ഞാനായിരുന്നു നായകനെങ്കിൽ അശ്വിനെ ഫൈനലിൽ കളിപ്പിച്ചേനെ. വിമർശനവുമായി സൗരവ് ഗാംഗുലി.

FyAjJ49agAItUsF

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ഓവലിൽ പുരോഗമിക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ എല്ലാവരെയും ഞെട്ടിപ്പിച്ച ഒരു മാറ്റം മത്സരത്തിലുണ്ടായി. നിലവിൽ ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം നമ്പർ ബോളറായ രവിചന്ദ്രൻ അശ്വിനെ ടീമിൽ നിന്ന് ഇന്ത്യ മാറ്റി നിർത്തിയാണ് ഫൈനലിന് ഇറങ്ങിയത്. ടീം കോമ്പിനേഷനും സാഹചര്യങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഈ തീരുമാനം താൻ കൈക്കൊണ്ടത് എന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പറയുകയുണ്ടായി. പക്ഷേ ആരാധകരടക്കം പലരും അശ്വിനെ ഒഴിവാക്കിയ തീരുമാനത്തെ വിമർശിക്കുകയാണ് ഉണ്ടായത്. ഇതേ സംബന്ധിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ഇപ്പോൾ.

ഓരോ ക്യാപ്റ്റൻമാരും വ്യത്യസ്തരാണെന്നും അതിനാൽതന്നെ തീരുമാനങ്ങളിലും ഇത്തരം മാറ്റങ്ങൾ പ്രതീക്ഷിക്കണമെന്നുമാണ് സൗരവ് ഗാംഗുലി പറയുന്നത്. “ആ തീരുമാനം രോഹിത് തന്ത്രപരമായി എടുത്തതായിയാണ് തോന്നിയത്. ഞാൻ അത്തരം തീരുമാനങ്ങളിൽ വിശ്വസിക്കുന്നില്ല. ഒരു നായകൻ എന്ന നിലയ്ക്ക് ടോസിന് മുമ്പ് നമ്മൾ ഒരു തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. അതിനാൽ തന്നെ ഇന്ന് കളിക്കാൻ ഇറങ്ങുന്നതിന് ഒരുപാട് മുൻപ് തന്നെ തങ്ങളുടെ ടീമിൽ നാല് ഫാസ്റ്റ് ബോളർമാർ ആവശ്യമാണ് എന്ന് ഇന്ത്യ തീരുമാനിച്ചിരിക്കണം. ഈ വിമർശനങ്ങൾക്കിടയിലും നമ്മൾ ഒരു കാര്യം ഓർക്കണം. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഇന്ത്യ നാല് പേസർമാരെ ഉപയോഗിച്ച് ഒരുപാട് മത്സരങ്ങളിൽ വിജയിച്ചിട്ടുമുണ്ട്.”- ഗാംഗുലി പറഞ്ഞു.

See also  പന്ത് - മക്ഗര്‍ക്ക് അറ്റാക്കിൽ ഡൽഹി 🔥🔥 ലക്‌നൗവിനെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു.

“ഇന്ത്യ ടെസ്റ്റ് മത്സരങ്ങളിൽ വിജയം കണ്ടിട്ടുണ്ട്. എന്നിരുന്നാലും അശ്വിന്റെ കാര്യം എന്നോട് ചോദിച്ചാൽ, ഞാനായിരുന്നു നായകനെങ്കിൽ, ഒരുപക്ഷേ ഇങ്ങനെ ചിന്തിക്കില്ലായിരുന്നു. ഓരോ നായകന്മാരും വ്യത്യസ്തരാണ്. രോഹിത്തും ഞാനും തികച്ചും വ്യത്യസ്തമായാണ് ചിന്തിക്കുന്നത്. ഞാനായിരുന്നുവെങ്കിൽ അശ്വിന്റെ നിലവാരമുള്ള ഒരു സ്പിന്നറെ പ്ലെയിങ് ഇലവനിൽ നിന്ന് ഒരിക്കലും ഒഴിവാക്കില്ലായിരുന്നു.”- ഗാംഗുലി കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിന്റെ മുൻ നായകൻ മൈക്കിൾ വോണും ഇതേ സംബന്ധിച്ച് തന്റെ അഭിപ്രായം ട്വിറ്ററിൽ രേഖപ്പെടുത്തിയിരുന്നു. ഇന്ത്യ വരുത്തിയ വലിയ പിഴവ് തന്നെയാണ് അശ്വിനെ ഫൈനലിൽ നിന്ന് ഒഴിവാക്കിയത് എന്നാണ് മൈക്കിൾ വോൺ തന്റെ ട്വിറ്ററിൽ കുറിച്ചത്. മാത്രമല്ല സഞ്ജയ് മഞ്ജരേക്കർ അടക്കമുള്ള മുൻ ക്രിക്കറ്റർമാരും ഇന്ത്യൻ ടീമിന്റെ ഈ തീരുമാനം വളരെ അത്ഭുതമായി തന്നെയാണ് നോക്കി കണ്ടത്.

Scroll to Top