എല്ലാ ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ ഞെട്ടിച്ച സംഭവമാണ് ബംഗ്ലാദേശിനെതിരായ രണ്ടാമത്തെ ടെസ്റ്റിൽ നിന്നും സ്പിന്നർ കുൽദീപ് യാദവിനെ ഒഴിവാക്കിയത്. ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് കുൽദീപ് യാദവ്. രണ്ട് ഇന്നിംഗ്സുകളിൽ നിന്നും എട്ട് വിക്കറ്റുകൾ നേടിയ താരം ആയിരുന്നു മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച്.
ഒട്ടനവധി നിരവധി പേരാണ് ഈ തീരുമാനത്തിനെതിരെ രൂക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്തെത്തിയത്. മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ അടക്കം പല താരങ്ങളും ഈ വിഷയത്തിൽ വിമർശനം രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചു രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ പേസർ ഉമേഷ് യാദവ്. ഒരു ക്രിക്കറ്ററുടെ ജീവിതത്തിലെ യാത്രയുടെ ഭാഗമാണ് ഇതെല്ലാം എന്നാണ് ഉമേഷ് യാദവ് പറയുന്നത്.
തനിക്കും ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനു ശേഷം പുറത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്നും ഇന്ത്യൻ താരം പറഞ്ഞു. “ഇതെല്ലാം യാത്രയുടെ ഭാഗമാണ്. ഇങ്ങനത്തെ കാര്യങ്ങൾ എനിക്കും സംഭവിച്ചിട്ടുണ്ട്. മികച്ച പ്രകടനം ചില സമയത്ത് പുറത്തെടുത്താലും ടീം മാനേജ്മെന്റിന്റെ തീരുമാനം കാരണം പുറത്തിരിക്കേണ്ടി വരും.
ടീം മാനേജ്മെന്റിന്റെ തീരുമാനം കാരണമാണ് അവനെ പുറത്തിരുത്തിയത്. ടീമിൻ്റെ ആവശ്യകതകൾക്ക് അനുസരിച്ച് ചില സമയത്ത് മുൻപോട്ട് പോകേണ്ടതുണ്ട്. മാനേജ്മെൻ്റ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് വിക്കറ്റുകൾ നോക്കിയാണ്.”- ഉമേഷ് യാദവ് പറഞ്ഞു. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ബാറ്റ് കൊണ്ടും മികവു കാട്ടാൻ കുൽദീപ് യാദവിന് സാധിച്ചിരുന്നു. 40 റൺസ് ആയിരുന്നു താരം നേടിയത്. ആദ്യ ഇന്നിങ്സിൽ ഫൈഫറും താരം നേടിയിരുന്നു.