ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ആദ്യദിവസം ഓസ്ട്രേലിയൻ ആധിപത്യം. മത്സരത്തിന്റെ ആദ്യദിവസം ഓസ്ട്രേലിയയുടെ ബാറ്റിംഗ് കരുത്ത് തന്നെയാണ് കാണാൻ സാധിച്ചത്. ഓവലിലെ വ്യത്യസ്തമായ പിച്ചിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പിച്ചിൽ നിന്ന് ആദ്യ സമയത്ത് വലിയ രീതിയിലുള്ള സഹായം ലഭിക്കുമെന്ന് രോഹിത് കരുതിയിരുന്നു. ഇതേ പോലെ തന്നെ ആദ്യ മണിക്കൂറിൽ ബോൾ ഇരുവശത്തേക്ക് മൂവ് ചെയ്തത് ഇന്ത്യയ്ക്ക് സഹായകരമായി മാറി. ഓസീസിന്റെ സ്റ്റാർ ഓപ്പണർ ഉസ്മാൻ ഖവാജയെ(0) തുടക്കത്തിൽ തന്നെ മടക്കാനും ഇതോടെ ഇന്ത്യയ്ക്ക് സാധിച്ചു.
എന്നാൽ രണ്ടാം വിക്കറ്റിൽ ഡേവിഡ് വാർണറും ലാബുഷൈനും ചേർന്ന് ഒരു ഭേദപ്പെട്ട കൂട്ടുകെട്ട് ഓസ്ട്രേലിയയ്ക്ക് നൽകുകയായിരുന്നു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 69 റൺസ് ആണ് കൂട്ടിച്ചേർത്തത്. വാർണർ 60 പന്തുകളിൽ 43 റൺസാണ് മത്സരത്തിൽ നേടിയത്. എന്നാൽ ചെറിയ ഇടവേളയിൽ തന്നെ വാർണറേയും ലാബുഷൈനെയും പുറത്താക്കിക്കൊണ്ട് ഇന്ത്യൻ ബോളിങ് നിര വീര്യം കാട്ടി. മത്സരത്തിലേക്ക് ഇന്ത്യ തിരിച്ചു വരുന്നതിന്റെ സൂചനയായിരുന്നു ഇത് നൽകിയത്. ഇതോടെ ഓസ്ട്രേലിയ 76ന് 3 എന്ന നിലയിൽ തകർന്നു.
പക്ഷേ പിന്നീട് ഓസ്ട്രേലിയ തങ്ങളുടെ ആധിപത്യം വീണ്ടെടുക്കുകയായിരുന്നു. നാലാമനായി ക്രീസിലെത്തിയ സ്റ്റീവൻ സ്മിത്തും ട്രാവിസ് ഹെഡും ചേർന്ന് ഓസ്ട്രേലിയയെ മികച്ച നിലയിലേക്ക് എത്തിച്ചു. ട്രാവിസ് ഹെഡ് ഇന്ത്യൻ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച് റൺസ് കണ്ടെത്തി. മറുവശത്ത് സ്റ്റീവൻ സ്മിത്ത് പാറ പോലെ ക്രീസിൽ ഉറയ്ക്കുകയായിരുന്നു. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി നേടിയെടുക്കാനും ഹെഡിന് സാധിച്ചു. ഇതോടെ ഓസ്ട്രേലിയ ആദ്യദിനം മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്നു.
ആദ്യദിവസം മത്സരം അവസാനിക്കുമ്പോൾ 156 പന്തുകളിൽ 146 റൺസാണ് ട്രാവിസ് ഹെഡ് നേടിയിട്ടുള്ളത്. സ്മിത്ത് 227 പന്തുകളിൽ 95 റൺസുമായി പുറത്താകാതെ നിൽക്കുന്നു. ഇരുവരുടെയും ബലത്തിൽ ആദ്യദിനം 3 വിക്കറ്റ് നഷ്ടത്തിൽ 327റൺസാണ് ഓസ്ട്രേലിയ നേടിയിട്ടുള്ളത്. ഇന്ത്യയെ സംബന്ധിച്ച് നിരാശാജനകമായ പ്രകടനം തന്നെയാണ് ബോളർമാർ ആദ്യദിനം കാഴ്ചവെച്ചിട്ടുള്ളത്. അതിനാൽ തന്നെ അടുത്ത ദിവസം മികച്ച പ്രകടനം നടത്തി ഓസ്ട്രേലിയയെ പുറത്താക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.