു. ഈ സീസണിൽ വീണ്ടും കൊൽക്കത്ത ചാമ്പ്യന്മാരാവും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എനിക്ക് ടീമിൽ അവസരം നൽകിയതിന് ടീം മാനേജ്മെന്റിനോടും ഞാൻ നന്ദി പറയുന്നു.”- ഉമ്രാൻ മാലിക് ഒരു പ്രമുഖ മാധ്യമത്തോട് പറയുകയുണ്ടായി.

“2025 ഐപിഎൽ സീസണിൽ കൊൽക്കത്തയ്ക്കൊപ്പം ഒരുപാട് അവസരങ്ങൾ ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്. മികച്ച കായിക ക്ഷമതയുള്ള താരം തന്നെയാണ് ഞാൻ. ഇത്തവണ എല്ലാരും കാണുന്നത് പുതിയൊരു ഉമ്രാൻ മാലിക്കിനെ തന്നെയാവും. ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ തിരികെ ഇന്ത്യൻ ദേശീയ ടീമിലെത്താൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. എന്നെപ്പോലെ ഒരുപാട് താരങ്ങൾക്കുള്ള വലിയ അവസരമാണ് ഐപിഎൽ. ഇത്തവണത്തെ ഐപിഎല്ലിൽ എനിക്ക് ഒരുപാട് വിക്കറ്റുകൾ നേടാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു. കൊൽക്കത്തൻ ടീമിനായി മികച്ച പ്രകടനം തന്നെ ഞാൻ പുറത്തെടുക്കും.”- മാലിക് കൂട്ടിച്ചേർക്കുകയുണ്ടായി.

സ്പീഡ് തനിക്ക് എപ്പോഴും ആവേശമാണ് എന്നും മാലിക് പറയുകയുണ്ടായി. 150ന് മുകളിൽ സ്പീഡിൽ പന്തറിയാനും നിരവധി വിക്കറ്റുകൾ സ്വന്തമാക്കാനും തനിക്ക് കഴിയുമെന്ന് ഇപ്പോഴും മാലിക് വിശ്വസിക്കുന്നു. മാലിക്കിനൊപ്പം കൊൽക്കത്ത ടീമിലുള്ള മറ്റു പേസർമാർ ഹർഷിത് റാണയും വൈഭവ് അറോറയുമാണ്. ഇവരെ 2 പേരെയും മികച്ച പേസറാക്കി മാറ്റിയത് കൊൽക്കത്തയുടെ ബോളിങ് കോച്ചായ ഭരത് അരുൺ ആണ്. അരുണിന് കീഴിൽ കൃത്യമായ പരിശീലനം ലഭിച്ചാൽ മാലിക്കിന് വീണ്ടും ഇന്ത്യൻ ദേശീയ ടീമിലെത്താൻ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Previous article“ഇന്ത്യയ്ക്ക് എവിടെയും, ആരെയും തോല്പിക്കാൻ സാധിക്കും. അവിസ്മരണീയ പ്രകടനം”. പ്രശംസകളുമായി അക്രം.
Next articleസ്മിത്തും ലബുഷൈനും കോഹ്ലിയെ കണ്ട് പഠിക്കണമെന്ന് റിക്കി പോണ്ടിംഗ്.