2015 ലോകകപ്പിൽ നിന്ന് ഞങ്ങളെ ഒഴിവാക്കിയത് എന്തിന്? ചോദ്യവുമായി ഹർഭജൻ സിംഗ്.

Harbhajan Singh

ഇന്ത്യയെ സംബന്ധിച്ച് ഒരു ചരിത്ര വിജയമായിരുന്നു 2011 ഏകദിന ലോകകപ്പിൽ സ്വന്തമാക്കിയത്. 1983ന് ശേഷം മറ്റൊരു ഏകദിന ലോകകപ്പ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ വമ്പൻ പ്രകടനം കാഴ്ചവച്ച് ഇന്ത്യ 2011ൽ കിരീടം ചൂടുകയുണ്ടായി.

പക്ഷേ ഇതിന് ശേഷം ഇന്ത്യൻ ടീമിൽ വന്ന ചില മാറ്റങ്ങൾ പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഇതിന് ശേഷം 2015ലാണ് ഏകദിന ലോകകപ്പ് നടന്നത്. എന്നാൽ 2011 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച പല താരങ്ങളെയും 2015 ലോകകപ്പിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനെപ്പറ്റിയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് സംസാരിക്കുന്നത്.

ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയുടെ ഈ തീരുമാനങ്ങളെ ചോദ്യം ചെയ്താണ് ഹർഭജൻ രംഗത്ത് വന്നത്. 2011 ലോകകപ്പിൽ ഇന്ത്യയുടെ മാച്ച് വിന്നർമാരായിരുന്ന സഹീർ ഖാൻ, ഹർഭജൻ സിംഗ്, ഗൗതം ഗംഭീർ, യുവരാജ് സിംഗ്, വീരേന്ദർ സേവാഗ് എന്നിവരെ 2015 ലോകകപ്പിലേക്ക് പരിഗണിക്കാതിരുന്നതിനെ സംബന്ധിച്ചാണ് ചോദ്യം ഉയർന്നിരിക്കുന്നത്. തന്നെ സംബന്ധിച്ച് ഈ ചോദ്യം ഇപ്പോഴും സംശയം ഉണ്ടാക്കുന്ന ഒന്നാണ് എന്ന് ഹർഭജൻ പറഞ്ഞു.

2011 ലോകകപ്പിന് ശേഷവും ടീമിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഈ സീനിയർ താരങ്ങൾക്ക് സാധിച്ചിരുന്നു എന്നാണ് ഹർഭജൻ കരുതുന്നത്. എന്നാൽ എന്തുകൊണ്ടാണ് തങ്ങളെ 2015 ലോകകപ്പിൽ നിന്ന് മാറ്റി നിർത്തിയത് എന്ന് ഹർഭജന് ഇപ്പോഴും വ്യക്തമല്ല.

Read Also -  "രോഹിതിന്റെ ആ തന്ത്രമാണ് ഞങ്ങളെ തോൽപിച്ചത്", ബംഗ്ലാദേശ് പരിശീലകൻ തുറന്ന് പറയുന്നു.

“എന്നെ സംബന്ധിച്ച് ഇത് ഇപ്പോഴും ഒരു ചുരുളഴിയാത്ത രഹസ്യമാണ്. എന്തുകൊണ്ടാണ് എന്നെയും സഹീർ ഖാനെയും യുവരാജ് സിംഗിനേയും ഗൗതം ഗംഭീറിനെയും വീരേന്ദർ സേവാഗിനെയും 2015 ഏകദിന ലോകകപ്പിൽ നിന്ന് ഒഴിവാക്കിയത് എന്നെനിക്കറിയില്ല. ഞങ്ങൾ മികച്ച ഫിറ്റ്നസോടെയാണ് ടീമിൽ കളിച്ചിരുന്നത്. മികച്ച പ്രകടനങ്ങൾ ടീമിനായി കാഴ്ചവയ്ക്കാനും ഞങ്ങൾക്ക് സാധിച്ചിരുന്നു. ഒരുപക്ഷേ അന്ന് തീരുമാനം കൈക്കൊള്ളുന്ന ആളുകൾക്ക് മറ്റൊരു ചിന്ത ഉണ്ടായിരിക്കാം. ഞങ്ങളിൽ നിന്ന് ലഭിക്കേണ്ടതൊക്കെയും 2011 ലോകകപ്പിൽ ലഭിച്ചു എന്ന് അവർ ചിന്തിച്ചിരിക്കാം.”- ഹർഭജൻ സിംഗ് പറയുന്നു.

ഇതേ സംബന്ധിച്ച് മുൻപ് വലിയ വിവാദങ്ങൾ തന്നെ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇന്ത്യയുടെ നായകനായ മഹേന്ദ്ര സിംഗ് ധോണിയുടെ ഇടപെടൽ മൂലമാണ് ഇത്തരത്തിൽ ഇതിഹാസ താരങ്ങളെ 2015 ലോകകപ്പിൽ നിന്നും മാറ്റി നിർത്തിയത് എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

ധോണിയ്ക്ക് ഒരു പുതിയ ടീമിനെ കെട്ടിപ്പടുക്കുക എന്ന ആവശ്യമായിരുന്നു ഉണ്ടായിരുന്നതെന്നും, അതിനാൽ പഴയ താരങ്ങളെ മാറ്റിനിർത്തുകയായിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2015 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച ടൂർണമെന്റ് തന്നെയായിരുന്നു. ടൂർണമെന്റിന്റെ സെമിഫൈനൽ വരെ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. എന്നാൽ സെമിയിൽ ഓസ്ട്രേലിയക്കെതിരെ പരാജയപ്പെട്ട് ഇന്ത്യ പുറത്താവുകയായിരുന്നു.

Scroll to Top