ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഇന്ത്യയ്ക്ക് വമ്പൻ തിരിച്ചടി. ഫൈനലിന് തൊട്ടുമുമ്പായി വലിയൊരു ദുഃഖ വാർത്ത തന്നെയാണ് ഇന്ത്യൻ ടീമിനെ തേടിയെത്തിയിരിക്കുന്നത്. ഇന്ത്യയുടെ മത്സരത്തിലെ നായകനായ രോഹിത് ശർമയ്ക്ക് പരിശീലനത്തിനിടെ പരിക്കേറ്റതാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. നെറ്റ് സെഷനിടെ രോഹിത്തിന്റെ കൈവിരലിന് പരിക്കേറ്റു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതേ സംബന്ധിച്ച് വിശദമായ വിവരങ്ങൾ ബിസിസിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നെറ്റ് സെഷനിടെ പന്ത് കൊണ്ട് രോഹിത്തിന്റെ ഇടതു കൈയുടെ വിരലിനെ പരിക്ക് ഏൽക്കുകയായിരുന്നു. പരിക്കേറ്റത്തോടെ രോഹിത് ശർമ പരിശീലനം നിർത്തുകയുണ്ടായി എന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും ഇന്ത്യൻ നായകന്റെ ഈ പരിക്ക് വലിയ ഭീതിയുണർത്തുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. പരിക്ക് സാരമുള്ളതല്ലെന്നും ഇന്ത്യൻ ടീമിന് മത്സരത്തിൽ ഭീഷണിയാകില്ലെന്നുമാണ് പുതുതായി പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2021ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലും ഇന്ത്യ മുൻപ് കളിച്ചിരുന്നു. എന്നാൽ അന്ന് വിരാട് കോഹ്ലിയുടെ കീഴിൽ കിരീടം ഇന്ത്യ കൈവിട്ടു. എന്നാൽ ഇക്കുറി രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ കിരീടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. അവസാനമായി 2013ലായിരുന്നു ഇന്ത്യ ഒരു ഐസിസി കിരീടം ചൂടിയത്. ശേഷം നീണ്ട പത്തുവർഷങ്ങളിൽ ഇന്ത്യയ്ക്ക് മറ്റൊരു ഐസിസി കിരീടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ആ കാത്തിരിപ്പിന് കൂടി വിരാമമിടാനാണ് ഇന്ത്യ നാളെ ഇറങ്ങുന്നത്.
മറുവശത്ത് ഓസ്ട്രേലിയയും വലിയ പ്രതീക്ഷയോടെ തന്നെയാണ് ഇറങ്ങുന്നത്. ഇന്ത്യയെ സംബന്ധിച്ച് രോഹിത് ശർമ, വിരാട് കോഹ്‌ലി, ശുഭ്മാൻ ഗിൽ തുടങ്ങിയ ബാറ്റർമാരുടെ മികച്ച ഫോമും, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ തുടങ്ങിയ ബോളർമാരുടെ വെടിക്കെട്ട് മികവുമാണ് മത്സരത്തിൽ പ്രതീക്ഷയായുള്ളത്. ഓവൽ മൈതാനത്ത് നാളെ ഇന്ത്യൻ സമയം മൂന്നു മണിക്കാണ് മത്സരം ആരംഭിക്കുന്നത്.