ഹൈദരാബാദ് ബാറ്റിംഗ് നിരയുടെ കൊമ്പൊടിച്ച വൈഭവ് അറോറ ആര്? തുടക്കം പഞ്ചാബിൽ നിന്ന്.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ കൊൽക്കത്തയുടെ മത്സരത്തിൽ തകർപ്പൻ ബോളിംഗ് പ്രകടനമായിരുന്നു യുവതാരം വൈഭവ് അറോറ കാഴ്ചവച്ചത്. ഐപിഎല്ലിലെ ഏറ്റവും അപകടകാരിയായ ബാറ്റിംഗ് നിരക്കെതിരെ തന്റേതായ തന്ത്രങ്ങൾ പ്രയോഗിച്ച് മത്സരത്തിൽ ടീമിന് വിജയം നേടിക്കൊടുക്കാൻ അറോറയ്ക്ക് സാധിച്ചു.

മത്സരത്തിൽ നിർണായകമായ 3 വിക്കറ്റുകളായിരുന്നു അറോറ സ്വന്തമാക്കിയത്. അപകടകാരിയായ ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, ക്ലാസൻ എന്നിവരുടെ വിക്കറ്റുകൾ മത്സരത്തിൽ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. ഇതോടെ 80 റൺസിന്റെ കൂറ്റൻ വിജയം കൊൽക്കത്തയ്ക്ക് ലഭിച്ചു. ആരാണ് വൈഭവ് അറോറ എന്ന് നോക്കാം.

1997ൽ ഹരിയാനയിൽ ജനിച്ച വൈഭവ് തന്റെ ആഭ്യന്തര ക്രിക്കറ്റ് ആരംഭിച്ചത് ഹിമാചൽ പ്രദേശ് ടീമിന് വേണ്ടിയായിരുന്നു. 2019ലാണ് അറോറ തന്റെ രഞ്ജിട്രോഫി സാന്നിധ്യം ആദ്യമായി അറിയിച്ചത്. സൗരാഷ്ട്രയ്ക്കെതിരായ മത്സരത്തിൽ അരങ്ങേറ്റം കുറിക്കാൻ താരത്തിന് സാധിച്ചു. ശേഷം 2021ൽ സൈദ് മുഷ്തഖ്‌ അലി ട്രോഫി ടൂർണമെന്റിൽ ചത്തീസ്ഗഡിനെതിരെ ട്വന്റി20 അരങ്ങേറ്റവും അറോറ കുറിക്കുകയുണ്ടായി. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനങ്ങളായിരുന്നു അറോറയിലേക്ക് ഐപിഎൽ ഫ്രാഞ്ചൈസികളെ അടുപ്പിച്ചത്. 2022- 2023ലെ രഞ്ജി ട്രോഫി സീസണിൽ ഹിമാചൽപ്രദേശിനായി ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കുന്ന താരമായി അറോറ മാറി. 7 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റുകളായിരുന്നു താരം ടൂർണമെന്റിൽ നേടിയത്.

ഈ വമ്പൻ പ്രകടനങ്ങൾക്ക് ശേഷമാണ് അറോറയ്ക്ക് ഐപിഎല്ലിൽ നിന്ന് വിളി വരുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ അറോറയുമായി ബന്ധപ്പെടുകയും ട്രയൽസിനായി ക്ഷണിക്കുകയും ചെയ്തു. അങ്ങനെ 2021 ഐപിഎൽ മിനി ലേലത്തിൽ 20 ലക്ഷം രൂപയ്ക്ക് കൊൽക്കത്ത അറോറയെ സ്വന്തമാക്കുകയായിരുന്നു. എന്നാൽ 2022ൽ പഞ്ചാബ് ടീമിനായാണ് അറോറ തന്റെ ഐപിഎൽ അരങ്ങേറ്റം കുറിച്ചത്. സീസണിൽ 5 മത്സരങ്ങൾ പഞ്ചാബിനായി കളിക്കാൻ താരത്തിന് സാധിച്ചിരുന്നു.

ശേഷം 2025 ഐപിഎല്ലിൽ ഇതുവരെ വളരെ മികച്ച പ്രകടനങ്ങളാണ് താരം കാഴ്ചവെച്ചിട്ടുള്ളത്. 1.8 കോടി രൂപയ്ക്ക് ആയിരുന്നു കൊൽക്കത്ത 2025 ഐപിഎല്ലിൽ അറോറയെ സ്വന്തമാക്കിയത്. ഇതുവരെ 3 മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റുകൾ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. ഹൈദരാബാദിനെതിരെ 3 വിക്കറ്റുകൾ സ്വന്തമാക്കിയ അറോറ ബാംഗ്ലൂരിനെതിരെയും രാജസ്ഥാനെതിരേയും വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. എന്തായാലും മികച്ച തുടക്കം തന്നെയാണ് ഈ യുവതാരത്തിന് 2025 ഐപിഎല്ലിൽ ലഭിച്ചിരിക്കുന്നത്. കൊൽക്കത്തയെ സംബന്ധിച്ച് അറോറയുടെ പ്രകടനം വളരെ നിർണായകമാണ്.