ഗുവാഹത്തി ഏകദിനത്തിൽ ഇന്ത്യയ്ക്ക് 67 റൺസിന്‍റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 373 റണ്‍സ്. ശ്രീലങ്കയുടെ മറുപടി 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 306 റൺസിൽ അവസാനിച്ചു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.
മത്സരത്തിന്‍റെ അവസാന ഓവറില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. പന്തെറിയാനായി ഓടിയെത്തിയ ഷമി ഷനക നോണ്‍ സ്ട്രൈക്ക് ക്രീസിന് പുറത്താണെന്ന് കണ്ട് റണ്ണൗട്ടാക്കി. അമ്പയര്‍ മൂന്നാം അമ്പയര്‍ക്ക് തീരുമാനം എടുക്കാനായി വിഷയം വിട്ടപ്പോഴേക്കും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഷമിയുമായി
സംസാരിച്ച് അത് പിന്‍വലിച്ചു. അഞ്ചാം പന്തില്‍ ഷമിയെ ഫോറിന് പറത്തി സെഞ്ചുറി നേടിയ ഷനക അവസാന പന്ത് സിക്സും പറത്തി ശ്രീലങ്കയുടെ പരാജയഭാരം കുറച്ചു.
എന്തുകൊണ്ടാണ് റണ്ണൗട്ട് അപ്പീല്‍ പിന്‍വലിച്ചതെന്ന് രോഹിത് ശര്‍മ്മ മത്സരശേഷം പറഞ്ഞു. ” ഷാമി അത് ചെയ്തത് ഞാൻ അറിഞ്ഞില്ല. അവൻ 98 റൺസ് നേടി ബാറ്റ് ചെയ്യുകയായിരുന്നു. അവൻ വളരെ നന്നായി ബാറ്റ് ചെയ്യുകയായിരുന്നു. അവനെ അത്തരത്തിൽ പുറത്താക്കുന്നത് ശരിയല്ല. അവനെ അത്തരത്തിൽ പുറത്താക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. അവൻ വളരെ നന്നായി കളിച്ചു. ” രോഹിത് ശർമ്മ പറഞ്ഞു.