അവൻ ട്വന്റി20 ലോകകപ്പിൽ കളിക്കണം.. ഒഴിവാക്കിയാൽ അത് വലിയ അനീതി. മുൻ ഇന്ത്യൻ താരം പറയുന്നു.

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരത്തിൽ ഒരു ഉജ്ജ്വല വിജയം തന്നെയായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ 6 വിക്കറ്റുകൾക്ക് അഫ്ഗാൻ ടീമിനെ പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യയ്ക്കായി മത്സരത്തിൽ ബാറ്റിംഗിൽ മികച്ച പ്രകടനം പുറത്തെടുത്തത് ഓപ്പൺ ജയസ്വാൾ ആയിരുന്നു.

മത്സരത്തിൽ ജയസ്വാൾ 34 പന്തുകളിൽ നിന്ന് 68 റൺസാണ് നേടിയത്. 5 ബൗണ്ടറികളും 6 സിക്സറുകളും ഈ സൂപ്പർ താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ശേഷം ശിവം ദുബെ 32 പന്തുകളിൽ 63 റൺസുമായി തിളങ്ങിയപ്പോൾ ഇന്ത്യ വിജയത്തിൽ എത്തുകയായിരുന്നു.

മത്സരത്തിലെ ജയസ്വാളിന്റെ പ്രകടനത്തെ പ്രശംസിച്ചു കൊണ്ടാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര സംസാരിച്ചത്. ഇത്തരം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന ജയസ്വാളിനെ ഇന്ത്യ വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലും ഉൾപ്പെടുത്തണമെന്നാണ് ചോപ്രയുടെ പക്ഷം.

ലോകകപ്പിലും ഇന്ത്യയ്ക്ക് ഇത്തരത്തിൽ വെടിക്കെട്ട് തുടക്കങ്ങൾ നൽകാൻ ജയസ്വാളിന് സാധിക്കും എന്നാണ് ചോപ്ര കരുതുന്നത്. “ജയസ്വാൾ യാത്ര തുടരുകയാണ്. അയാൾ ബാറ്റ് ചെയ്യുന്ന രീതി അവിസ്മരണീയമാണ്. ലോകകപ്പിനായി ജയസ്വാളിനെ തിരഞ്ഞെടുത്തില്ലെങ്കിൽ അത് വലിയൊരു അനീതി തന്നെയായിരിക്കും. നിലവിൽ ഇന്ത്യയ്ക്ക് ഒഴിവാക്കാൻ പറ്റാത്ത ഒരു താരമാണ് ജയസ്വാൾ.”

”ആ രീതിയിലാണ് അയാൾ സമീപ മത്സരങ്ങളിൽ റൺസ് കണ്ടെത്തിയിട്ടുള്ളത്. ഇപ്പോൾ ഗില്ലിനേക്കാൾ ഉയരത്തിലാണ് ജയസ്വാൾ എന്ന് പറയാൻ സാധിക്കും. മറ്റൊരു താരത്തിനും അയാളെ സ്പർശിക്കാൻ പോലും സാധിക്കില്ല.”- ആകാശ് ചോപ്ര പറയുന്നു.

“ജയസ്വാളിന്റെ പ്രകടനത്തെ മറികടക്കാൻ മറ്റൊരു താരത്തിനും ശ്രമിക്കാൻ പോലും സാധിക്കില്ല. അത്ര മികച്ച പ്രകടനമാണ് അയാൾ കാഴ്ചവയ്ക്കുന്നത്. ഇന്ത്യ ജയസ്വാളിനെ ഒഴിവാക്കാൻ ശ്രമിക്കരുത്. അല്ലാത്തപക്ഷം 2022ൽ ഇന്ത്യക്ക് സംഭവിച്ചത് വീണ്ടും ഈ ലോകകപ്പിലും സംഭവിക്കും. 2022 ലോകകപ്പിൽ ഇന്ത്യ തുടർന്ന അതേ മനോഭാവം തന്നെ ഈ വർഷവും തുടരേണ്ടിയും വരും.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.

ഇതുവരെ ഇന്ത്യക്കായി 16 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ജയസ്വാൾ 35.57 ശരാശരിയിലാണ് കളിച്ചിട്ടുള്ളത്. 163.81 ആണ് ജയസ്വാളിന്റെ സ്ട്രൈക്ക് റേറ്റ്.

ഇന്ത്യയെ സംബന്ധിച്ച് ജയസ്വാൾ ഒരു അവിഭാജ്യ ഘടകമാണെന്നാണ് മറ്റൊരു മുൻ ഇന്ത്യൻ താരമായ സുരേഷ് റെയ്ന പറയുന്നത്. യാതൊരു ഭയവുമില്ലാതെ ജയസ്വാളിന് ടീമിൽ കളിക്കാൻ സാധിക്കുന്നുണ്ടെന്നും, ആദ്യ ബോൾ മുതൽ ആക്രമണം അഴിച്ചുവിടാൻ അവൻ ശ്രമിക്കുന്നുണ്ടന്നും റെയ്‌ന പറഞ്ഞു.

മാത്രമല്ല മുൻപ് ടെസ്റ്റ് മത്സരത്തിനായി വെസ്റ്റിൻഡീസിൽ കളിച്ച പാരമ്പര്യവും ജയസ്വാളിന് ലോകകപ്പിൽ ഗുണം ചെയ്യും എന്നാണ് റെയ്ന കരുതുന്നത്. ഇന്ത്യയെ സംബന്ധിച്ച് ജയസ്വാളിന്റെ മികച്ച ഫോം ലോകകപ്പിന് മുൻപ് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Previous articleമുഴുവൻ ക്രെഡിറ്റും ധോണിയ്ക്കും ചെന്നൈയ്ക്കും. അവർ എന്നിലർപ്പിച്ച വിശ്വാസമാണ് പ്രചോദനം. ദുബെ പറയുന്നു.
Next articleകോഹ്ലിയുടെ ഉപദേശങ്ങൾ മൈതാനത്ത് വളരെ സഹായിച്ചു. തകർപ്പൻ ഇന്നിങ്സിനെപറ്റി ജയസ്വാൾ.