ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ആരംഭിക്കാൻ കേവലം ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. കരുത്തരായ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ജൂൺ 7ന് ഓവലിൽ ഏറ്റുമുട്ടുമ്പോൾ ആവേശം അങ്ങേയറ്റമാണ്. ഇംഗ്ലണ്ടിലെ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയേ പരാജയപ്പെടുത്താൻ സാധിക്കുമോ എന്ന ചോദ്യം ആരാധകർക്കിടയിൽ വളരെ സജീവമാണ്. ലോകം കണ്ട ഏറ്റവും മികച്ച ബോളിംഗ് നിരയുള്ള ടീമുകളിൽ ഒന്നുതന്നെയാണ് ഓസ്ട്രേലിയ എന്ന കാര്യത്തിൽ സംശയമില്ല. ഈ ബോളർമാർക്കെതിരെ ഇന്ത്യൻ ബാറ്റിഗ് നിര ഏതുതരത്തിൽ പോരാടും എന്നതാണ് എല്ലാവരുടെയും ഉള്ളിൽ ആകാംക്ഷയുണ്ടാക്കുന്നത്. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ സമനിലയിൽ അവസാനിച്ചാൽ ആർക്കാവും കിരീടം ലഭിക്കുക എന്ന സംശയവും പലർക്കുമുണ്ട്.
മറ്റു ടൂർണമെന്റുകൾ പോലെ ടൈബ്രേക്കറോ മറ്റോ ഇല്ലാതെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നടക്കുന്നത്. മാത്രമല്ല ഇതുവരെയുള്ള പോയിന്റ്സ് ടേബിൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കണക്കിലെടുക്കുകയില്ല എന്നതും വസ്തുതയാണ്. ട്വന്റി20 ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും ഉപയോഗിക്കുന്ന സൂപ്പര്‍ ഓവര്‍ പോലുള്ള സംവിധാനങ്ങള്‍ ഒന്നും മത്സരം സമനിലയിലായാൽ ടെസ്റ്റിൽ ഉപയോഗിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ മത്സരം സമനിലയായാൽ ഇരു ടീമുകളെയും വിജയികളായി പ്രഖ്യാപിക്കുക എന്നത് മാത്രമാണ് മുൻപിലുള്ള മാനദണ്ഡം.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ടെസ്റ്റ് മത്സരം സമനിലയിലാവുകയോ ടൈ ആവുകയോ ചെയ്താൽ പാറ്റ് കമ്മിൻസും രോഹിത് ശർമയും ഒരേ പോലെ തന്നെ കിരീടമുയർത്തും. അവിടെ ചാമ്പ്യൻഷിപ്പ് പോയിന്റ്സ് ടേബിളിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു എന്ന കാര്യത്തിന് അർത്ഥമില്ലാതാവും. ഐസിസിയുടെ നിയമപ്രകാരം ഫൈനലിൽ ഒരുതരത്തിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ്സ് ടേബിൾ നിർണ്ണായകമായി മാറില്ല.
എന്നിരുന്നാലും മഴയോ മറ്റു കാലാവസ്ഥ പ്രശ്നങ്ങളോ മൂലം മത്സരത്തിലെ ഓവറുകൾ നഷ്ടപ്പെട്ടാൽ ഒരു റിസർവ് ഡേ ഐസിസി മത്സരത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. കാലാവസ്ഥ മൂലം നല്ലൊരു ശതമാനം ഓവറുകൾ മത്സരത്തിൽ നഷ്ടമാവുകയാണെങ്കിൽ മാത്രമേ ഈ റിസർവ് ഡേയിലേക്ക് കളി പോവുകയുള്ളൂ. മത്സരത്തിൽ റിസർവ് ഡേ ഉപയോഗിക്കണമോ എന്ന് തീരുമാനിക്കുന്നത് അഞ്ചാം ദിവസത്തെ അവസാന മണിക്കൂറിൽ മാത്രമായിരിക്കും. അതിനാൽ തന്നെ അഞ്ച് ദിവസത്തിനുള്ളിൽ തന്നെ ഫലം കണ്ടെത്തേണ്ടത് ഇരു ടീമുകൾക്കും ആവശ്യമാണ്. ഒരുപക്ഷേ റിസർവ് ഡേ അനുവദിക്കാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ ഇരു ടീമുകൾക്കും ഒരുമിച്ച് കപ്പുയർത്തേണ്ടിവരും.