കുറച്ചധികം കാലങ്ങളായി ഇന്ത്യൻ ക്രിക്കറ്റിലെ ഒരു അഭിവാജ്യ ഘടകമാണ് വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ രാഹുൽ. 2023ൽ ഏകദിന ലോകകപ്പിലടക്കം ഇന്ത്യക്കായി മികവ് പുലർത്തിയിട്ടുള്ള താരമാണ് രാഹുൽ. എന്നാൽ കുറച്ചധികം കാലമായി രാഹുൽ ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിട്ടു നിന്നിരുന്നു. ഇപ്പോൾ 2024 ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ രാഹുലിനെ ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു.
തനിക്ക് ഏത് ഫോർമാറ്റിലും, ടീം ആവശ്യപ്പെടുന്നതനുസരിച്ച് കളിക്കാൻ താല്പര്യമുണ്ട് എന്ന് രാഹുൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് ശേഷം പറഞ്ഞിരുന്നു. രാഹുലിനെ ഇന്ത്യ ട്വന്റി20 ക്രിക്കറ്റിൽ ഉൾപ്പെടുത്തിയാൽ 3 തരത്തിലാണ് അത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുക.
1. മധ്യനിരയിലെ ശക്തിയായി മാറും
മധ്യനിരയിൽ ഇന്ത്യക്ക് കൃത്യമായ ബലം നൽകാൻ സാധിക്കും എന്നതാണ് രാഹുലിന്റെ ഏറ്റവും വലിയ പ്രത്യേകത. യുവതാരങ്ങൾ അണിനിരക്കുന്ന ട്വന്റി20 ടീമിൽ രാഹുലിന്റെ പരിചയസമ്പന്നത ഇന്ത്യയ്ക്ക് വളരെ ഗുണം ചെയ്തേക്കും. സൂര്യകുമാർ യാദവും രാഹുലും മധ്യനിരയും ഇറങ്ങുമ്പോൾ അതിൽ യുവത്വത്തിന്റെയും പരിചയസമ്പന്നതയുടെയും മികച്ച ഒരു മിക്സ് ഉണ്ടാവും.
മാത്രമല്ല ഇഷാൻ കിഷൻ, തിലക് വർമ, റിങ്കു സിംഗ് തുടങ്ങിയ യുവ താരങ്ങൾക്ക് രാഹുൽ ഒരു വഴികാട്ടി കൂടിയായി മാറിയേക്കാം. കൃത്യമായി തന്റെ ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കി കളിക്കുന്ന താരമാണ് രാഹുൽ. അതുകൊണ്ടു തന്നെ അഫ്ഗാനിസ്ഥാന് എതിരായ ട്വന്റി20 പരമ്പരയിലൂടെ രാഹുൽ തിരികെ ട്വന്റി20 ടീമിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
2. മൈതാനത്തെ പരിചയസമ്പന്നത
മൈതാനത്ത് പരിചയസമ്പന്നത പുലർത്താൻ സാധിക്കും എന്നതാണ് രാഹുലിന്റെ മറ്റൊരു പ്രത്യേകത. വിക്കറ്റ് കീപ്പറായി രാഹുൽ കളിക്കുകയാണെങ്കിൽ, അത് ഇന്ത്യൻ ടീമിന് മൈതാനത്ത് വലിയ മേൽക്കൈ നൽകും. അഥവാ ഇന്ത്യ ട്വന്റി20 ടീമിൽ ജിതേഷിനെയോ ഇഷാനെയോ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്താലും മൈതാനത്ത് രാഹുലിന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് ഗുണം ചെയ്യും.
എല്ലായിപ്പോഴും മൈതാനത്ത് ശാന്തനായി തുടർന്ന് കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്ന താരമാണ് കെഎൽ രാഹുൽ. 2024 ട്വന്റി20 ലോകകപ്പിൽ രാഹുലിന്റെ പരിചയസമ്പന്നയ്ക്ക് വലിയ പ്രാധാന്യമുണ്ട് എന്നാണ് കരുതപ്പെടുന്നത്.
3. പാണ്ഡ്യയുടെ അഭാവത്തിൽ നായകനാവാം.
ഹർദിക് പാണ്ഡ്യയ്ക്ക് നായകനായി മത്സരത്തിൽ കളിക്കാൻ സാധിച്ചില്ലെങ്കിലും, രാഹുലിന് ആ വിടവ് ഇല്ലാതാക്കാൻ സാധിച്ചേക്കും. നിലവിൽ പരിക്കിന്റെ പിടിയിലാണ് ഹർദിക് പാണ്ഡ്യ ഉള്ളത്. 2023 ഏകദിന ലോകകപ്പിനിടെയാണ് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. അഥവാ പാണ്ഡ്യയ്ക്ക് പരിക്ക് മൂലം പ്രശ്നങ്ങൾ നേരിടേണ്ടി വരുകയാണെങ്കിൽ, രാഹുൽ പകരക്കാരനായി എത്തിയേക്കാം.
ഇക്കാരണങ്ങളൊക്കെ കൊണ്ടു തന്നെ അഫ്ഗാനിസ്ഥാനെതിരായ 3 ട്വന്റി20 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ രാഹുലിനെ ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.