ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് മേൽ ഉജ്ജ്വല വിജയം നേടി മുംബൈയുടെ പെൺപട. മത്സരത്തിൽ 9 വിക്കറ്റുകൾക്കാണ് ഹർമൻപ്രീത്ത് കൗറിന്റെ പട വിജയം സ്വന്തമാക്കിയത്. ബോളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങിയ ഹെയ്‌ലി മാത്യൂസായിരുന്നു മത്സരത്തിൽ മുംബൈയുടെ വിജയശില്പി. ഇതോടെ ടൂർണമെന്റിൽ തങ്ങളുടെ വലിയ ആധിപത്യം തന്നെയാണ് മുംബൈ തുറന്നുകാട്ടിയിരിക്കുന്നത്.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ മികച്ച തുടക്കം ബാംഗ്ലൂരിന് ലഭിച്ചെങ്കിലും, അവരെ പിടിച്ചു കെട്ടുന്നതിൽ മുംബൈ ബോളർമാർ വിജയം കണ്ടു. മുൻനിരയും മധ്യനിരയും തകർന്നു വീണപ്പോൾ വാലറ്റം ബാംഗ്ലൂരിനായി മൈതാനത്ത് പൊരുതുകയായിരുന്നുm 26 പന്തുകൾ നേരിട്ട് 28 റൺസ് നേടിയ റിച്ചാ ഘോഷയിരുന്നു ബാംഗ്ലൂരിന്റെ ഇന്നിംഗ്സിലെ ടോപ്പ് സ്കോറർ. മറുവശത്ത് ഹെയിലി മാത്യൂസ് മുംബൈക്കായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തുകയുണ്ടായി. അങ്ങനെ 155 എന്ന മാന്യമായ സ്കോറിൽ ബാംഗ്ലൂർ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ മുംബൈ ബാറ്റർമാരുടെ കരുത്ത് ബാംഗ്ലൂർ നന്നായി അറിഞ്ഞു. ആദ്യ മത്സരത്തിലേതിന് സമാനമായി രണ്ടാം മത്സരത്തിലും ബാംഗ്ലൂർ ബോളർമാർ നന്നായി തല്ലുകൊണ്ടു. ഓപ്പണർ ഹെയിലി മാത്യൂസായിരുന്നു മുംബൈയ്ക്കായി ക്രീസിൽ താണ്ഡവമാടിയത്. മാത്യൂസ് മത്സരത്തിൽ 38 പന്തുകളിൽ 77 റൺസ് ആണ് നേടിയത്. ഒപ്പം നാറ്റ് സ്കീവർ 29 പന്തുകളിൽ 55 റൺസ് നേടി മാത്യൂസിന് പിന്തുണ നൽകി. അങ്ങനെ മുംബൈ 34 പന്തുകൾ ശേഷിക്കെ 9 വിക്കറ്റുകൾക്ക് വിജയം കാണുകയാണുണ്ടായത്.
പേപ്പറിലെ കരുത്തരായ ബാംഗ്ലൂരിനെ വീണ്ടും നിരാശയിലാഴ്ത്തുന്ന പരാജയം തന്നെയാണ് ഇത്. വമ്പൻ താരങ്ങളെ ലേലത്തിൽ സ്വന്തമാക്കിയിട്ടും അവരെ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ ബാംഗ്ലൂരിന് സാധിക്കുന്നില്ല. എന്തായാലും ആദ്യ രണ്ടു മത്സരങ്ങളിലെ പരാജയം ബാംഗ്ലൂരിനെ വലിയ രീതിയിൽ ബാധിക്കും എന്നത് ഉറപ്പാണ്.