ഐപിൽ പതിനാലാം സീസണിലെ തുടർ ജയങ്ങൾ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന് സമ്മാനിച്ചത് പ്ലേഓഫ് യോഗ്യതയാണ്.2020ലെ സീസണിൽ ആദ്യമായി പ്ലേഓഫ് പ്രവേശനം നേടുവാൻ കഴിയാതെ തന്നെ പുറത്തായ ചെന്നൈ ടീമിന് ഇത്തവണ കിരീടം നേടേണ്ടത് അഭിമാന പ്രശ്നമാണ്. കൂടാതെ വയസ്സൻ പട എന്നുള്ള ക്രിക്കറ്റ് പ്രേമികളുടെ വിമർശനത്തിനും കിരീട ജയത്തിലൂടെ മറുപടി നൽകുവാനാകും എന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ് ടീം വിശ്വസിക്കുന്നത്. അതേസമയം കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ വമ്പൻ തോൽവികൾ നേരിടേണ്ടി വന്നത് ചെന്നൈ ടീമിന്റെ പ്രിയ ആരാധകരെ അടക്കം ആശങ്കയിലാക്കി മാറ്റുന്നുണ്ട്. കൂടാതെ ഓപ്പണർമാരുടെ മാത്രം ഫോമിനെ ആശ്രയിക്കുന്ന ഒരു ടീമാണോ ചെന്നൈ എന്നുള്ള ചോദ്യവും ഉയരുന്നുണ്ട്. ഡൽഹി ക്യാപിറ്റൽസ് ടീം ഇന്നലെ നടന്ന മത്സരത്തിൽ 3 വിക്കറ്റ് ജയമാണ് ചെന്നൈക്ക് എതിരെ നേടിയത്. പതിവ് പോലെ ധോണിയടക്കം പ്രമുഖ ബാറ്റ്‌സ്മാന്മാർ താളം കണ്ടെത്തിയില്ല എന്നത് ചാമ്പ്യൻ ടീമിനെ ബാധിച്ചു.
എന്നാൽ ചെന്നൈ ടീമിന്റെ തോൽവിക്ക് ഒപ്പം സജീവ ചർച്ചയായി മാറുന്നത് സ്റ്റാർ ബാറ്റ്‌സ്മാൻ സുരേഷ് റെയ്നയെ ഇന്നലെ മത്സരത്തിൽ ചെന്നൈ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ നിന്നും ഒഴിവാക്കിയതാണ്. റെയ്നക്ക് പകരം ഉത്തപ്പ ടീമിലേക്ക് എത്തി എങ്കിലും താരത്തിനും തിളങ്ങാൻ സാധിച്ചില്ല.സീസണിൽ മോശം ബാറ്റിങ് ഫോം തുടരുന്ന റെയ്നയെ മാറ്റണം എന്ന് മുൻ താരങ്ങൾ അടക്കം ആവശ്യം പല തവണ ഉന്നയിച്ചതാണ്. കൂടാതെ സുരേഷ് റെയ്നക്ക് സപ്പോർട്ട് നൽകുന്ന ടീമിന്റെ തീരുമാനത്തെയും ആരാധകർ അടക്കം വിമർശിച്ചിരുന്നു.2021 സീസണിൽ വെറും 168 റൺസാണ് ഇടംകയ്യൻ ബാറ്റ്‌സ്മാൻ നേടിയത്. റെയ്നക്ക് പകരം എത്തിയ ഉത്തപ്പ 19 റൺസ് നേടി പുറത്തായി.
അതേസമയം ചെന്നൈ ടീമിലെ ഏറ്റവും പ്രധാന താരമായ റെയ്ന എന്തുകൊണ്ട് കളിക്കുന്നില്ലയെന്ന കാര്യം ടോസിന് പിന്നാലെ വിശദമാക്കുകയാണ് നായകൻ ധോണി. റെയ്നയുടെ ഇടത്തേ കാലിന് പരിക്കുണ്ടെന്ന് പറഞ്ഞ ധോണി മിക്ക താരങ്ങളെയും ഫിറ്റാക്കി നിർത്താനാണ് ടീം ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. സീസണിൽ മോശം ഫോമിലുള്ള ധോണി സ്വയം പ്ലേയിംഗ് ഇലവനിൽ നിന്നും മാറ്റം നേടാതെ റെയ്ന അടക്കമുള്ള താരങ്ങളെ മാറ്റുന്നത് ശരിയല്ല എന്നു ക്രിക്കറ്റ് ലോകം നിരീക്ഷിക്കുന്നു. ഇന്നലെ ഡൽഹിക്ക് എതിരെ 27 ബോളിൽ ഒരു ബൗണ്ടറികൾ പോലും നേടാതെയുള്ള ധോണിയുടെ ഇന്നിംഗ്സ് തോൽവിക്കുള്ള കാരണമായി അഭിപ്രായങ്ങൾ വരുന്നുണ്ട്. കൂടാതെ ജഡേജക്കും മുൻപായി ബാറ്റ് ചെയ്യാൻ എത്തിയ ധോണിക്ക് പിഴച്ചുവെന്നും മിക്ക ആരാധകരും ചൂണ്ടികാണിക്കുന്നു