ശരീരം കൊണ്ടല്ല, ബുദ്ധികൊണ്ട് കളിക്കുന്നവനാണ് അശ്വിൻ. ടീമിലെടുത്തതിന്റെ കാരണം വ്യക്തമാക്കി രോഹിത് ശർമ.

Ravichandran Ashwin photo

ഇന്നലെയാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചത്. 3 മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ കളിക്കുന്നത്. ആദ്യ 2 മത്സരങ്ങളിൽ സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി, ഹർദിക്, കുൽദീപ് തുടങ്ങിയവർക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കെ എൽ രാഹുലാണ് ആദ്യ 2 മത്സരങ്ങളിൽ ഇന്ത്യയുടെ നായകനാവുന്നത്. ഇതോടൊപ്പം സ്ക്വാഡിലെ വലിയൊരു സർപ്രൈസ് വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ തിരിച്ചുവരവാണ്. അശ്വിന്റെ ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവ് ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയുണ്ടാക്കും എന്നതുറപ്പാണ്. ഇതിനെപ്പറ്റി ഇന്ത്യൻ നായകൻ രോഹിത് ശർമയും സംസാരിക്കുകയുണ്ടായി.

അശ്വിനെ പോലെ ഒരു കളിക്കാരൻ ടീമിലേക്ക് തിരികെയെത്തുന്നത് ഇന്ത്യയ്ക്ക് വലിയ ആശ്വാസം പകരും എന്നാണ് രോഹിത് ശർമ പറഞ്ഞത്. “രവിചന്ദ്രൻ അശ്വിൻ കഴിഞ്ഞ സമയങ്ങളിൽ ടെസ്റ്റ് മത്സരങ്ങളിൽ സ്ഥിരതയോടെ കളിച്ചിരുന്നു. അശ്വിനെ പോലെ ഒരു കളിക്കാരനെ സംബന്ധിച്ച് എത്ര സമയം മൈതാനത്ത് ചിലവഴിച്ചു എന്നതിനോ, എത്ര ഗെയിം ടൈം കിട്ടി എന്നതിനോ വലിയ പ്രസക്തിയില്ല.

അതുകൊണ്ടുതന്നെയാണ് ഞങ്ങൾ ഇപ്പോൾ അശ്വിനെ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ തീരുമാനമെടുത്തത്. അങ്ങനെയൊരു ഓപ്ഷൻ മുൻപിലുള്ളപ്പോൾ നമ്മൾ അതിലൂടെ തന്നെ സഞ്ചരിക്കണം. അശ്വിൻ വളരെ അനുഭവസമ്പത്തുള്ള ഒരു ബോളറാണ്. അതിനാൽ തന്നെ അയാളുടെ ശരീരത്തിലുപരി ബുദ്ധിയിലൂടെയാണ് കാര്യങ്ങൾ കടന്നു പോകുന്നത്. അശ്വിനെ ടീമിൽ ഉൾപ്പെടുത്തുന്നത് ടീമിന് കൂടുതൽ സ്ഥിരത നൽകുമെന്നാണ് കരുതുന്നത്.”- രോഹിത് ശർമ പറഞ്ഞു.

See also  ധോണി 4ആം നമ്പറിലൊന്നും ഇറങ്ങേണ്ട. അതൊക്കെ മണ്ടത്തരമാണെന്ന് മുൻ ഓസീസ് നായകൻ.

“കഴിഞ്ഞ കുറച്ചു വർഷങ്ങളായി അശ്വിൻ ക്രിക്കറ്റ് കളിക്കുന്നില്ല എന്നുള്ള രീതിയിൽ പ്രസ്താവനകൾ വന്നിട്ടുണ്ട്. എന്നാൽ അശ്വിൻ ആഭ്യന്തര ക്രിക്കറ്റിലടക്കം വലിയ പ്രകടനങ്ങൾ കാഴ്ചവച്ചിരുന്നു. ഏകദിന ഫോർമാറ്റിൽ കഴിഞ്ഞ വർഷങ്ങളിൽ അശ്വിൻ കളിച്ചില്ല എന്നത് വസ്തുതയാണ്. എന്നാൽ വിൻഡീസിനെതിരെ ടെസ്റ്റ് പരമ്പരയിൽ അശ്വിൻ അണിനിരന്നിരുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ തമിഴ്നാട് പ്രീമിയർ ലീഗിലും അശ്വിൻ കളിച്ചിട്ടുണ്ട്. ഇവിടെ താരതമ്യത്തിന് പ്രസക്തിയില്ല. എന്നിരുന്നാലും എല്ലാത്തരം ക്രിക്കറ്റിലും അശ്വിൻ കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ മത്സരം അശ്വിനെ സംബന്ധിച്ചുള്ള പൂർണമായ വിവരങ്ങൾ ഞങ്ങൾക്ക് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.”- രോഹിത് കൂട്ടിച്ചേർക്കുന്നു.

20 മാസങ്ങൾക്ക് ശേഷമാണ് അശ്വിൻ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരികെ എത്തുന്നത്. 2022ൽ ദക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു അശ്വിൻ അവസാനമായി ഏകദിന മത്സരം കളിച്ചത്. ഈ സമയത്ത് അശ്വിനെ ഇന്ത്യയുടെ സ്ക്വാഡിൽ ഉൾപ്പെടുത്തുന്നത് വലിയ സൂചനകൾ തന്നെയാണ് നൽകുന്നത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അശ്വിന് സാധിച്ചാൽ ലോകകപ്പിനുള്ള സ്ക്വാഡിലും ഇടം ലഭിക്കും എന്ന കാര്യത്തിൽ സംശയമില്ല.

Scroll to Top