ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ പാകിസ്ഥാനോ ശ്രീലങ്കയോ? സാധ്യതകള്‍ ഇങ്ങനെ

F51zNjNaAAAe2 g

ശ്രീലങ്കയ്ക്കെതിരായ ഏഷ്യകപ്പ് സൂപ്പർ 4 മത്സരത്തിൽ 41 റൺസിന്റെ വിജയം നേടിയതോടുകൂടി ഇന്ത്യ ഏഷ്യാകപ്പ് ഫൈനലിലേക്ക് പ്രവേശിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യ മാത്രമാണ് ഫൈനലിൽ ക്വാളിഫൈ ചെയ്തിരിക്കുന്നത്. ഒപ്പം ബംഗ്ലാദേശ് ടീം ഏഷ്യാകപ്പിൽ നിന്ന് പുറത്താവുകയും ചെയ്തിരിക്കുന്നു. ഇനിയുള്ള ഫൈനൽ സ്പോട്ടിനായി മത്സരിക്കുന്നത് ശ്രീലങ്കയും പാക്കിസ്ഥാനും തമ്മിലാണ്. വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ ശ്രീലങ്ക ബാബർ ആസാമിന്റെ പാക്കിസ്ഥാനെതിരെ പോരാട്ടത്തിന് ഇറങ്ങും. ഈ മത്സരത്തിൽ വിജയം നേടുന്ന ടീമാവും ഏഷ്യാകപ്പിന്റെ ഫൈനൽ സ്പോട്ടിൽ ഇന്ത്യക്കൊപ്പം എത്തുക. ശ്രീലങ്കയെ സംബന്ധിച്ച് തങ്ങളുടെ നാട്ടിൽ നടക്കുന്ന മത്സരത്തിൽ കുറച്ച് മുൻതൂക്കങ്ങളുമുണ്ട്.

മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടാൽ ആരാവും ഏഷ്യാകപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടുക എന്നത് വലിയൊരു ചോദ്യമാണ്. നിലവിൽ പാകിസ്ഥാനും ശ്രീലങ്കയ്ക്കും 2 പോയിന്റുകൾ വീതമാണുള്ളത്. മഴമൂലം മത്സരം ഉപേക്ഷിക്കുകയാണെങ്കിൽ ഇരു ടീമുകൾക്കും 3 പോയിന്റുകൾ വീതം ലഭിക്കും. ഈ സാഹചര്യത്തിൽ നെറ്റ് റൺറേറ്റാവും ഫൈനലിലെ ഇന്ത്യയുടെ എതിരാളികളെ തീരുമാനിക്കുന്നത്. നെറ്റ് റൺറേറ്റ് എടുത്തു പരിശോധിച്ചാൽ ശ്രീലങ്കയ്ക്ക് തന്നെയാണ് മുൻതൂക്കമുള്ളത്. ഇന്ത്യക്കെതിരായ മത്സരത്തിൽ 228 റൺസിന്റെ ഭീമാകാരമായ പരാജയം ഏറ്റുവാങ്ങിയതോടെ പാക്കിസ്ഥാൻ നെറ്റ് റൺറേറ്റിൽ ഒരുപാട് പുറകിലേക്ക് പോയിട്ടുണ്ട്.

Read Also -  സഞ്ജുവിന് പകരം ദുബെയെ ഉൾപെടുത്തിയത് വിഡ്ഢിത്തം. വിമർശനവുമായി മുൻ ഇന്ത്യൻ താരം.

മറുവശത്ത് ശ്രീലങ്കയ്ക്ക് നെറ്റ് റൺറേറ്റ് അത്ര കുറവല്ല. അതായത് മത്സരം മഴമൂലം ഉപേക്ഷിക്കപ്പെടുകയാണെങ്കിൽ ശ്രീലങ്കയാകും ഇന്ത്യയുടെ ഫൈനലിലെ എതിരാളികൾ. അതേസമയം പാക്കിസ്ഥാന് ഫൈനലിലെത്താനുള്ള ഏക മാർഗ്ഗം ശ്രീലങ്കയെ പരാജയപ്പെടുത്തുക എന്നതാണ്. നിലവിലെ ഏഷ്യാകപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയെ പരാജയപ്പെടുത്തുകയാണെങ്കിൽ ചരിത്രപരമായ ഇന്ത്യ-പാകിസ്ഥാൻ ഫൈനൽ കാണാൻ സാധിക്കും. ഇതുവരെ ഒരു 50 ഓവർ ഏഷ്യാകപ്പ് ടൂർണമെന്റിൽ ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിൽ ഏറ്റുമുട്ടിയിട്ടില്ല. ഇത്തവണത്തെ സൂപ്പർ നാല് മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ പാകിസ്ഥാൻ ഇന്ത്യക്കു മുൻപിൽ മുട്ടുമടക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിൽ ഇത്തരമൊരു ആവേശ ഫൈനൽ തന്നെയാണ് ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇതുവരെ 7 തവണയാണ് ഇന്ത്യ ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്. പാക്കിസ്ഥാൻ കേവലം രണ്ടുതവണ മാത്രമേ ഏഷ്യാകപ്പിന്റെ ജേതാക്കളായി മാറിയിട്ടുള്ളൂ. ഇന്ത്യക്കെതിരായ മത്സരത്തിൽ വലിയ തിരിച്ചടി നേരിട്ട പാക്കിസ്ഥാൻ ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. എന്തായാലും നാളെ ശ്രീലങ്കക്കെതിരെ മൈതാനത്തിറങ്ങുമ്പോൾ രണ്ടും കൽപ്പിച്ചാവും പാക്കിസ്ഥാൻ പോരാടുക. മറുവശത്ത് ഇന്ത്യയെ സംബന്ധിച്ച് നിലവിലെ ടീമിൽ മാറ്റങ്ങൾ വരുത്താതെ മുൻപോട്ടു പോകാൻ തന്നെയാണ് ശ്രമിക്കേണ്ടത്.

Scroll to Top