കോഹ്ലിയുടെ ഉപദേശങ്ങൾ മൈതാനത്ത് വളരെ സഹായിച്ചു. തകർപ്പൻ ഇന്നിങ്സിനെപറ്റി ജയസ്വാൾ.

vk and jaiswal

ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ വളരെ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇടംകയ്യനായ ജയസ്വാൾ കാഴ്ചവെച്ചത്. മത്സരത്തിൽ ഇന്ത്യക്കായി ഓപ്പണിങിറങ്ങിയ ജയസ്വാൾ 34 പന്തുകളിൽ 68 റൺസ് നേടുകയുണ്ടായി. വിരാട് കോഹ്ലിയുമൊപ്പം ചേർന്ന് ഒരു വെടിക്കെട്ട് കൂട്ടുകെട്ടാണ് ജയസ്വാൾ കെട്ടിപ്പടുത്തത്.

കോഹ്ലി തന്റെ മടങ്ങിവരവിൽ 29 റൺസ് സ്വന്തമാക്കുകയുണ്ടായി. മികച്ച ഷോട്ടുകളുമായി ആയിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ് പുരോഗമിച്ചത്. മത്സരത്തിലെ തന്റെ ഇന്നിംഗ്സിനെ പറ്റിയും, കോഹ്ലിയുമായുള്ള സംഭാഷണത്തെപ്പറ്റിയും ജയസ്വാൾ സംസാരിക്കുകയുണ്ടായി. തന്റേതായ രീതിയിൽ ആക്രമിച്ചു കളിക്കാൻ തന്നെയാണ് മത്സരത്തിൽ താൻ ശ്രമിച്ചത് എന്ന് ജയസ്വാൾ പറഞ്ഞു.

ഇതുവരെ താൻ കളിച്ച സ്വതസിദ്ധമായ ശൈലിയിൽ തന്നെയാണ് മത്സരത്തിലും കളിച്ചത് എന്നാണ് ജയസ്വാൾ അവകാശപ്പെടുന്നത്. “ഞാൻ ഏതു തരത്തിലാണോ വെടിക്കെട്ട് തീർക്കുന്നത്, ആ തരത്തിൽ തന്നെ മത്സരത്തിൽ കളിക്കാനാണ് എന്നോട് എല്ലാവരും ആവശ്യപ്പെട്ടത്. അതുതന്നെയാണ് ഞാൻ ചെയ്യാൻ ശ്രമിച്ചതും. പരിശീലന സമയത്ത് ഞാൻ ഒരുപാട് കഠിനപ്രയത്നത്തിൽ ഏർപ്പെട്ടിട്ടുണ്ട്.”

“ഇത്തരത്തിൽ അവസരങ്ങൾ ലഭിക്കുമ്പോൾ ഞാൻ എന്നെക്കൊണ്ടാവുന്ന വിധം മികച്ചതാക്കാൻ ശ്രമിക്കുന്നു. എന്റെ ടീമിനായി മികവ് പുലർത്താൻ എനിക്ക് സാധിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നു. എന്നെ സംബന്ധിച്ച് അത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. എന്റെ മനോഭാവം മൈതാനത്ത് കൃത്യമായി ഉപയോഗിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.”- ജയസ്വാൾ പറഞ്ഞു.

Read Also -  "യുവതാരങ്ങൾക്ക് കോഹ്ലി കൃത്യമായ റോൾമോഡലാണ്. അവനെ കണ്ടുപഠിക്കണം "- മുഹമ്മദ്‌ ഷാമി പറയുന്നു.

“വിരാട് കോഹ്ലിയോടൊപ്പം മൈതാനത്ത് കളിക്കാൻ സാധിച്ചത് എനിക്ക് ഒരുപാട് സന്തോഷം നൽകുന്നു. ഏത് തരത്തിൽ മത്സരത്തിൽ കളിക്കണമെന്നതിനെപ്പറ്റി ഞങ്ങൾ സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നു. ഈ വിക്കറ്റിൽ ഏതുതരം ഷോട്ടുകളാണ് കളിക്കേണ്ടത് എന്നതിനെപ്പറ്റി ഞങ്ങൾക്ക് ബോധ്യമുണ്ടായിരുന്നു.”

“കോഹ്ലിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ എനിക്ക് സാധിച്ചു. ഏതൊക്കെ ഏരിയയിലേക്ക് റൺസ് കണ്ടെത്തണം എന്നതിനെപ്പറ്റി ഞങ്ങൾ ചെറിയ സംഭാഷണങ്ങൾ നടത്തിയിരുന്നു. ഈ വിക്കറ്റിൽ ലോങ് ഓണിനും മിഡോഫിനും മുകളിലൂടെ റൺസ് കണ്ടെത്താൻ സാധിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അവിടെയാണ് ഞങ്ങൾ കൂടുതൽ ശ്രദ്ധിച്ചത്.”- ജയസ്വാൾ കൂട്ടിച്ചേർത്തു.

“പോസിറ്റീവായ ഒരു മനോഭാവം ഞങ്ങൾക്ക് ക്രീസിൽ തുടരുന്ന സമയത്ത് ഉണ്ടായിരുന്നു. അത് പരമാവധി ഉപയോഗിച്ചുകൊണ്ട് മികച്ച ഷോട്ടുകൾ കളിക്കാനാണ് മത്സരത്തിലൂടനീളം ശ്രമിച്ചത്. നായകൻ രോഹിത് ശർമ പറഞ്ഞത് മൈതാനത്തിറങ്ങി എന്റേതായ ശൈലിയിൽ കളിക്കാനാണ്. എന്റെ ഷോട്ടുകൾ മൈതാനത്ത് കാഴ്ചവയ്ക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.”

“അദ്ദേഹം എപ്പോഴും എനിക്ക് മൈതാനത്ത് ആവശ്യമായ പിന്തുണ നൽകിയിട്ടുണ്ട്.”- ജയസ്വാൾ പറഞ്ഞു വെക്കുന്നു. സമീപകാലത്ത് ഇന്ത്യക്കായി ട്വന്റി20കളിലും ടെസ്റ്റ് ക്രിക്കറ്റിലുമടക്കം വളരെ മികച്ച പ്രകടനമാണ് ഈ യുവതാരം കാഴ്ചവെച്ചിട്ടുള്ളത്. ഇത് ഇന്ത്യക്ക് വളരെ വലിയ പ്രതീക്ഷയും നൽകുന്നു.

Scroll to Top