ആരാണ് വിഘ്‌നേഷ് പുത്തൂർ? രോഹിതിനും സൂര്യയ്ക്കുമൊപ്പം മുംബൈയിൽ ഇനി വിഘ്‌നേഷും.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഒരു എൻട്രിയായിരുന്നു മലയാളി താരം വിഘ്നേഷ് പുത്തൂരിന്റേത്. ഇതുവരെയും ഇന്ത്യൻ ക്രിക്കറ്റിൽ അധികം ഉയർന്നു കേൾക്കാത്ത പേരാണ് വിഗ്നേഷിന്റേത്.

എന്നാൽ ഐപിഎൽ ലേലത്തിന് പിന്നാലെ വിഘ്നേഷിന്റെ കരിയറിന് വലിയൊരു ബ്രേക്ക് തന്നെയാണ് ലഭിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയാണ് വിഗ്നേഷ് പുത്തൂരിന്റെ സ്ഥലം. കേവലം 23 വയസ് മാത്രമാണ് വിഘ്നേഷ് പുത്തൂരിന് പ്രായം. വലംകൈൻ ബാറ്ററും ഇടങ്കയ്യൻ സ്പിന്നറുമായ ഈ മലയാളി താരത്തെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപക്കാണ് മുംബൈ ഇന്ത്യന്‍സാണ് സ്വന്തമാക്കിയത്.

വിഘ്നേഷിന്റെ പിതാവ് സുനിൽ കുമാർ ഒരു ഓട്ടോ ഡ്രൈവറാണ്. അമ്മ കെപി ബിന്ദു ഗൃഹഭരണവുമായി മുന്നോട്ടുപോകുന്നു. ഒരുപാട് സാമ്പത്തിക പരമായ വെല്ലുവിളികൾ ഈ രക്ഷിതാക്കൾ നേരിട്ടിട്ടുണ്ട്. എന്നാൽ ഈ സമയത്തും തന്റെ മകന്റെ ക്രിക്കറ്റ് ആഗ്രഹങ്ങൾക്ക് വലിയ പിന്തുണ നൽകാൻ മാതാപിതാക്കൾക്ക് സാധിച്ചു.

നിലവിൽ പെരിന്തൽമണ്ണ പിടിഎം ഗവൺമെന്റ് കോളേജിൽ എംഎ ലിറ്ററേച്ചർ വിദ്യാർത്ഥിയാണ് വിഗ്നേഷ് പുത്തൂർ. തന്റെ പഠനവും ക്രിക്കറ്റ് ഉത്തരവാദിത്തങ്ങളും ഒരേപോലെ സന്തുലിതാവസ്ഥയിൽ കൊണ്ടുപോകാൻ വിഘ്നേശിന് സാധിക്കുന്നുണ്ട്.

ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ വലിയ ബ്രേക്ക് ലഭിച്ചതിനുശേഷം വിഗ്നേഷ് പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. “ഞാൻ വീട്ടിൽ ഇരുന്നാണ് ഐപിഎൽ ലേലം കണ്ടത്. ഐപിഎൽ മെഗാ ലേലത്തിലൂടെ ഇത്തരമൊരു അവസരം എനിക്ക് ലഭിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുക എന്നത്.”- വിഗ്നേഷ് പറയുകയുണ്ടായി. ഇന്ത്യൻ പ്രീമിയർ ലീഗിൽ തനിക്ക് പ്രിയപ്പെട്ട ഫ്രാഞ്ചൈസി ഏതാണ് എന്ന ചോദ്യത്തിന് വിഗ്നേഷ് മറുപടിയൊന്നും തന്നെ നൽകാൻ തയ്യാറായില്ല. എന്നാൽ മുംബൈ ഇന്ത്യൻസ് ടീമിലെ തന്റെ ഗുരു സ്ഥാനീയരായ കളിക്കാരെ പറ്റി വിഗ്നേഷ് പുത്തൂർ പറഞ്ഞു.

“രോഹിത് ശർമയും ഹർദിക് പാണ്ഡ്യവുമാണ് മുംബൈ ഇന്ത്യൻസ് ടീമിലെ എന്റെ പ്രിയപ്പെട്ട താരങ്ങൾ. ഈ സൂപ്പർതാരങ്ങൾക്കൊപ്പം ടീമിൽ കളിക്കാൻ സാധിക്കുന്നത് തന്നെ വലിയ സന്തോഷമുള്ള കാര്യമാണ്.”- വിഘ്നേഷ് കൂട്ടിച്ചേർക്കുകയുണ്ടായി. ഐപിഎല്ലിൽ തനിക്ക് ഇങ്ങനെയൊരു അവസരം ലഭിക്കാൻ പ്രധാന കാരണമായി മാറിയത് കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന സീസണാണ് എന്ന് വിഗ്നേഷ് പറഞ്ഞു. ആലപ്പി റിപ്പിൽസ് ടീമിനായി ആയിരുന്നു ടൂർണമെന്റിൽ വിഗ്നേഷ് കളിച്ചത്. ആലപ്പിക്കായി കളിച്ച 3 മത്സരങ്ങളിൽ 2 വിക്കറ്റുകൾ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ ബാറ്റിംഗിൽ വിഗ്നേഷിന് വേണ്ട രീതിയിൽ അവസരം ലഭിച്ചിരുന്നില്ല.

Previous article“എന്റെ ജീവിതമാണ് എനിക്ക് ആത്മവിശ്വാസം നൽകുന്നത്. ഏത് മോശം അവസ്ഥയിൽ നിന്നും തിരിച്ചുവരും”- ജയ്സ്വാൾ
Next articleഅവന്റെ വിഷമം കാണാൻ വയ്യ. 24 കോടിക്ക് വെങ്കിടേഷിനെ സ്വന്തമാക്കാനുള്ള കാരണം ഇതാണ്.