സഞ്ജു വേണ്ട, ലോകകപ്പിൽ ആ 2 വിക്കറ്റ് കീപ്പർമാർ കളിക്കണം. ശക്തമായ നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം.

2023ലെ ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിൽ ഇപ്പോഴും സ്ലോട്ടുകൾ ഒഴിഞ്ഞു കിടക്കുകയാണ്. കെഎൽ രാഹുൽ, ശ്രേയസ് അയ്യർ തുടങ്ങിയവർ പരിക്കേറ്റ് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ തുടരുന്നതിനാൽ തന്നെ കൃത്യമായ ബാക്കപ്പുകൾ ഇന്ത്യയ്ക്ക് നിശ്ചയിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിൽ വിക്കറ്റ് കീപ്പർ സ്ഥാനത്താണ് വലിയ വെല്ലുവിളി ഇന്ത്യക്കുള്ളത്.

നിലവിൽ ഇന്ത്യയ്ക്കായി ലൈം ലൈറ്റിലുള്ളത് മൂന്ന് വിക്കറ്റ് കീപ്പർമാരാണ്. കെ എൽ രാഹുൽ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ. കെ എൽ രാഹുൽ പരിക്കിൽ നിന്ന് തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ്. എന്നിരുന്നാലും പൂർണമായി ഫിറ്റ്നസ് നേടാൻ രാഹുലിന് സാധിച്ചിട്ടില്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ മറ്റൊരു വിക്കറ്റ് കീപ്പറെ കൂടി ഇന്ത്യ ലോകകപ്പിനായി കണ്ടുവയ്ക്കേണ്ടതുണ്ട്. ഇതിനെപ്പറ്റിയാണ് മുൻ ഇന്ത്യൻ താരം മദൻ ലാൽ സംസാരിക്കുന്നത്.

ഇന്ത്യ ഏകദിന ലോകകപ്പിനായി രണ്ടു വിക്കറ്റ് കീപ്പർമാരെ തെരഞ്ഞെടുക്കണമെന്നാണ് മദൻ ലാൽ പറയുന്നത്. രാഹുലിനെയും ഇഷാൻ കിഷനെയും ഇന്ത്യ തിരഞ്ഞെടുക്കുന്നതാവും ഉത്തമം എന്നും മദൻ ലാൽ പറയുകയുണ്ടായി.

“ഏതൊക്കെ വിക്കറ്റ് കീപ്പർമാർ ലോകകപ്പിൽ കളിക്കണം എന്നത് വലിയൊരു ചർച്ചാവിഷയം തന്നെയാണ്. രാഹുലിനെ സംബന്ധിച്ച് അയാൾ പരിക്കിൽ നിന്ന് ഭേദമായി വരുന്നതേയുള്ളൂ. അയാൾ മത്സരങ്ങളിൽ കളിച്ചാൽ മാത്രമേ അയാളുടെ ഫോമിനെ സംബന്ധിച്ച് പൂർണമായ വ്യക്തത നമുക്ക് വരൂ. ഇന്ത്യ ലോകകപ്പിനായി രണ്ടു വിക്കറ്റ് കീപ്പർമാരെ അയക്കണമെന്നാണ് എന്റെ അഭിപ്രായം. അത് കെഎൽ രാഹുലും ഇഷാൻ കിഷനുമായിരിക്കണം.”- മദൻ ലാൽ പറഞ്ഞു.

“ഇഷാൻ കിഷൻ സമീപസമയത്ത് മികച്ച പ്രകടനങ്ങൾ തന്നെയാണ് പുറത്തെടുക്കുന്നത്. തന്റേതായ പേര് ടീമിൽ എഴുതി ചേർക്കാൻ കിഷന് സാധിച്ചിട്ടുണ്ട്. രാഹുൽ ഏതുതരത്തിൽ കളിക്കുമെന്നത് നമ്മൾ കണ്ടറിയേണ്ടതാണ്. എന്നെ സംബന്ധിച്ച് കിഷനൊപ്പം രാഹുലിനെ തന്നെയാവും ടീം മാനേജ്മെന്റ് കൂടുതലായി ശ്രദ്ധിക്കുക.”- മദൻ ലാൽ കൂട്ടിച്ചേർക്കുന്നു.

സമീപ സമയത്ത് ഇന്ത്യക്കായി ഏകദിനങ്ങളിൽ വളരെ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇഷാൻ കിഷൻ കാഴ്ച വെച്ചിട്ടുള്ളത്. ബംഗ്ലാദേശിനെതിരെ ഒരു തകർപ്പൻ ഡബിൾ സെഞ്ച്വറി നേടിയായിരുന്നു ഇഷാൻ കിഷൻ ഇന്ത്യക്കായി ഏകദിനങ്ങളിൽ നിറഞാടാൻ തുടങ്ങിയത്. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലേ 3 മത്സരങ്ങളിലും മികവുപുലർത്താൻ ഇഷാന് സാധിച്ചിരുന്നു.

ആദ്യമത്സരത്തിൽ 52 റൺസും, രണ്ടാം മത്സരത്തിൽ 55 റൺസും, മൂന്നാം മത്സരത്തിൽ 77 റൺസുമാണ് ഇഷാൻ കിഷൻ നേടിയത്. ഈ പ്രകടനം ആവർത്തിക്കുകയാണെങ്കിൽ ഇഷാന് ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ സാധിക്കും എന്നതിൽ യാതൊരു സംശയവുമില്ല.