ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ ആരാണ് എന്ന് ചോദ്യം നിലനില്‍ക്കുന്നുണ്ട്. പലരും ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് ആണ് ടെസ്റ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ എന്ന് പറയുന്നു. എന്നാൽ സ്റ്റോക്സിനെ വെട്ടിക്കുന്ന റെക്കോർഡുകളാണ് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്കുള്ളത് എന്ന് പലർക്കും അറിയില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വലിയൊരു ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ ജഡേജയുടെ കണക്കുകൾ നമുക്ക് പരിശോധിക്കാം.
2018ന് ശേഷം ഇതുവരെയുള്ള കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ രവീന്ദ്ര ജഡേജ തന്നെയാണ് എല്ലായിടത്തും സ്റ്റോക്സിനെക്കാൾ മുൻപിൽ ഉള്ളത്. 2018 ന് ശേഷം 40ന് മുകളിൽ ബാറ്റിംഗ് ശരാശരിയും, 50 നു മുകളിൽ വിക്കറ്റുകളും നേടിയിട്ടുമുള്ള ലോകക്രിക്കറ്റിലെ ഏകതാരമാണ് രവീന്ദ്ര ജഡേജ. 2018 ന് ശേഷം ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് മാത്രമായി 1404 റൺസാണ് ജഡേജ നേടിയിട്ടുള്ളത്. ഒപ്പം 82 വിക്കറ്റുകളും ജഡേജ സ്വന്തമാക്കുകയുണ്ടായി. ഇതേസമയം സ്റ്റോക്ക്സ് 3173 റൺസും 98 വിക്കറ്റുകളും നേടിയിട്ടുണ്ട്.
എന്നാൽ ശരാശരികളുടെ കണക്കിലേക്ക് വരുമ്പോൾ ജഡേജയെക്കാൾ ഒരുപാട് പിന്നിൽ തന്നെയാണ് സ്റ്റോക്ക്സ് നിലകൊള്ളുന്നത്. ജഡേജയുടെ ബാറ്റിംഗ് ശരാശരി 48.41 റൺസ് ആണ്. സ്റ്റോക്സിന്റേത് 36.47. ജഡേജയുടെ ബോളിംഗ് ശരാശരി 25.73 റൺസ് ആണ്. സ്റ്റോക്സിന്റേത് 30.11. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് കഴിഞ്ഞ കാലങ്ങളിൽ ജഡേജ തന്നെയാണ് സ്റ്റോക്സിനെക്കാൾ എന്തുകൊണ്ടും മികവു കാട്ടിയത് എന്ന് തന്നെയാണ്.
ഓസീസിനെതിരായ നാഗ്പൂർ ടെസ്റ്റിലും റെക്കോർഡുകളുടെ എണ്ണം കൂട്ടുകയാണ് ജഡേജ. ടെസ്റ്റിന്റെ ആദ്യ രണ്ടു ദിവസങ്ങളിൽ തന്നെ ജഡേജ മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും മിന്നുന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇന്ത്യക്കായി ഇതുവരെ 5 വിക്കറ്റുകളും 66 റൺസും ജഡേജ നേടിയിട്ടുണ്ട്.