2024 ട്വന്റി20 ലോകകപ്പോടുകൂടി ഇന്ത്യയുടെ സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യയെ സംബന്ധിച്ച് നികത്താനാവാത്ത വിടവ് തന്നെയാണ് ഇരു താരങ്ങളുടെയും അഭാവം എന്ന് ഉറപ്പാണ്. എന്നാൽ ഇരുവർക്കും പകരക്കാരെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യം ഇന്ത്യയ്ക്ക് മുൻപിലുണ്ട്.
പ്രധാനമായും ഇന്ത്യയുടെ യുവതാരങ്ങളായ ശുഭ്മാൻ ഗിൽ, ഋതുരാജ് ഗൈക്വാഡ് എന്നിവരെയാണ് കോഹ്ലിയ്ക്ക് പകരക്കാരായി പലരും തിരഞ്ഞെടുക്കുന്നത്. ഇവരിൽ ആരെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തണമെന്ന് ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഇരു താരങ്ങളും മികച്ച കളിക്കാരാണെന്നും അതിനാൽ ഇരുവരെയും ഇന്ത്യ കോഹ്ലിയുടെ പകരക്കാരായി കാണണമെന്നും ഉത്തപ്പ പറയുന്നു.
ഇരുവരെയും ടീമിൽ ഉൾപ്പെടുത്താൻ ഇന്ത്യ ശ്രമിക്കണമെന്നാണ് ഉത്തപ്പ പറയുന്നത്. എന്നിരുന്നാലും ഗില്ലിനേക്കാൾ സ്ഥിരത പുലർത്താൻ സാധിക്കുന്ന താരം ഋതുരാജ് ആണെന്ന് ഉത്തപ്പ അഭിപ്രായം പ്രകടിപ്പിച്ചു. “കോഹ്ലിയ്ക്ക് പകരക്കാരനായി ഇരുതാരങ്ങളെയും ടീമിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം എന്നതാണ് എന്റെ അഭിപ്രായം. കാരണം ഇരുവരും അത്ര മികച്ച താരങ്ങളാണ്. അവരുടെ റെക്കോർഡുകൾ പരിശോധിച്ചാൽ തന്നെ അക്കാര്യം നമുക്ക് മനസ്സിലാവും. ട്വന്റി20 ക്രിക്കറ്റിൽ അവിസ്മരണീയ റെക്കോർഡുകളാണ് ഇരുവർക്കുമുള്ളത്. അതിനാൽ തന്നെ ഈ 2 പേരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കുക എന്നത് അതികഠിനമാണ്.”- ഉത്തപ്പ പറയുന്നു.
“എന്നിരുന്നാലും നമ്മൾ സ്ഥിരത നോക്കുകയാണെങ്കിൽ, ഋതുരാജ് അല്പം കൂടി സ്ഥിരതയോടെ കളിക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. അവന്റെ റെക്കോർഡുകൾ സൂചിപ്പിക്കുന്നതും അതുതന്നെയാണ്. അതേസമയം ശുഭ്മാൻ ഗില്ലും വളരെ വ്യത്യസ്തനായ ഒരു താരമാണ്. ടച്ചും പവറും ഒരേസമയം പുറത്തെടുക്കാൻ സാധിക്കുന്ന താരമാണ് ഗിൽ. ഇക്കാരണങ്ങൾ കൊണ്ട് തന്നെ രണ്ടുപേരിൽ ഒരാളെ തിരഞ്ഞെടുക്കുക എന്നത് പ്രയാസകരമാണ്. ഇരുവരും ടീമിൽ കളിക്കട്ടെ എന്നാണ് എന്റെ അഭിപ്രായം. കാരണം ഇരു താരങ്ങളും എല്ലാ ഫോർമാറ്റിലും കളിക്കാൻ സാധിക്കുന്ന താരങ്ങളുമാണ്.”- ഉത്തപ്പ കൂട്ടിച്ചേർത്തു.
എന്നാൽ ഇന്ത്യൻ ടീമിൽ കോഹ്ലിയുടെ പകരക്കാരനായി ഗില്ലിനെയാണ് മുൻ ശ്രീലങ്കൻ താരം റസൽ അർണോൾഡ് തെരഞ്ഞെടുത്തിരിക്കുന്നത്. “കോഹ്ലിക്ക് പകരക്കാരനായി ഗില്ലിനെയാണ് ഞാൻ കാണുന്നത്. കാരണം അത്ര മികവ് പുലർത്താൻ അവന് സാധിക്കുന്നുണ്ട്. കൃത്യമായി ഇന്നിംഗ്സ് ആങ്കർ ചെയ്ത് മുൻപിലേക്ക് കൊണ്ടു പോകാൻ ഗില്ലിന് സാധിക്കും. മാത്രമല്ല ആവശ്യമായ സമയത്ത് ഗിയർ ചേഞ്ച് ചെയ്യാനും അവന് കഴിയും എന്നാണ് ഞാൻ കരുതുന്നത്. മറ്റ് ഇന്ത്യൻ താരങ്ങളെക്കാൾ വ്യത്യസ്തനാണ് ഗിൽ. വ്യത്യസ്ത ഏരിയകളിൽ മികവ് പുലർത്താൻ അവന് സാധിക്കും.”- അർനോൾഡ് പറഞ്ഞു.