ആർക്കാണ് കിരീടം ലഭിക്കുക :പ്രവചനവുമായി സെവാഗ്

ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇത്തവണ ഏറെ സാധ്യതകൾ പ്രവചിക്കപ്പെട്ട ഒരു ടീമാണ് വിരാട് കോഹ്ലി നയിക്കുന്ന ടീം ഇന്ത്യ. എല്ലാ അർഥത്തിലും കരുത്തരുടെ ടീം എന്നുള്ള ഖ്യാതി സ്വന്തമാക്കിയ ഇന്ത്യൻ ടീം 2007ന് ശേഷം ആദ്യമായി ടി :20 ലോകകപ്പ് കിരീടം നേടുമെന്ന് എല്ലാ ക്രിക്കറ്റ്‌ നിരീക്ഷകരും മുൻ താരങ്ങളും അടക്കം നിരീക്ഷിച്ചെങ്കിലും ആദ്യത്തെ മത്സരത്തിൽ പാകിസ്ഥാൻ ടീമിനോട് വഴങ്ങിയ തോൽവി ഇന്ത്യൻ ടീമിന്റെ ചില സാധ്യതകളെ കൂടി മങ്ങലേൽപ്പിക്കുക ആണ്. സൂപ്പർ 12 റൗണ്ടിൽ ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാൽ മാത്രമേ സെമി ഫൈനലിൽ യോഗ്യത നേടാൻ വിരാട് കോഹ്ലിക്കും ടീമിനും സാധിക്കൂ.

എന്നാൽ ഇന്ത്യൻ ടീം ലോകകപ്പ് നേടും എന്ന് പ്രവചിച്ച പല മുൻ താരങ്ങളും ഇപ്പോൾ ആൾറൗണ്ട് മികവ് കാഴ്ചവെച്ചു മുന്നേറുന്ന പാകിസ്ഥാൻ ടീമിനാണ് ഏറെ സാധ്യതകൾ നൽകുന്നത്. അതേസമയം ടീം ഇന്ത്യക്ക് ഇനിയും ലോകകപ്പിൽ നേട്ടം കരസ്ഥമാക്കാനുള്ള കഴിവുണ്ടെന്ന് തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം സെവാഗ്.പാകിസ്ഥാൻ ടീമിനോടുള്ള വൻ തോൽവി മറന്നാൽ ഇനിയുള്ള എല്ലാ കളികളിലും ഇന്ത്യൻ ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന് വീരേന്ദർ സെവാഗ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഇത്തവണ ലോകകപ്പ് ഇന്ത്യൻ ടീം നേടുമെന്നുള്ള കാര്യത്തിൽ തനിക്ക് സംശയമില്ലെന്നും സെവാഗ് അഭിപ്രായം വിശദമാക്കി

“ഓരോ മത്സരങ്ങളും ടീം ജയിക്കുമ്പോൾ നാം അവരെ വാനോളം പുകഴ്ത്തും. ഒരു തോൽവിക്ക് പിന്നാലെ അവരെ നമ്മൾ പരിഹസിക്കുന്നത് ഒഴിവാക്കണം. ഒരു തോൽവിക്ക് ശേഷമാണ് നമ്മൾ ഈ ടീമിന് സപ്പോർട്ട് നൽകേണ്ടത്.അതിനാൽ തന്നെ ഈ ടീമിന് കിരീടം നേടുവാനായി കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. കിവീസിന് എതിരായ മത്സരത്തിൽ ജയം നേടിയാൽ ഇന്ത്യൻ ടീം ട്രാക്കിലേക്ക് എത്തും “സെവാഗ് തന്റെ അഭിപ്രായം പറഞ്ഞു.

“പാകിസ്ഥാൻ ടീം ഏറെക്കുറെ സെമി ഫൈനൽ ഉറപ്പിച്ചുകഴിഞ്ഞു. ഇന്ത്യൻ ടീമിനെതിരായ ഐതിഹാസിക ജയം അവർക്ക് നൽകിയിരിക്കുന്നത് വൻ ആത്മവിശ്വാസമാണ്. കൂടാതെ കിവീസ് ടീമിനെയും തകർത്തതോടെ സെമി ഫൈനൽ സ്ഥാനം ബാബർ അസമും ടീമും ഉറപ്പിച്ചു കഴിഞ്ഞു. ഇനിയുള്ള മത്സരങ്ങളിൽ അഫ്‌ഘാനിസ്ഥാനെയും സ്കോട്ലാൻഡിനെയും നമീബിയെയും വീഴ്ത്താൻ അവർക്ക് സാധിക്കും “മുൻ ഇന്ത്യൻ താരം നിരീക്ഷിച്ചു