വനിതാ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ആറാടി തിമർത്ത് ഡൽഹി ബാറ്റിംഗ് നിര. ശക്തരായ ബാംഗ്ലൂർ ടീമിനെതിരെ ഒരു അത്യുഗ്രൻ ബാറ്റിംഗ് പ്രകടനം തന്നെയാണ് ഡൽഹി സംഘം കാഴ്ച വച്ചിരിക്കുന്നത്. ഓപ്പണർമാരായ ഷഫാലി വർമ്മയുടെയും മെഗ് ലാനിങ്ങിന്റെയും വെടിക്കെട്ടാണ് മത്സരത്തിൽ ഡൽഹിക്ക് കരുത്തുറ്റ ആദ്യ ഇന്നിങ്സ് സ്കോർ നൽകിയത്. ബാറ്റിംഗിന് പൂർണമായും അനുകൂലമായ പിച്ചിൽ നിശ്ചിത 20 ഓവറുകളിൽ 223 റൺസ് ആണ് ഡൽഹി നേടിയിട്ടുള്ളത്.
മത്സരത്തിൽ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂരിന് മുൻപിൽ ഡൽഹി ഓപ്പണർമാർ നിറഞ്ഞൊടുകയായിരുന്നു. ഷഫാലി വർമ്മയുടെയും മെഗ് ലാനിങ്ങിന്റെയും മുൻപിൽ ബാംഗ്ലൂർ ബോളർമാർ പൂർണമായും അടിയറവ് പറഞ്ഞു. 91 പന്തുകളിൽ നിന്ന് 162 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും മത്സരത്തിൽ നേടിയത്. നായിക ലാനിങ് 43 പന്തുകളിൽ 14 ബൗണ്ടറികളുടെ അകമ്പടിയോടെ 72 റൺസ് നേടുകയുണ്ടായി. ഷഫാലി വർമ്മ മറുവശത്ത് 45 പന്തുകളിൽ 84 റൺസുമായി കളംനിറഞ്ഞു. പത്തു ബൗണ്ടറികളും നാല് സിക്സറുകളുമായിരുന്നു ഷഫാലിയുടെ ഇന്നിംഗ്സിൽ അകമ്പടിയായത്.
എന്നാൽ നിർണായ സമയത്ത് ഇരുവരെയും കൂടാരം കയറ്റാൻ ബാംഗ്ലൂർ ബോളർ ഹീതർ നൈറ്റിന് സാധിച്ചു. 15ആം ഓവറിലെ മൂന്നാം പന്തിൽ ലാനിങ്ങിന്റെ കുറ്റി പിഴുത നൈറ്റ്, രണ്ടു പന്തുകൾക്ക് ശേഷം ഷഫാലിയെ റിച്ചാ ഘോഷിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. എന്നാൽ ശേഷം മൈതാനത്തെത്തിയ കാപ്പും(39) റോഡ്രിഗസും(22) അടിച്ചു തകർത്തതോടെ ബാംഗ്ലൂരിന്റെ സ്കോർ വീണ്ടും കുതിച്ചു. മത്സരത്തിന്റെ നിശ്ചിത 20 ഓവറുകളിൽ 223 റൺസാണ് ഡൽഹി ടീം നേടിയത്.
ഡൽഹിയെ സംബന്ധിച്ച് വളരെ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയാണ് മത്സരത്തിൽ കാഴ്ചവച്ചിട്ടുള്ളത്. മറുവശത്ത് എന്തുചെയ്യണമെന്ന അവസ്ഥയിലായിരുന്നു മന്ദന മത്സരത്തിലുടനീളം. എന്തായാലും ആദ്യ ബോൾ മുതൽ അടിച്ചു കളിക്കാനുള്ള ആരംഭിക്കാനുള്ള ശ്രമത്തിൽ തന്നെയാണ് ശക്തമായ ബാംഗ്ലൂർ നിര.