നന്ദി രഹാനെ !! പ്രതിസന്ധി ഘട്ടത്തില്‍ നിന്നും ഇന്ത്യയെ മുന്നോട്ട് നയിച്ചു. തകര്‍പ്പന്‍ ഒരു ക്യാച്ചില്‍ തകര്‍പ്പന്‍ ഇന്നിംഗ്സിനു അവസാനം

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഒരു ഉഗ്രൻ ഇന്നിംഗ്സ് കാഴ്ചവെച്ച് ബാറ്റർ അജിങ്ക്യ രഹാനെ. മത്സരത്തിൽ 129 പന്തുകൾ നേരിട്ട രഹാനെ 89 റൺസാണ് നേടിയത് . രഹാനയുടെ ഇന്നിംഗ്സിൽ 11 ബൗണ്ടറികളും 1 സിക്സറുമാണ് ഉൾപ്പെട്ടത്. മാത്രമല്ല മത്സരത്തിൽ ഇന്ത്യ വളരെ മോശം സാഹചര്യത്തിൽ നിൽക്കുമ്പോഴായിരുന്നു രഹാനയുടെ ഈ രക്ഷകൻ ഇന്നിങ്സ് പിറന്നത്.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 469 റൺസ് എന്ന ആദ്യ ഇന്നിങ്സ് ഇന്നിങ്സ് സ്കോർ മറികടക്കാനിറങ്ങിയ ഇന്ത്യ പതറുകയായിരുന്നു. ഈ സമയത്താണ് അഞ്ചാമനായി രഹാനെ ക്രീസ്സിലെത്തിയത്. രണ്ടാം ദിവസം അതിസൂക്ഷ്മമായി തന്നെയായിരുന്നു രഹാനെ കളിച്ചത്. മറ്റു ബാറ്റർമാർ കൂടാരം കയറിയപ്പോഴും ജഡേജയ്ക്കൊപ്പം രണ്ടാം ദിവസം ഭേദപ്പെട്ട കൂട്ടുകെട്ട് കെട്ടിപ്പിടിക്കാൻ രഹാനേക്ക് സാധിച്ചു. ശേഷം മൂന്നാം ദിവസം രഹാനെ ഓസ്ട്രേലിയൻ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കുന്നതാണ് കണ്ടത്. മൂന്നാം ദിവസത്തിലെ രണ്ടാം പന്തിൽ തന്നെ ഭരതിന്റെ(5) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. എന്നാൽ ശേഷം താക്കൂറിനെ കൂട്ടുപിടിച്ച് രഹാനെ സ്കോർ ചലിപ്പിച്ചു.

സ്കോർ ചെയ്യാൻ ലഭിച്ച ഒരു അവസരവും രഹാനെ നഷ്ടപ്പെടുത്തിയില്ല. ഇതിനിടെ ഫൈൻ ലെഗിന് മുകളിലൂടെ ഒരു തകർപ്പൻ സിക്സർ നേടി രഹാനെ തന്റെ അർധസെഞ്ച്വറിയും പൂർത്തീകരിക്കുകയുണ്ടായി. 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈക്കായി രഹാനെ നടത്തിയ പോരാട്ടത്തിന്റെ ബാക്കിപത്രം തന്നെയാണ് ഓവലിൽ കാണാനായത്. അർത്ഥസെഞ്ച്വറിക്ക് ശേഷവും രഹാനെ കുതിക്കുകയായിരുന്നു. ഒരുവശത്ത് താക്കൂർ ഓസ്ട്രേലിയൻ ബോളർമാർക്ക് മുൻപിൽ വിറച്ചു നിന്നപ്പോൾ, മറുവശത്ത് രഹാനെ ക്ലാസിക് ഷോട്ടുകൾ കൊണ്ട് അമ്മാനമാടി.

ഇതോടെ ഇന്ത്യ മത്സരത്തിൽ മികച്ച നിലയിൽ തന്നെ നിൽക്കുകയാണ്. ആദ്യ രണ്ട് ദിവസങ്ങൾക്ക് ശേഷം ഇന്ത്യയുടെ കയ്യിൽ നിന്നും മത്സരം കൈവിട്ടു പോകുമെന്ന് എല്ലാവരും വിധിയെഴുതിയിരുന്നു. അതിനുശേഷമാണ് രഹാനയുടെ ഈ ഹീറോയിസം. ആദ്യ ഇന്നിങ്സിൽ വലിയ ലീഡ് കരസ്ഥമാക്കാനായി ഇറങ്ങിത്തിരിച്ച ഓസ്ട്രേലിയയ്ക്ക് കിട്ടിയ തിരിച്ചടി തന്നെയായിരുന്നു രഹാനയുടെ ഈ തകർപ്പൻ ഇന്നിംഗ്സ്. എന്തായാലും ഇന്ത്യയ്ക്ക് ആധിപത്യം നേടാനുള്ള വലിയ അവസരം തന്നെയാണ് രഹാനെ നൽകിയത്. ഗ്രീനിന്‍റെ തകര്‍പ്പന്‍ ക്യാച്ചാണ് രഹാനയെ പവലിയനിലെത്തിച്ചത്.

Previous articleഇനി ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയിക്കാൻ പറ്റില്ല. ഉറപ്പിച്ചു പറഞ്ഞ് റിക്കി പോണ്ടിങ്.
Next articleഇന്ത്യ 296 റൺസിന് പുറത്ത്. ആദ്യ ഇന്നിങ്സിൽ വഴങ്ങിയത് 173 റൺസ് ലീഡ്.