ആദ്യമായി എന്നെ “സ്കൈ” എന്ന് വിളിച്ചത് ഗംഭീറാണ്. കാരണം വെളിപ്പെടുത്തി സൂര്യകുമാർ യാദവ്.

2022ൽ ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ചലനം സൃഷ്ടിച്ച ബാറ്ററാണ് സൂര്യകുമാർ യാദവ്. 2022 ട്വന്റി20 ലോകകപ്പിലടക്കം സൂര്യകുമാർ യാദവ് മികവ് പുലർത്തുകയുണ്ടായി. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുതിർക്കാൻ സാധിക്കും എന്നതായിരുന്നു സൂര്യകുമാർ യാദവിന്റെ പ്രത്യേകത. ഈ മികച്ച പ്രകടനങ്ങൾക്ക് ശേഷം സൂര്യകുമാർ യാദവ് ‘സ്കൈ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. തനിക്ക് ആരാണ് സ്കൈ എന്ന് പേരിട്ടത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യ ഇപ്പോൾ. മുൻ ഇന്ത്യൻ താരം ഗംഭീറാണ് തന്നെ ആദ്യമായി ‘സ്കൈ’ എന്ന് വിളിച്ചത് എന്നാണ് സൂര്യകുമാർ പറയുന്നത്. ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഒരുക്കത്തിന് മുന്നോടിയായി സൂര്യകുമാർ മാധ്യമങ്ങളോട് ഇക്കാര്യം സംസാരിച്ചത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡഴ്സിനായി കളിക്കുന്ന സമയത്താണ് ആദ്യമായി ‘സ്കൈ’ എന്ന പേര് ഗംഭീർ വിളിച്ചത് എന്ന് സൂര്യകുമാർ യാദവ് ഓർക്കുന്നു. “ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിക്കുന്ന സമയത്താണ് ഈ പേര് ആദ്യമായി എനിക്ക് ലഭിച്ചത്. 2014-15 സീസണുകളിലാണ് എന്ന് എനിക്ക് തോന്നുന്നു. അന്ന് ടീമിന്റെ നട്ടെല്ലായ ഗൗതം ഗംഭീറാണ് എനിക്ക് ഈ പേര് സമ്മാനിച്ചത്. സൂര്യകുമാർ യാദവ് എന്ന പേരിന് നീളം കൂടുതലായതിനാൽ തന്നെ വിളിക്കാൻ എളുപ്പത്തിനാണ് അന്ന് അദ്ദേഹം സ്കൈ എന്ന് വിശേഷിപ്പിച്ചത്.”- സൂര്യകുമാർ പറയുന്നു.

ഇതിനൊപ്പം ഇന്ത്യൻ ടീമിലെ തന്റെ പ്രിയപ്പെട്ട സഹതാരങ്ങളെപ്പറ്റിയും സൂര്യകുമാർ സംസാരിക്കുകയുണ്ടായി. “ഇന്ത്യൻ ടീമിൽ എനിക്ക് ഒരുപാട് പ്രിയപ്പെട്ടവരുണ്ട്. ചുറ്റിനും നോക്കിയാൽ എല്ലാവരും എനിക്ക് വേണ്ടപ്പെട്ടവരാണ്. എന്നിരുന്നാലും ഞാൻ കൂടുതൽ സമയം ചിലവഴിക്കാൻ ശ്രമിക്കുന്നത് ഇഷാൻ കിഷൻ, മുഹമ്മദ് സിറാജ്, രവിചന്ദ്രൻ അശ്വിൻ, അക്ഷർ പട്ടേൽ എന്നിവരോടൊപ്പമാണ്. അവരോടൊപ്പം സമയം ചിലവഴിക്കുന്നതിൽ ഞാൻ സന്തോഷം കണ്ടെത്തുന്നുണ്ട്.”- സൂര്യ പറഞ്ഞു.

2022ലെ ട്വന്റി20 മത്സരങ്ങളിൽ മികവാർന്ന പ്രകടനങ്ങളായിരുന്നു സൂര്യകുമാർ കാഴ്ചവച്ചത്. എന്നാൽ പിന്നീട് ഏകദിന ടീമിലേക്ക് എത്തിയപ്പോൾ സൂര്യയ്ക്ക് മികവ് പുലർത്താൻ സാധിച്ചില്ല. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ മൂന്നു മത്സരങ്ങളിൽ ഡക്കായി സൂര്യകുമാർ യാദവ് പുറത്താവുകയുണ്ടായി. ശേഷം ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ചെങ്കിലും മതിയായ അവസരങ്ങൾ സൂര്യയ്ക്ക് വന്നുചേർന്നിരുന്നില്ല. എന്തായാലും വരും മത്സരങ്ങളിൽ ഈ പോരായ്മ ഇല്ലാതാക്കാനാണ് സൂര്യ ശ്രമിക്കുക.

Previous articleഓസ്ട്രേലിയക്ക് ഭീഷണി ആ 2 ഇന്ത്യൻ ബാറ്റർമാർ. മുൻ ഓസീസ് നായകന്റെ വെളിപ്പെടുത്തൽ.
Next articleഗില്ലിനെ സച്ചിനോടും കോഹ്ലിയോടും താരതമ്യം ചെയ്യുന്നത് മണ്ടത്തരം. മുൻ ഇന്ത്യൻ കോച്ചിന്റെ വാക്കുകൾ ഇങ്ങനെ.