ഇന്ത്യയുടെ 2023 ഏഷ്യാകപ്പിനുള്ള സ്ക്വാഡിൽ ഒരുപാട് സംശയങ്ങൾ നിലനിൽക്കുകയാണ്. പരിക്കിന്റെ പിടിയിൽ നിന്ന് തിരിച്ചെത്തുന്ന കെ എൽ രാഹുലിനെയും ശ്രേയസ് അയ്യരെയും ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും കെ എൽ രാഹുലിനെ മറ്റൊരു പരുക്ക് കൂടി പറ്റിയിട്ടുണ്ട് എന്നാണ് ഇന്ത്യയുടെ ചീഫ് സെലക്ടർ അജിത്ത് അഗാർക്കർ അറിയിച്ചത്.
ഈ സാഹചര്യത്തിൽ എന്തിനാണ് രാഹുലിനെ വീണ്ടും സ്ക്വാഡിൽ ഉൾപ്പെടുത്തിയത് എന്നത് അടക്കമുള്ള ചോദ്യങ്ങളും ഉയരുന്നു. ഇന്ത്യയുടെ ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ രാഹുൽ കളിക്കില്ല എന്നതിനാൽ തന്നെ രാഹുലിനെ മെയിൻ സ്ക്വാഡിൽ ഉൾപ്പെടുത്തി, സഞ്ജു സാംസനെ ഒഴിവാക്കിയ ഇന്ത്യയുടെ തീരുമാനത്തെയാണ് എല്ലാവരും ചോദ്യം ചെയ്യുന്നത്. ഇതിനെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് മുൻ പാക്കിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേറിയ.
പരിക്കിന്റെ സാഹചര്യത്തിൽ കെ എൽ രാഹുലിനെ ഇന്ത്യ റിസർവ് കളിക്കാരനായി നിർത്തേണ്ടിയിരുന്നു എന്നാണ് കനേറിയ പറയുന്നത്. “ടെസ്റ്റ് ക്രിക്കറ്റിൽ അത്ര മികച്ച പ്രകടനങ്ങൾ ആയിരുന്നില്ല രാഹുൽ കാഴ്ചവച്ചത്. അതിനാലാണ് രാഹുലിന്റെ ടെസ്റ്റിലെ സ്ഥാനം നഷ്ടമായത്. ശേഷം ഐപിഎല്ലിലും റൺസ് കണ്ടെത്താൻ രാഹുൽ നന്നേ വിഷമിച്ചു.
അതിനിടെ അയാൾക്ക് പരിക്കു പറ്റുകയും, ശേഷം ഇപ്പോൾ ടീമിലേക്ക് തിരിച്ചുവരുകയും ചെയ്യുകയാണ്. ഇത് തീർത്തും അനീതിപരമാണ്. ഇത്തരത്തിൽ രാഹുലിന് ഇന്ത്യ വീണ്ടും അവസരം നൽകുകയാണെങ്കിൽ, സഞ്ജു സാംസണെയും സ്ക്വാഡിൽ ഉൾപ്പെടുത്തേണ്ടിയിരുന്നു. രാഹുൽ ഒരു റിസർവ് കളിക്കാരനായായിരുന്നു സ്ക്വാഡിൽ അണിനിരക്കേണ്ടത്. ഒരു പക്ഷേ രാഹുൽ ഒരു വലിയ കളിക്കാരനായി മാറിയത് കൊണ്ടാവാം അയാളെ മാറ്റിനിർത്താൻ ഇന്ത്യ ബുദ്ധിമുട്ടുന്നത്.”- കനേറിയ പറയുന്നു.
ഏഷ്യാകപ്പിൽ സഞ്ജു സാംസണ് കളിക്കാൻ അവസരം ലഭിക്കാൻ സാധ്യത കുറവാണ് എന്നു തന്നെയാണ് കനേറിയ കരുതുന്നത്. “സഞ്ജുവിന് വീണ്ടും ഡ്രിങ്ക്സ് ചുമക്കേണ്ടി വരും. സഞ്ജു ആരാധകരടക്കം പലരും ഇതിനെ അനീതിയായി കണക്കാക്കുകയും ചെയ്യും. എന്നിരുന്നാലും സഞ്ജുവിന് ടീമിൽ അവസരം ലഭിക്കാതിരുന്നാലും അതൊരു വലിയ അനീതിയായി ഞാൻ കണക്കാക്കില്ല. കാരണം ഒരുപാട് അവസരങ്ങൾ അവന് ലഭിച്ചു കഴിഞ്ഞു. പല അവസരങ്ങളും രണ്ടുകൈയും നീട്ടി സ്വീകരിക്കാൻ സഞ്ജുവിന് സാധിച്ചില്ല. ടീമിൽ നിലനിൽക്കണമെങ്കിൽ തുടർച്ചയായി മികച്ച പ്രകടനങ്ങൾ നടത്തിയ മതിയാവൂ.”- കനേറിയ കൂട്ടിച്ചേർക്കുന്നു.
വലിയ ഇടവേളക്ക് ശേഷം വിൻഡിസിനെതിരായ ഏകദിന പരമ്പരയിലായിരുന്നു ഇന്ത്യ സഞ്ജു സാംസണിന് അവസരങ്ങൾ നൽകിയത്. ആദ്യ ഏകദിനത്തിൽ ബാറ്റിംഗിനിറങ്ങാൻ സാധിച്ചില്ലെങ്കിലും രണ്ടാം ഏകദിനത്തിൽ സഞ്ജുവിന് അവസരം ലഭിച്ചു. മത്സരത്തിൽ 9 റൺസാണ് സഞ്ജു നേടിയത്. പിന്നീട് മൂന്നാം ഏകദിനത്തിൽ 51 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചു. എന്നിരുന്നാലും വിൻഡീസിനെതിരായി ട്വന്റി20 പരമ്പരയിൽ സഞ്ജു പരാജയമായി മാറുകയായിരുന്നു.