2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു മികച്ച തുടക്കം തന്നെയായിരുന്നു മഹേന്ദ്ര സിംഗ് ധോണിക്ക് ലഭിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ മത്സര ക്രിക്കറ്റിൽ നിന്നും മാറിനിന്നെങ്കിലും തിരിച്ചുവരവ് ധോണി അതിഗംഭീരമാക്കിയിരുന്നു. ആദ്യ മത്സരങ്ങളിലൊക്കെയും കുറച്ചു പന്തുകൾ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും, അതിൽ വമ്പൻ ഷോട്ടുകൾ കളിക്കാൻ ധോണിക്ക് സാധിച്ചിരുന്നു. എന്നാൽ കഴിഞ്ഞു കുറച്ചു മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ലോവർ ഓർഡറിലാണ് ധോണി ബാറ്റ് ചെയ്യുന്നത്. രാജസ്ഥാനെതിരായ മത്സരത്തിൽ മധ്യനിര ബാറ്റർമാരായ അജിങ്ക്യ രഹാനെ, ശിവം ദുബെ, രവീന്ദ്ര ജഡേജ തുടങ്ങിയവരൊക്കെയും ക്രീസിലെത്തിയിട്ടും ധോണി ഇറങ്ങിയില്ല. എന്തുകൊണ്ടാണ് ധോണി ലോവർ ഓർഡറിൽ ബാറ്റ് ചെയ്യുന്നത് എന്നതിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബോളിംഗ് കോച്ച് ഡ്വെയ്ൻ ബ്രാവോ.
മറ്റു ബാറ്റർമാർക്കൊക്കെയും കൂടുതൽ അവസരങ്ങൾ ലഭിക്കണമെന്ന് ധോണി ആഗ്രഹിക്കുന്നതിനാലാണ് ലോവർ ഓർഡറിൽ ബാറ്റ് ചെയ്യാൻ തയ്യാറാവുന്നത് എന്നാണ് ബ്രാവോ പറഞ്ഞത്. “ആ പൊസിഷനിൽ തന്നെയാണ് ധോണി ബാറ്റ് ചെയ്യുന്നത്. ടീമിലെ മറ്റുള്ള ബാറ്റർമാർ അദ്ദേഹത്തെക്കാൾ ഉയർന്ന പൊസിഷനിൽ ബാറ്റ് ചെയ്യുന്നു. എന്നാൽ അദ്ദേഹം ടീമിന്റെ മുഴുവൻ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത് ലോവർ ഓർഡറിലേക്ക് പോകുന്നു. കാരണം ജഡേജ, റായുഡു, ദുബെ തുടങ്ങിയവർക്കൊക്കെയും ലഭിക്കാവുന്ന അത്ര അവസരങ്ങൾ നൽകണം എന്നതാണ് ധോണിയുടെ ചിന്ത. അതിനാൽ തന്നെ ഫിനിഷറുടെ റോൾ കളിക്കാൻ ധോണിക്ക് വളരെ സന്തോഷവുമാണ്.”- ബ്രാവോ പറഞ്ഞു.
ഇതോടൊപ്പം മത്സരത്തിലെ പരാജയത്തിന്റെ കാരണങ്ങളെപ്പറ്റി ചെന്നൈയുടെ ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങും സംസാരിക്കുകയുണ്ടായി. “ടീമിലെ എല്ലാവർക്കും അവരവരുടേതായ റോളുകൾ നിശ്ചയിച്ചിട്ടുണ്ട്. രഹാനെ മികച്ച രീതിയിൽ മൂന്നാം നമ്പരിൽ ബാറ്റ് ചെയ്യുന്നുണ്ട്. അതിനാൽ തന്നെ അക്കാര്യങ്ങളൊക്കെയും മാറ്റിമറിച്ച് ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്താൻ ഞങ്ങൾ ശ്രമിക്കുന്നില്ല. മത്സരത്തിൽ ആദ്യ ആറ് ഓവറുകളിൽ ആവശ്യമായ മൊമെന്റം ഞങ്ങൾക്ക് ലഭിച്ചിരുന്നില്ല. കോൺവെ അവിസ്മരണീയമായ ഫോമിലായിരുന്നു. പക്ഷേ മത്സരത്തിൽ പരാജയപ്പെടുകയുണ്ടായി. മൊത്തത്തിൽ ഇന്നിങ്സിന്റെ താളം വളരെ പതിഞ്ഞ രീതിയിലായിരുന്നു. എന്നാൽ ഞങ്ങൾ റേറ്റ് ഉയർത്താൻ ശ്രമിച്ചപ്പോഴൊക്കെയും പിഴവുകൾ വന്നുകൊണ്ടിരുന്നു.”- സ്റ്റീഫൻ ഫ്ലെമിങ് കൂട്ടിച്ചേർത്തു.
രാജസ്ഥാനെതിരായ മത്സരത്തിൽ പരാജയമറിഞ്ഞെങ്കിലും 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച നിലയിൽ തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ഇതുവരെ എട്ടു മത്സരങ്ങൾ ലീഗിൽ കളിച്ച ചെന്നൈ മൂന്നു മത്സരങ്ങളിൽ മാത്രമാണ് പരാജയമറിഞ്ഞത്. നിലവിൽ പോയിന്റ്സ് ടേബിളിൽ ഒന്നാംസ്ഥാനത്ത് തന്നെ ചെന്നൈ നിലനിൽക്കുന്നു. വരുന്ന മത്സരങ്ങളിൽ വിജയം നേടി എത്രയും പെട്ടെന്ന് പ്ലേ ഓഫ് സാധ്യതകൾ ഉറപ്പിക്കാൻ തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ശ്രമം. അതിനാൽതന്നെ രാജസ്ഥാനെതിരായ പരാജയം അവർ എത്രമാത്രം കാര്യമായി എടുക്കും എന്നത് കണ്ടറിയേണ്ടതാണ്.