അഫ്ഗാനിലെ ഭൂകമ്പ ബാധിതർക്കായി ഞങ്ങൾ ഈ വിജയം സമർപ്പിക്കുന്നു. പ്ലയർ ഓഫ്ദ് മാച്ചായ മുജീബ് പറയുന്നു.

ഇംഗ്ലണ്ടിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഞെട്ടിക്കുന്ന വിജയം തന്നെയാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ ഗുർബാസിന്റെ തകർപ്പൻ ഇന്നിംഗ്സിന്റെ ബലത്തിൽ 284 റൺസ് സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാൻ ബോളർമാർ വരിഞ്ഞു മുറുകുകയായിരുന്നു.

കേവലം 215 റൺസിന് ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് അവസാനിച്ചു. മത്സരത്തിൽ 69 റൺസിന്റെ വിജയമായിരുന്നു അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാന്റെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത് ബോളർ മുജീബ് ഉർ റഹ്മാനായിരുന്നു. മത്സരത്തിൽ വളരെ നിർണ്ണായകമായ മൂന്ന് വിക്കറ്റുകളാണ് മുജീബ് വീഴ്ത്തിയത്. മത്സരത്തിലെ പ്രകടനത്തെപ്പറ്റി മുജീബ് സംസാരിക്കുകയുണ്ടായി.

“ഈ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ട്. ഞങ്ങളുടെ ടീമിനെ സംബന്ധിച്ച് ഇത് വലിയൊരു അംഗീകാരം തന്നെയാണ്. ഈ ദിവസത്തിനായി ഞങ്ങൾ ഒരുപാട് കഠിനപ്രയത്നം ചെയ്തിരുന്നു. അത്രമാത്രം വലിയൊരു ടീമിനെയാണ് ഞങ്ങൾ പരാജയപ്പെടുത്തിയിരിക്കുന്നത്.

ബോളർമാരിൽ നിന്നും ബാറ്റർമാരിൽ നിന്നും അൽഭുതകരമായ പ്രകടനങ്ങൾ തന്നെയാണ് മത്സരത്തിൽ ഉണ്ടായത്. ഒരു സ്പിന്നർ എന്ന നിലയ്ക്ക് പവർപ്ലേ ഓവറുകളിൽ പന്തറിയുക അല്പം ബുദ്ധിമുട്ടാണ്. കാരണം രണ്ട് ഫീൽഡർമാർ മാത്രമാണ് പവർപ്ലേ ഓവറുകളിൽ സർക്കിളിന് പുറത്തുള്ളത്. അതിനാൽ തന്നെ ഇത്തരം ഓവറുകളിൽ പന്ത് എറിയുന്നതിനായി ഞാൻ പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു.”- മുജീബ് പറഞ്ഞു.

“ന്യൂബോളിൽ എറിയുമ്പോൾ കൂടുതലായി കൃത്യതയ്ക്കാണ് പ്രാധാന്യം. കൃത്യതയോടെ പന്തറിഞ്ഞാൽ അത് കൂടുതൽ കാര്യക്ഷമമായി മാറും. ഞാൻ എപ്പോഴും സ്റ്റമ്പ് ടു സ്റ്റമ്പ് പന്തറിയാനും കാര്യങ്ങൾ ലളിതമായി മാറ്റാനുമാണ് ശ്രമിക്കുന്നത്. മത്സരത്തിന്റെ അവസാന ഭാഗങ്ങളിൽ മഞ്ഞുതുള്ളികൾ നിർണായക സാന്നിധ്യമാകുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.

അതിനാൽ തന്നെയാണ് ക്യാപ്റ്റനോട് പവർപ്ലെയിൽ തന്നെ ഓവറുകൾ നൽകാൻ ഞാൻ ആവശ്യപ്പെട്ടത്. ഞങ്ങൾ മാനസികപരമായി നന്നായി തയ്യാറെടുത്തിരുന്നു. എന്റെ ബാറ്റിംഗിൽ വളരെ സഹായകരമായി മാറിയത് മാനേജ്മെന്റും കളിക്കാരും തന്നെയാണ്. അവരാണ് എനിക്ക് ആത്മവിശ്വാസം നൽകാറുള്ളത്.”- മുജീബ് കൂട്ടിച്ചേർക്കുന്നു.

“ഞാൻ നേടിയ 20-25 റൺസ് ടീമിനെ സംബന്ധിച്ച് വളരെ വിലപ്പെട്ടതായിരുന്നു. മത്സരത്തിൽ അതിന് പ്രത്യേക പങ്കുണ്ടായിരുന്നു. ഈ മാൻ ഓഫ് ദി മാച്ച് പുരസ്കാരം അഫ്ഗാനിസ്ഥാനിലെ ഹരാത്തിൽ ഭൂകമ്പം മൂലം ദുരിതമനുഭവിക്കുന്ന ജനതയ്ക്കായി ഞാൻ സമർപ്പിക്കുകയാണ്. ഞങ്ങളുടെ മത്സരത്തിലെ വിജയം അവർക്കായുള്ളതാണ്.”- മുജീബ് പറഞ്ഞുവെക്കുന്നു. മത്സരത്തിൽ നിശ്ചിത 10 ഓവറുകളിൽ 51 റൺസ് വിട്ടു നൽകിയായിരുന്നു മുജീബ് മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയത്.

Previous articleഅമ്പമ്പോ, ഞെട്ടിക്കുന്ന അട്ടിമറി. ലോക ചാമ്പ്യൻമാരെ തോൽപിച്ച് അഫ്ഗാനിസ്ഥാൻ.
Next articleബാബർ ഇന്ത്യയ്‌ക്കെതിരെ കളിച്ചത് സ്വാർത്ഥത നിറഞ്ഞ ഇന്നിങ്സ്. ഭീരുവിനെപോലെ. ഗംഭീർ പറയുന്നു