വീണ്ടും റാങ്കിങ്ങിൽ കുതിച്ച് വില്യംസൺ :ജഡേജക്ക്‌ തിരിച്ചടി

ക്രിക്കറ്റ്‌ ആരാധകർ എല്ലാവരും ഇപ്പോൾ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനെ സംബന്ധിച്ച ചർച്ചകളിൽ സജീവമാണ്. കരുത്തരായ ഇന്ത്യൻ ടീമും ന്യൂസിലാൻഡ് ടീമും തമ്മിൽ ആവേശം പോരാട്ടത്തിൽ സതാംപ്ടണിൽ മത്സരം ആറാം ദിനത്തിലേക്ക് നീണ്ടപ്പോൾ എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി കിവീസ് നായകൻ കെയ്ൻ വില്യംസൺ പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടം ഉയർത്തി.

ടെസ്റ്റ് ലോകകപ്പ് കിരീട വിജയത്തിന് പിന്നാലെ കെയ്ൻ വില്യംസൺ ഐസിസി പുറത്തിറക്കിയ ടെസ്റ്റ് റാങ്കിങ്ങിൽ ഇപ്പോൾ ബാറ്റ്‌സ്മാന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ചു.ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ഗംഭീര ബാറ്റിങ് പ്രകടനമാണ് താരത്തിന് മുൻപ് നഷ്ടമായ ഒന്നാം റാങ്ക് ഇപ്പോൾ തിരികെ പിടിക്കാൻ സഹായകമായത്.

പുതുക്കിയ ഐസിസി റാങ്കിങ് പ്രകാരം വില്യംസൺ 901 പോയിന്റ് കരസ്ഥമാക്കി ഒന്നാം സ്ഥാനത്തേക്ക് എത്തിയപ്പോൾ മുൻ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് 891 റാങ്കിങ് പോയിന്റുമായി സ്ഥിതി ചെയ്യുന്നു. കരിയറിൽ ആദ്യമായിട്ടാണ് വില്യംസൺ 900 റാങ്കിങ് പോയിന്റ് എന്ന നേട്ടം മറികടക്കുന്നത്.ഇന്ത്യൻ ടീമിന് എതിരായ ഫൈനലിൽ 2 ഇന്നിങ്സിലും മികച്ച ബാറ്റിങ് പുറത്തെടുത്ത കെയ്ൻ വില്യംസൺ ആദ്യ ഇന്നിങ്സിൽ 49 റൺസ് നേടിയപ്പോൾ രണ്ടാം ഇന്നിങ്സിൽ 52 റൺസ് അടിച്ചെടുത്തു.

അതേസമയം ടെസ്റ്റിലെ ഓൾറൗണ്ടർമാർ റാങ്കിങ്ങിൽ ഇന്ത്യൻ താരം ജഡേജക്ക്‌ ഒന്നാം സ്ഥാനം നഷ്ടമായി. ഫൈനലിന് മുൻപായി ഒന്നാം റാങ്കിൽ എത്തിയ സ്റ്റാർ ഓൾ റൗണ്ടറെ വിൻഡീസ് ടീം നായകൻ ജേസൺ ഹോൾഡറാണ് മറികടന്നത്. ടെസ്റ്റ് റാങ്കിങ്ങിൽ ബാറ്റ്‌സ്മാന്മാരുടെ പട്ടികയിൽ വിരാട് കോഹ്ലി, രോഹിത് ശർമ റിഷാബ് പന്ത് എന്നിവരാണ് ആദ്യത്തെ പത്തിലുള്ളത്.ഫൈനലിൽ മികച്ച ബൗളിംഗ് കാഴ്ചവെച്ച് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ജാമിസൺ തന്റെ കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിങ്ങിൽ എത്തി. അദ്ദേഹം ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ പതിമൂന്നാമത് എത്തി.

Previous articleധോണിയുടെ ക്യാപ്റ്റൻസിയിലും തോറ്റല്ലോ :കുഴപ്പം കോഹ്ലിക്ക് അല്ലെന്ന് തുറന്ന് പറഞ്ഞ് ആകാശ് ചോപ്ര
Next articleഇംഗ്ലണ്ട് പരമ്പരക്ക് മുന്‍പേ തിരിച്ചടി. ശുഭ്മാന്‍ ഗില്ലിനു പരിക്ക്.