ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീം ഹെഡ് കോച്ചായി രാഹുൽ ദ്രാവിഡ് വന്നത് എല്ലാ ക്രിക്കറ്റ് പ്രേമികളും വളരെ അധികം ആവേശപൂർവ്വമാണ് സ്വീകരിച്ചത്. ടി :20 ലോകകപ്പിന് പിന്നാലെ രവി ശാസ്ത്രി ഒഴിഞ്ഞ സ്ഥാനത്തെക്കാണ് രാഹുൽ ദ്രാവിഡ് എത്തിയത്. നാഷണൽ ക്രിക്കറ്റ് അക്കാഡമി ചെയർമാനായി വളരെ ഏറെ കാലം സേവനം അനുഷ്ഠിച്ച രാഹുൽ ദ്രാവിഡ് ആദ്യം മുഖ്യ പരിശീലകനാകാൻ മടി കാണിച്ചെങ്കിലും ഗാംഗുലിയുടെ ഏറെ നാളത്തെ അഭ്യർത്ഥനക്ക് ശേഷമാണ് സമ്മതം മൂളിയത്.
2023ലെ ഏകദിന ലോകകപ്പ് വരെയാണ് രാഹുൽ ദ്രാവിഡിന്‍റെ പരിശീലക കാലാവധി.കുടുംബത്തെ പോലും മറന്ന് ഇന്ത്യൻ ടീമിനോപ്പം പരിശീലകനായി എട്ട് മാസ കാലത്തോളം ഓരോ വർഷവും പ്രവർത്തിക്കുന്നതിൽ ദ്രാവിഡ് കടുത്ത അതൃപ്തിയാണ് ആദ്യം അറിയിച്ചത്.
എന്നാൽ ഇപ്പോൾ ദ്രാവിഡിന്‍റെ വരവിനാൽ അവസരം നഷ്ടമായ മറ്റൊരാളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ദ്രാവിഡിനെ കൂടാതെ ലക്ഷ്മണിന്റെ പേരും ഹെഡ് കോച്ച് റോളിൽ എത്തിയിരുന്നതായി പറഞ്ഞ സൗരവ് ഗാംഗുലി അദ്ദേഹത്തെ ഇത്തവണ പരിഗണിക്കാൻ കഴിഞ്ഞില്ല എന്നും വിശദമാക്കി. “ലക്ഷ്മണും ടീം കോച്ചായി എത്തുവാൻ വളരെ അധികം ആഗ്രഹിച്ചു. എന്നാൽ അദ്ദേഹത്തെ ഇത്തവണ പരിഗണിക്കാൻ കഴിഞ്ഞില്ല. പക്ഷെ എനിക്ക് ഉറപ്പുണ്ട് ലക്ഷ്മൺ ഈ ഒരു ചുമതലയുടെ ഭാഗമായേക്കും എന്നത്. നാഷണൽ ക്രിക്കറ്റ് അക്കാഡമി ചെയർമാനായി അദ്ദേഹത്തിന് അനവധി കാര്യങ്ങൾ നിർവഹിക്കാൻ കഴിയും “ഗാംഗുലി വാചാലനായി.
“ദ്രാവിഡ് ഇന്ത്യൻ ടീം ഹെഡ് കൊച്ചായി എത്തണമെന്നത് ഞാനും ജയ് ഷായും ഏറെ നാളായി ആഗ്രഹിക്കുന്നുണ്ട്. എല്ലാ പ്രതിസന്ധികൾക്കും ശേഷമാണ് ഞങ്ങൾ ഇക്കാര്യം രാഹുൽ ദ്രാവിഡിനെ കൊണ്ട് സമ്മതിപ്പിച്ചത്. എനിക്ക് പ്രതീക്ഷയുണ്ട് ഭാവിയിൽ പരിശീലകന്റെ റോളിൽ ലക്ഷ്മണിന്റെ അവസരം എത്തും. എല്ലാ അർഥത്തിലും ഇന്ത്യൻ ടീമിന് ഇപ്പോൾ രാഹുൽ ദ്രാവിഡിന്‍റെ സേവനം ആവശ്യമുണ്ട് ” ഗാംഗുലി നിരീക്ഷിച്ചു