പ്ലേയോഫ് സ്വപ്നം കണ്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. പോയിന്‍റ് പട്ടികയില്‍ അഞ്ചാമത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഡല്‍ഹിയെ തോല്‍പ്പിച്ച് ബാംഗ്ലൂര്‍ പ്ലേയോഫ് സാധ്യതകള്‍ നിലനിര്‍ത്തി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 140 റണ്‍സില്‍ എല്ലാവരും പുറത്തായി. 47 റണ്‍സിന്‍റെ വിജയമാണ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്.

വിജയത്തോടെ 13 മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റുമായി ബാംഗ്ലൂര്‍ അഞ്ചാമത് എത്തി.    ബാംഗ്ലൂരിന്‍റെ അവസാന മത്സരം ചെന്നെക്കെതിരെയാണ്. അവസാന മത്സരം വിജയിക്കുകയും മറ്റ് മത്സരങ്ങളും അനുകൂലമായാല്‍ ബാംഗ്ലൂരിന് ഇനിയും പ്ലേയോഫ് സാധ്യതകള്‍ ഉണ്ട്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് ആദ്യ ഓവറില്‍ തന്നെ വാര്‍ണറെ നഷ്ടമായി. രണ്ടാം ഓവറില്‍ അഭിഷേക് പോരലും മികച്ച രീതിയില്‍ കളിച്ച ഫ്രേസര്‍ മഗ്രക്ക് (8 പന്തില്‍ 21) റണ്ണൗട്ടാവുകയും ചെയ്തു. ഷായി ഹോപ്പ് (29) പിടിച്ചു നിന്നെങ്കിലും തുടര്‍ച്ചയായ വിക്കറ്റുകള്‍ വീഴ്ത്തി ബാംഗ്ലൂര്‍ തിരിച്ചെത്തി. 39 പന്തില്‍ 57 റണ്‍ നേടിയ അക്സര്‍ പട്ടേലും മടങ്ങിയതോടെ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ അവസാനിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. കോഹ്ലി  (13 പന്തില്‍ 27) നല്‍കിയ മികച്ച തുടക്കം വില്‍ ജാക്സും (29 പന്തില്‍ 41) രജത് പഠിതാറും (32 പന്തില്‍ 52) ഗ്രീനും (24 പന്തില്‍ 32) ചേര്‍ന്ന് മുതലെടുക്കുകയായിരുന്നു. അവസാന 3 ഓവറില്‍ 18 റണ്‍സ് മാത്രമാണ് ഡല്‍ഹി ബോളര്‍മാര്‍ വഴങ്ങിയത്. ഇതോടെ ബാംഗ്ലൂരിനെ 200 റണ്‍സില്‍ താഴെ തളക്കാന്‍ ഡല്‍ഹിക്ക് സാധിച്ചു.