ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആര്? വെളിപ്പെടുത്തി ഗൗതം ഗംഭീർ.

2025 ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യൻ ടീമിന്റെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറെ വെളിപ്പെടുത്തി ഹെഡ് കോച്ച് ഗൗതം ഗംഭീർ. ഇംഗ്ലണ്ടിനെതിരായ 3 ഏകദിന മത്സരങ്ങളിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളിച്ച കെഎൽ രാഹുൽ ചാമ്പ്യൻസ് ട്രോഫിയിലും ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറാവും എന്നാണ് ഗംഭീർ തുറന്നു പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് സൈഡ് ബഞ്ചില്‍ തന്നെ തുടരുമെന്ന കാര്യവും ഉറപ്പായിട്ടുണ്ട്. സമീപകാലത്ത് ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ ആയിരുന്നു രാഹുൽ കാഴ്ചവച്ചിരുന്നത്. ഇതിന് ശേഷമാണ് ഇത്തരമൊരു വെളിപ്പെടുത്തൽ ഗംഭീർ നടത്തിയത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ശേഷമാണ് ഗംഭീർ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ഒരുപാട് നിലവാരമുള്ള ടീമാണ് ഇന്ത്യയ്ക്ക് ഉള്ളതെന്നും, അതിനാൽ 2 വിക്കറ്റ് കീപ്പർമാരെ ഒരേ സമയത്ത് കളിപ്പിക്കാൻ സാധ്യമല്ല എന്നും ഗംഭീർ പറഞ്ഞു. അതുകൊണ്ടു തന്നെ ഋഷഭ് പന്ത് തന്റെ അവസരത്തിനായി കാത്തിരിക്കണം എന്നാണ് ഗംഭീർ ചൂണ്ടിക്കാട്ടിയത്. നിലവിലെ സാഹചര്യത്തിൽ ഒന്നാം വിക്കറ്റ് കീപ്പറായി രാഹുലിനെ തന്നെയാണ് തങ്ങൾ കാണുന്നത് എന്ന് ഗംഭീർ തുറന്നു പറയുകയുണ്ടായി.

“നിലവിലെ സാഹചര്യത്തിൽ ഞങ്ങളുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ കെഎൽ രാഹുൽ തന്നെയാണ്. ഞങ്ങൾക്കായി മികച്ച പ്രകടനങ്ങൾ സമീപകാലത്ത് അവൻ കാഴ്ചവെച്ചിട്ടുണ്ട്. നമ്മുടെ സ്ക്വാഡിൽ 2 വിക്കറ്റ് കീപ്പർമാർ ഉൾപ്പെടുന്നുണ്ടെങ്കിൽ നമുക്ക് രണ്ടുപേരെയും ഒരേസമയം ടീമിൽ കളിപ്പിക്കാൻ സാധിക്കില്ല. കാരണം അത്രമാത്രം നിലവാരമുള്ള ടീമാണ് നമ്മളുടെത്. എന്തായാലും അവസരങ്ങൾ ലഭിക്കുമ്പോൾ പന്ത് അതിനായി തയ്യാറായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. അത് മാത്രമാണ് ഈ സമയത്ത് എനിക്കിപ്പോൾ പറയാൻ സാധിക്കുക. നിലവിലെ സാഹചര്യത്തിൽ രാഹുലിനെ വെച്ചാണ് നമ്മൾ ടൂർണമെന്റ് ആരംഭിക്കുന്നത്.”- ഗംഭീർ പറഞ്ഞു.

2023 ഏകദിന ലോകകപ്പിൽ പന്തിന്റെ അഭാവത്തിൽ രാഹുൽ തന്നെയായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളിച്ചിരുന്നത്. പരമ്പരയിലുടനീളം വിക്കറ്റിന് പിന്നിലും ബാറ്റിങ്ങിലും തിളങ്ങാൻ രാഹുലിന് സാധിച്ചിരുന്നു. 5ആം നമ്പറിൽ ഇന്ത്യയുടെ കരുത്തായി രാഹുൽ 2023 ഏകദിന ലോകകപ്പിൽ കളിക്കുകയുണ്ടായി. ഇതിന് ശേഷം ചാമ്പ്യൻസ് ട്രോഫിയിലും താരം മികവ് പുലർത്തണമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ചാമ്പ്യൻസ് ട്രോഫി മത്സരം നടക്കുന്നത്.