ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള കുതിപ്പിലാണ് ഇന്ത്യ, ഓസ്ട്രേലിയ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റുകളിൽ വിജയം കണ്ടതോടെ ഇന്ത്യ ഫൈനലിന് അടുത്തെത്തിയിട്ടുണ്ട്. എന്നിരുന്നാലും ഒരു ടീമിനും ഫൈനലിൽ സ്ഥാനമുറപ്പിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ജൂൺ 7 മുതൽ 11 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ഓവലിൽ നടക്കുന്നത്. ഫൈനലിൽ എത്താനുള്ള ടീമുകളുടെ സാധ്യതകൾ നമുക്ക് പരിശോധിക്കാം.
നിലവിൽ പോയിന്റ്സ് ടേബിൾ മുൻപിലാണെങ്കിലും ഫൈനൽ ഉറപ്പിക്കാൻ സാധിക്കാത്ത ടീമാണ് ഓസ്ട്രേലിയ. ഇന്ത്യക്കെതിരായ അവശേഷിക്കുന്ന ടെസ്റ്റുകളിൽ ഒന്നിൽ വിജയിച്ചാൽ മറ്റു ഫലങ്ങളെ ആശ്രയിക്കാതെ ഫൈനലിലെത്താൻ ഓസ്ട്രേലിയക്ക് സാധിക്കും. ഇനി അവശേഷിക്കുന്ന ടെസ്റ്റുകളിൽ പരാജയപ്പെട്ടാലും ഓസ്ട്രേലിയക്ക് ഫൈനലിലെത്താനാവും. പക്ഷേ ശ്രീലങ്ക-ന്യൂസിലാൻഡ് പരമ്പരയിൽ ന്യൂസിലാൻഡ് പിടിമുറുക്കണമെന്ന് മാത്രം.
ഇന്ത്യയെ സംബന്ധിച്ച് അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിൽ ഒരെണ്ണത്തിൽ ജയിച്ചാൽ മറ്റു ഫലങ്ങളെ ആശ്രയിക്കാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കും. പരമ്പര 3-0, 3-1, 4-0 എന്നീ നിലയിൽ ഏതിലെങ്കിലും വിജയിച്ചാൽ ഇന്ത്യ ഫൈനലിലെത്തുമെന്ന് ഉറപ്പാണ്. മാത്രമല്ല ശേഷിക്കുന്ന മത്സരങ്ങളിൽ രണ്ടിലും പരാജയപ്പെട്ടാലും ഇന്ത്യക്ക് ഫൈനൽ സാധ്യതകളുണ്ട്. ശ്രീലങ്ക 2-0ന് ന്യൂസിലാൻഡിനെ പരാജയപ്പെടുത്താതിരുന്നാൽ മതിയാവും.
ശ്രീലങ്കയെ സംബന്ധിച്ച് ന്യൂസിലാൻഡിനെതിരായ പരമ്പര 2-0ന് വിജയിക്കുക എന്നത് മാത്രമാണ് അവർക്ക് മുൻപിലുള്ള ഏക വഴി. ശേഷം ഓസ്ട്രേലിയയോട് ഇന്ത്യ അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ പരാജയപ്പെടുകയോ, അല്ലാത്തപക്ഷം ഇന്ത്യ 4-0ന് ഓസിസിനെ പരാജയപ്പെടുത്തുകയോ ചെയ്യണം.