ഇപ്പോഴും ഇന്ത്യൻ ടീമിൽ ഒരു സ്ഥിരമായ സ്ഥാനം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ബാറ്ററാണ് മലയാളി താരം സഞ്ജു സാംസൺ. 2015ലാണ് സഞ്ജു തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇതിന് ശേഷം കൃത്യമായി ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്താൻ സഞ്ജുവിന് സാധിച്ചില്ല. ഇപ്പോൾ വിരാട് കോഹ്ലിയും രോഹിത് ശർമയും ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ, സഞ്ജുവിന് മുൻപിലേക്ക് പുതിയ അവസരങ്ങൾ വന്നെത്തിയിരിക്കുകയാണ്.
ഇന്ത്യയുടെ പുതിയ പരിശീലകനായ ഗൗതം ഗംഭീറും നായകൻ സൂര്യകുമാർ യാദവും സഞ്ജുവിന് ഇതുവരെ അവസരങ്ങൾ നൽകിയിട്ടുണ്ട്m ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഓപ്പണറായി മലയാളി താരം സഞ്ജു സാംസൺ ക്രീസിലെത്തുകയും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഇതേപ്പറ്റിയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര സംസാരിക്കുന്നത്.
ആദ്യ മത്സരത്തിൽ ഓപ്പണറായെത്തിയ സഞ്ജു സാംസൺ 19 പന്തുകളിൽ 29 റൺസാണ് സ്വന്തമാക്കിയത്. എന്നിരുന്നാലും അടുത്ത മത്സരങ്ങളിലും സഞ്ജു സാംസൺ ഇതേപോലെ സ്ഥിരത കാട്ടേണ്ടതുണ്ട് എന്ന് ആകാശ് ചോപ്ര പറയുന്നു. അല്ലാത്ത പക്ഷം ഇന്ത്യൻ ടീം സഞ്ജുവിനെ ഒഴിവാക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് ആകാശ് ചോപ്ര കരുതുന്നു.
“അവൻ വളരെ മികച്ച രീതിയിൽ ആദ്യ മത്സരത്തിൽ കളിച്ചു. 29 റൺസ് സ്വന്തമാക്കാൻ അവന് സാധിച്ചു. എന്നിരുന്നാലും അവൻ കുറച്ചുകൂടി മുന്നോട്ടു പോകേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നു. കുറച്ച് റൺസ് കൂടി സഞ്ജു കണ്ടെത്തണം. അല്ലാത്തപക്ഷം അവനെ ടീമിൽ നിന്നും ഒഴിവാക്കാൻ സാധ്യതകളുണ്ട്. എപ്പോഴും ടീമിന് പുറത്തും അകത്തുമായാണ് സഞ്ജു സാംസൺ നിൽക്കുന്നത്. സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷനിലും എപ്പോഴും വ്യത്യാസമുണ്ടാകുന്നു.”- ചോപ്ര പറയുന്നു.
ആദ്യ മത്സരത്തിലെ സഞ്ജുവിന്റെ സുന്ദരമായ ഷോട്ടുകളെ അഭിനന്ദിച്ചു കൊണ്ടാണ് ചോപ്ര സംസാരിച്ചത്. “സഞ്ജു സാംസണെപറ്റി നമുക്ക് പറയാതിരിക്കാൻ സാധിക്കില്ല. അഭിഷേക് ശർമ ഇന്ത്യക്കായി മികച്ച പ്രകടനമാണ് നടത്തിയത്. പക്ഷേ അവൻ റൺഔട്ട് ആയി മടങ്ങി. അതേസമയം സഞ്ജു കളിച്ച രീതി നോക്കൂ. ഇന്ത്യക്കായി സഞ്ജു സാംസൺ കളിച്ചില്ലെങ്കിൽ നഷ്ടം ഇന്ത്യക്ക് തന്നെയാവും എന്ന് മുൻപ് ഗൗതം ഗംഭീർ പറഞ്ഞിരുന്നു. അത് സത്യമാണ്. പല മികച്ച ഷോട്ടുകളും മത്സരത്തിൽ സഞ്ജു കളിക്കുകയുണ്ടായി. ബോളിനെതിരെ കഠിനമായ ഷോട്ടുകളൊന്നും സഞ്ജു കളിച്ചില്ല. ബോളിനെ വേദനിപ്പിക്കാത്ത തരത്തിലാണ് സഞ്ജു ബാറ്റ് വെച്ചതൊക്കെയും. ഒന്നിന് പിറകെ ഒന്നായി ബൗണ്ടറികൾ നേടാൻ അവന് സാധിച്ചിരുന്നു.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.
വരും മത്സരങ്ങളിലെ സഞ്ജു സാംസണിന്റെ പ്രകടനങ്ങൾക്കായി വലിയ ആകാംക്ഷയിലാണ് ആരാധകർ. ആദ്യത്തെ ട്വന്റി20 മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതിനാൽ തന്നെ സഞ്ജു അടുത്ത 2 മത്സരങ്ങളിലും ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ഈ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചാൽ മാത്രമേ സഞ്ജുവിന് ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ സ്ഥിര സാന്നിധ്യമായി മാറാൻ സാധിക്കൂ. നാളെയാണ് ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 മത്സരം നടക്കുന്നത്.