ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് സുരേഷ് റെയ്ന. ഇന്ത്യക്കായി 18 ടെസ്റ്റ് മത്സരങ്ങളും 226 ഏകദിനങ്ങളും 78 ട്വന്റി20 മത്സരങ്ങളും 15 വർഷങ്ങൾ നീണ്ടുനിന്ന റെയ്‌നയുടെ കരിയറിൽ കളിച്ചിട്ടുള്ളത്. 2011 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിക്കാനും റെയ്‌നക്ക് സാധിച്ചിരുന്നു. എന്നാൽ തന്റെ ക്രിക്കറ്റ് കരിയറിൽ നേരിട്ട ഏറ്റവും ബുദ്ധിമുട്ടേറിയ ബോളറെപറ്റിയാണ് സുരേഷ് റെയ്ന ഇപ്പോൾ പറയുന്നത്.
ലോകത്താകമാനമുള്ള മുൻനിര ബോളർമാരെ അടിച്ചുതകർത്ത പാരമ്പര്യം മാത്രമാണ് റെയ്‌നക്കുള്ളത്. അദ്ദേഹത്തിന്റെ പ്രതാപകാലത്ത് റെയ്‌നയെ പിടിച്ചുകെട്ടുക എന്നത് എല്ലാ ബോളർമാർക്കും വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഇപ്പോഴിതാ താൻ നേരിട്ട ഏറ്റവും ബുദ്ധിമുട്ടേറിയ ബോളറെ പറ്റി റെയ്‌ന സംസാരിക്കുകയുണ്ടായി. ശ്രീലങ്കയുടെ ബോളിഗ് ഇതിഹാസങ്ങളായ മലിംഗ, മുത്തയ മുരളീധരൻ എന്നിവരാണ് താൻ നേരിട്ടതിൽ ഏറ്റവും പ്രയാസമേറിയ ബോളർമാർ എന്ന് റെയ്‌ന പറയുന്നു. ഒപ്പം നെറ്റ്സിൽ താൻ നേരിട്ട ബോളർമാരിൽ ഏറ്റവും ബുദ്ധിമുട്ടേറിയത് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ് എന്നും റെയ്‌ന പറയുകയുണ്ടായി.
“ഞാൻ നേരിട്ട ബോളർമാരിൽ ഏറ്റവും പ്രയാസമുണ്ടായിരുന്നത് മുത്തയ്യ മുരളീധരനും മലിംഗയുമായിരുന്നു. പക്ഷേ നെറ്റ്സിൽ അത് എംഎസ് ധോണിയായിരുന്നു. നെറ്റ്സിൽ കളിക്കുമ്പോൾ ധോണിയുടെ ബോളിൽ പുറത്തായാൽ ഒന്നരമാസത്തോളം ധോണിയോടൊപ്പം ഇരുന്നു സംസാരിക്കാൻ സാധിക്കില്ല. കാരണം ധോണി, എങ്ങനെയാണ് എന്നെ ഔട്ടാക്കിയത് എന്ന് വിശദീകരിച്ചു കൊണ്ടേയിരിക്കും. മാത്രമല്ല ധോണി ഓഫ് സ്പിൻ, മീഡിയം പേസ്, ലെഗ് സ്പിൻ അങ്ങനെ എല്ലാത്തരം വേരിയേഷനുകളിലും ബോൾ ചെയ്യാറുണ്ട്. നെറ്റ്സിൽ നോബോളെറിഞ്ഞാൽ പോലും ധോണി അതിനെ ന്യായീകരിച്ചാണ് സംസാരിക്കാറുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ ബോളിംഗിൽ എന്തെങ്കിലും അവസരങ്ങൾ ഉണ്ടെങ്കിൽ ധോണി മുൻപിലേക്ക് വരും. ഇംഗ്ലണ്ടിൽ കളിക്കുന്ന സമയത്ത് ധോണിക്ക് മികച്ച രീതിയിൽ സ്വിങ് ലഭിക്കുകയുണ്ടായി.”- റെയ്ന പറയുന്നു.
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ കൂട്ടുകെട്ടിൽ ഒന്നാണ് ധോണി-റെയ്ന സഖ്യം. ഇന്ത്യൻ ടീമിന് പുറമെ ചെന്നൈ സൂപ്പർ കിംഗ്സിനായി ഇന്ത്യൻ പ്രീമിയർ ലീഗിലും ഇരുവരും ഒരുമിച്ചു കളിച്ചിരുന്നു. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതും ഇരുവരും ഒരുമിച്ചായിരുന്നു. ഇങ്ങനെ ഒരുപാട് അഗാധമായ ബന്ധം മൈതാനത്തും മൈതാനത്തിന് പുറത്തും ഇരുവരും സൂക്ഷിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് റെയ്‌നയുടെ ഈ തുറന്നുപറച്ചിൽ. നിലവിൽ 2024 ഐപിഎല്ലിനുള്ള തയ്യാറെടുപ്പുകളിലാണ് മഹേന്ദ്ര സിംഗ് ധോണി.