ഒരു റണ്‍ നേടിയപ്പോള്‍ സെഞ്ചുറി അടിച്ച ആഘോഷം. എതിരാളികള്‍ പോലും ആഘോഷിച്ച നിമിഷം

രഞ്ജി ട്രോഫി ടൂര്‍ണമെന്‍റിലെ സെമിഫൈനല്‍ പോരാട്ടത്തില്‍ ഉത്തര്‍പ്രദേശിനെതിരെ മുംബൈക്ക് മേല്‍കൈ. മത്സരത്തിന്‍റെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 133 ന് 1 എന്ന നിലയിലാണ് മുംബൈ. 35 റണ്‍സുമായി ജയസ്വാളും 32 റണ്ണുമായി അര്‍മാന്‍ ജാഫറുമാണ് ക്രീസില്‍. മുംബൈക്ക് ലീഡ് 346 റണ്‍സായി.

മൂന്നാം ദിനത്തില്‍ രസകരമായ കാര്യം അരങ്ങേറി. ഒരറ്റത്ത് പൃഥി ഷാ, അതിവേഗം റണ്‍സ് കണ്ടെത്തിയപ്പോള്‍ മറുവശത്ത് യശ്വസി ജയ്സ്വാള്‍ ഒരു റണ്ണു പോലും നേടിയില്ലാ. ഇരുവരും ചേര്‍ന്ന് 66 റണ്‍സ് കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. അതില്‍ 64 റണ്‍ പൃഥി ഷാ നേടിയപ്പോള്‍ രണ്ട് റണ്‍ എക്സ്ട്രാസിന്‍റെ സംഭാവനയായിരുന്നു.

നേരിട്ട 54ാം പന്തിലാണ് ജയ്സ്വാള്‍ തന്‍റെ ആദ്യ റണ്‍ കണ്ടെത്തിയത്. അങ്കിത് രാജ്പുടിനെ ബൗണ്ടറിയടിച്ചാണ് തന്‍റെ അക്കൗണ്ട് തുറന്നത്. ആദ്യ റണ്‍സ് അടിച്ചതിനെ തുടര്‍ന്ന്, ജയ്സ്വാള്‍ തന്‍റെ ബാറ്റ് ഉയര്‍ത്തി കാണിച്ചു. എതിരാളികളും ടീമംഗങ്ങളും ഒന്നടങ്കം കയ്യടിച്ചാണ് ഇത് ആഘോഷിച്ചത്. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ താരം സെഞ്ചുറി നേടിയിരുന്നു.

2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ വാണ്ടറേഴ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ റണ്‍സ് നേരിടാന്‍ ചേതേശ്വര്‍ പൂജാര 53 പന്തുകള്‍ നേരിട്ടിരുന്നു. 2008ല്‍ ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റില്‍ ആദ്യ റണ്ണെടുക്കാന്‍ ദ്രാവിഡ് 40 പന്ത് നേരിട്ടിരുന്നു. ഒടുവില്‍ ദ്രാവിഡ് ആദ്യ റണ്‍സ് നേടിയപ്പോള്‍ സിഡ്നിയിലെ കാണികള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചു. ദ്രാവിഡ് ബാറ്റുയര്‍ത്തി അവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

Previous articleഓസ്ട്രേലിയക്ക് ഞെട്ടല്‍ ; ആവേശ വിജയം സ്വന്തമാക്കി ശ്രീലങ്ക
Next articleഉമ്രാനെ പോലെ സ്പീഡ് ഇല്ലാ. എന്‍റെ ശ്രദ്ധ മറ്റൊന്ന് ; ഹര്‍ഷല്‍ പട്ടേല്‍