2023 ഇന്ത്യൻ പ്രീമിയർ ലീഗ് പുരോഗമിക്കുകയാണ്. ആദ്യ മത്സരങ്ങളിൽ തന്നെ വമ്പൻ താരങ്ങളൊക്കെയും മികവാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. വിരാട് കോഹ്ലിയും മഹേന്ദ്ര സിംഗ് ധോണിയും ഒക്കെ ടൂർണമെന്റിന്റെ ശോഭയായി തന്നെ നിലനിൽക്കുന്നു. എല്ലാ ടീമുകളും ഒന്നിനൊന്നു മെച്ചമായതിനാൽ തന്നെ പല മത്സരങ്ങളും അവസാന ബോളിലാണ് പൂർത്തിയാകാറുള്ളത്. നിലവിൽ ഋതുരാജ് ഗൈക്വാട്, വിരാട് കോഹ്ലി, ഡുപ്ലസി തുടങ്ങിയവരൊക്കെയും ഈ ഐപിഎല്ലിൽ മികച്ച ബാറ്റിംഗ് പുറത്തെടുത്തിട്ടുണ്ട്. എന്നാൽ ഐപിഎല്ലിലെ മികച്ച ബാറ്റർ ഇവരാരുമല്ല എന്നാണ് ഇന്ത്യൻ താരം ഹർഭജൻ സിംഗ് പറയുന്നത്. രാജസ്ഥാൻ ഓപ്പണർ ജോസ് ബട്ലറാണ് താൻ കണ്ട ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റർ എന്ന് ഹർഭജൻ പറയുന്നു.
“ബട്ലറിനെ കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല. നിലവിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് ബട്ലർ. അദ്ദേഹത്തിന്റെ സാങ്കേതികത അപാരം തന്നെയാണ്. മാത്രമല്ല മികച്ച രീതിയിൽ ക്രീസിനെ ഉപയോഗിക്കാനും ബട്ലർക്ക് അറിയാം. നല്ല ഫുട്ട് മൂവ്മെന്റുകളാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഭംഗി. നിലവിൽ പേസിനെയും സ്പിന്നിനേയും ഒരുപോലെ നേരിടാൻ ബട്ലർക്ക് സാധിക്കുന്നുണ്ട്. ഏതു സാഹചര്യത്തിലും അയാൾ ഒരു ഉത്തമനായ ബാറ്ററാണ്.”- ഹർഭജൻ സിംഗ് പറയുന്നു.
കഴിഞ്ഞ ഐപിഎൽ സീസണിലൂടനീളം മികവാർന്ന പ്രകടനമായിരുന്നു ജോസ് ബട്ലർ കാഴ്ചവെച്ചത്. കഴിഞ്ഞ സീസണിൽ 863 റൺസാണ് ബട്ലർ രാജസ്ഥാനായി അടിച്ചുകൂട്ടിയത്. ഇതോടെ 2022ലെ ഓറഞ്ച് ക്യാപ്പും ബട്ലറെ തേടിയെത്തിയിരുന്നു. ഈ സീസണിലും മികവാർന്ന പ്രകടനങ്ങളോടെയാണ് ബട്ലർ ആരംഭിച്ചിരിക്കുന്നത്. ഇതുവരെ കളിച്ച നാലു മത്സരങ്ങളിൽ നിന്ന് രാജസ്ഥാനായി 204 റൺസാണ് ബട്ലർ നേടിയിട്ടുള്ളത്. ഈ നാലു മത്സരങ്ങളിൽ മൂന്നെണ്ണത്തിനും ബട്ലർക്ക് അർദ്ധസെഞ്ച്വറി പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ട്.
2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ 51 റൺസ് ആണ് ബട്ലറുടെ ശരാശരി. മാത്രമല്ല 170 സ്ട്രൈക്ക് റേറ്റിൽ കളിക്കാനും ബട്ലർക്ക് സാധിക്കുന്നുണ്ട്. നിലവിൽ 2023 ഐപിലെ റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് ബട്ലർ നിൽക്കുന്നത്. പക്ഷേ നാലു മത്സരങ്ങൾ പൂർത്തീകരിക്കുമ്പോൾ 3 മത്സരങ്ങൾ ടീമിനെ വിജയിപ്പിക്കാൻ ബട്ലർക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ പോയിന്റ്സ് ടേബിളിൽ ഒന്നാംസ്ഥാനത്താണ് രാജസ്ഥാൻ റോയൽസ് ടീം. ഇതുവരെ ഐപിഎല്ലിൽ 86 മത്സരങ്ങൾ കളിച്ചിട്ടുള്ള ബട്ലർ 3035 റൺസ് ആണ് നേടിയിട്ടുള്ളത്.